ഗാന്ധിജിയുടെയും മദർ തെരേസയുടെയും സഹായംകൊണ്ട് തിരുവനന്തപുരം വട്ടവിളയിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം. വഴിയരുകിൽ മാലിന്യം തള്ളുന്നതിനെതിരെ തുടർച്ചയായി പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാതെ വന്നതോടെ മഹാത്മാക്കളുടെ ചിത്രം സ്ഥാപിക്കാൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ സ്ഥലത്തെ മാലിന്യംതള്ളലും അവസാനിച്ചു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി.അഗതികളുടെ അമ്മ മദർ തെരേസ. ഇവരിരുവരും മാസങ്ങളായി വട്ടവിളയിലെ റോഡരികിലുണ്ട്. അവർക്ക് കൂട്ടായി പൂക്കളും വൃത്തിയായ പരിസരവും. എന്നാൽ ഒരിക്കലിവിടമൊരു മാലിന്യക്കൂമ്പാരമായിരുന്നു. മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പു ബോർഡുകളും പിന്നാലെ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുട്ടിന്റെ മറവുപറ്റി ആളുകൾ അതിനുമുകളിലേക്കും മാലിന്യം വലിച്ചെറിയുന്നത് തുടർന്നു.
ഒടുവിൽ നാട്ടുകാര്‍ ചേർന്ന് പരീക്ഷണാർഥം ഗാന്ധിജിയുയുടെയും മദർ തെരേസയുടെയും ചിത്രങ്ങൾ അവിടെ സ്ഥാപിച്ചു. വെള്ളക്കാരന്റെ മുന്നിൽ തലകുനിക്കാത്ത രാഷ്ട്രപിതാവിന്റെയും ,കരുണയുടെ പ്രതിരൂപമായ വിശുദ്ധയുടെയും മുഖത്തേയ്ക്ക് പിന്നീടാരും മാലിന്യമെറിയാൻ മുതിർന്നില്ല.
എന്റെ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി മാലിന്യം തൂക്കി നൽകുവാൻ വേണ്ട സൗകര്യവും നഗരസഭ ഇവിടെത്തന്നെ ആരംഭിച്ചു.