ഭൂമിയിലെ 750 കോടി ജനങ്ങളുടെയും വിവരശേഖരണം പൂർത്തിയാക്കി ഫെയ്സ് ബുക്. രാജ്യങ്ങളിലെ സെൻസസ് ഡേറ്റ, ഉപഗ്രഹ ദൃശ്യങ്ങൾ, തങ്ങളുടെ തന്നെ ഇമേജ് തിരിച്ചറിയൽ നെറ്റ്‌വർക് എന്നിവയുടെ സഹായത്തോടെയാണ് മാലോകരുടെയെല്ലാം മാപ്പിങ് പൂർത്തിയാക്കിയതെന്ന് ഫെയ്സ്ബുക്കിന്റെ ഗവേഷണ വിഭാഗം പറയുന്നു. ലോകത്ത് എമ്പാടും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് പദ്ധതി എന്നാണ് കമ്പനിയുടെ അവകാശവാദം.
ലോകത്തെമ്പാടുമുള്ള മനുഷ്യനിർമിതികളായ എടുപ്പുകളെയെല്ലാം കണ്ടെത്താൻ ഫെയ്സ്ബുക്കിന് ഇതിലൂടെ കഴിയുന്നു. ലോകത്ത് നിലവിൽ ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും മോശം കണക്റ്റിവിറ്റി കാരണം ഇന്റർനെറ്റ് നിഷേധിക്കപ്പെടുന്നവർക്കും വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ ലഭ്യമാക്കുകയാണ് മാപ്പിങ് ടെക്നോളജിയിലൂടെ ലക്ഷ്യമിടുന്നതെന്നു ഫെയ്സ്ബുക്കിന്റെ സ്ട്രാറ്റജിക് ഇന്നവേഷൻ പാർട്നർഷിപ്പ് ആൻഡ് സോഴ്സിങ് വിഭാഗം മേധാവി ജന്നാ ലൂയിസ് പറഞ്ഞു.
ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാൻ ഭൗമോപരിതല നെറ്റ്‌വർക്കുകൾക്കു പുറമെ ഉപഗ്രഹങ്ങളും ഡ്രോണുകളും ഉപയോഗിക്കാനാണ് തീരുമാനം. ഭൂമിയുടെ അന്തരീക്ഷത്തിലും ബഹിരാകാശത്തും ഉള്ളവരെക്കൂടി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം–സ്പേസ് ടെക്നോളജി ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫോറം യോഗത്തിൽ ജന ലൂയിസ് പറഞ്ഞു. വാണിജ്യ ആവശ്യങ്ങൾക്കുള്ള ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് കുറയുന്നില്ല എന്നത് വസ്തുതയാണെങ്കിലും ഇന്റർനെറ്റ് സേവനമെത്തിക്കാനുള്ള ബഹിരാകാശ സംവിധാനങ്ങളുമായി ഫെയ്സ്ബുക് മുന്നോട്ടു പോകുകയാണ്.
തങ്ങളുടെ ഗവേഷണത്തിൽ കണ്ടെത്തിയ ചില വിവരങ്ങൾ ഫെയ്സ്ബുക്കിന്റെ കണക്ടിവിറ്റി ലാബ് പുറത്തു വിട്ടിട്ടുണ്ട്. 23 രാജ്യങ്ങളിലെ മാപ്പിങ് ഡേറ്റ അനുസരിച്ച് ആ മേഖലയിലെ 99% ജനങ്ങളും അവിടങ്ങളിലെ നഗരങ്ങളുടെ 63 കിലോമീറ്റർ പരിധിയിൽ ജീവിക്കുന്നു. ചുരുക്കത്തിൽ 63 കിലോമീറ്റർ പരിധിയിൽ വേഗമേറിയ ഇന്റർനെറ്റ് കണക്ടിവിറ്റി ഏർപ്പെടുത്താനായാൽ ഈ രാജ്യങ്ങളിലെ 99% ജനസംഖ്യയെയും ഇന്റർനെറ്റുമായി ബന്ധിപ്പിക്കാം എന്നാണ് ഫെയ്സ്ബുക്കിന്റെ കണക്കുകൂട്ടൽ.