ഫെയ്സ്ബുക്കില്‍ നിങ്ങളറിയാതെ നിങ്ങളെ ഒളിഞ്ഞുനോക്കുകയും പിന്തുടരുകയും ചെയ്യുന്നവരുണ്ടാകാം. അവരാരാണെന്ന് അറിയാനാവുമോ? അതെ, അതിനുളള വഴിയുണ്ടെന്നാണ് അടുത്തിടെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പോസ്റ്റില്‍ പറയുന്നത്. ഒളിഞ്ഞുനോട്ടക്കാരെ പിടികൂടാനുളള വഴിയെന്ന് പറഞ്ഞ്് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്ന ആ പോസ്റ്റ് തികച്ചും തെറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോസ്റ്റില്‍ പറയുന്നതിങ്ങനെ ഫെയ്സ്ബുക്കില്‍ സെറ്റിംഗ്സില്‍ കയറിയിട്ട് ഇടതുവശത്തുളള ബ്ലോക്കിംഗില്‍ ക്ലിക്ക് ചെയ്ത് ബ്ലോക്ക്ഡ് യൂസേഴ്‌സ് നോക്കുക. അതില്‍ സേര്‍ച്ച് ബാറില്‍ ഫോളോയിംഗ് മി എന്ന് ടൈപ്പ് ചെയ്താല്‍ നിങ്ങളെ രഹസ്യമായി പിന്തുടരുന്നവരെ കാണാനാകും. മാത്രമല്ല അവരെ നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാനുളള ഓപ്ഷനുമുണ്ടെന്നാണ് പോസ്റ്റില്‍ ചൂണ്ടിക്കാണിക്കുന്നത്. ഒരാളെ മാത്രമേ ഒരു സമയം ബ്ലോക്ക് ചെയ്യാനാകൂ.
അതേസമയം, ഇത് ശരിയല്ലെന്ന് വാദിക്കുന്നവരും കുറവല്ല. 'ഫോളോയിംഗ്', 'മി' എന്നീ വാക്കുകള്‍ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തിയ ആളുകളുടെ അക്കൗണ്ടുകളാണ് ഇതില്‍ കാണിക്കുന്നത്. അവര്‍ യഥാര്‍ഥത്തില്‍ രഹസ്യമായി നിങ്ങളെ പിന്തുടരുന്നവരല്ലെന്നാണ് മറു വിഭാഗം വ്യക്തമാക്കുന്നത്. പോസ്റ്റ് തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും അവര്‍ പറയുന്നു.
ഈ വര്‍ഷം ആദ്യം ഫെയ്സ്ബുക്കുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പ്രചരണം ഇറങ്ങിയിരുന്നു. വ്യക്തിഗത അക്കൗണ്ടുകളെ പരിശോധിക്കാന്‍ ഫെയ്‌സ്ബുക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിച്ചതായാണ് വാര്‍ത്തയുണ്ടായിരുന്നത്. അത് തെറ്റാണെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു.