പൂരരാവിന് വർണം ചാർത്തി തൃശൂരിൽ വെടിക്കെട്ട്. നിയന്ത്രണങ്ങൾക്കിടയിൽ നടത്തിയിട്ടും തൃശൂർ പൂരത്തിന് മാറ്റ് കുറഞ്ഞില്ല. സ്വരാജ് റൗണ്ട് നിറഞ്ഞ് കാണികളുമെത്തിയതോടെ വെടിക്കെട്ടിന് ചൊല്ലിയുയർന്ന ആശങ്കകൾ ആവേശത്തിന് വഴിമാറി. കുടമാറ്റത്തിന്റെ വർണക്കാഴ്ച മനസിൽ നിന്ന് മായും മുമ്പേ പൂരപ്പറമ്പിന് മുകളിൽ നിറച്ചാർത്തൊരുങ്ങി.
ആദ്യം തിരികൊളുത്തിയ തിരുവമ്പാടി ഗുണ്ടും കുഴിമിന്നലും ചേർത്ത് കൂട്ടപ്പൊരിച്ചിൽ കേമമാക്കി. പിന്നാലെയെത്തിയ പാറമേക്കാവും പിന്നോട്ട് പോയില്ല.
അമിട്ടുകൾ കൊണ്ട് ആകാശത്ത് വർണത്തിരകളൊരുക്കി പിന്നീട് ഇരുവരും മൽസരിച്ചു.
എക്സ്പ്ളോസീവ് വിഭാഗത്തിന്റെ കർശന നിയന്ത്രണങ്ങൾക്കിടയിലെ വെടിക്കെട്ടായതിനാൽ ഡൈനാമിറ്റ് ഉപയോഗിച്ചില്ല. കുടമാറ്റവും മേളവും ആസ്വദിക്കാനെത്തിയ അതേ ജനസഞ്ചയം വെടിക്കെട്ടിനായി ഉറക്കമളച്ചും കാത്തിരുന്നു.