മനുഷ്യ നിര്‍മിത കൃത്രിമ ബുദ്ധിയുള്ള യന്ത്രങ്ങള്‍ ദൈവമെന്ന ചിന്തക്ക് പോലും പകരമാകുമെന്ന് എഴുത്തുകാരന്‍ ഡാന്‍ ബ്രൗണ്‍. കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വഴി നിര്‍മിക്കപ്പെടുന്ന പൊതു ബോധമായിരിക്കും ദൈവത്തിനും മതങ്ങള്‍ക്കും പകരക്കാരനാകുകയെന്നാണ് ഡാന്‍ ബ്രൗണ്‍ പറയുന്നത്. തന്റെ പുതിയ നോവലായ 'ഒറിജിന്‍' ന്റെ പ്രചരണത്തിന്റെ ഭാഗമായുള്ള പരിപാടിക്കിടെയാണ് ബ്രൗണിന്റെ പ്രകോപനപരമായ പ്രതികരണം. ഡാവിഞ്ചി കോഡ് എന്ന പേരില്‍ ഡാന്‍ ബ്രൗണ്‍ നേരത്തെ എഴുതിയ നോവല്‍ വന്‍ ഹിറ്റായിരുന്നു. ഇതിന്റെ സിനിമാ പതിപ്പും ഹോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. ശാസ്ത്രത്തെ അതിജീവിക്കാന്‍ ദൈവത്തിനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് ഒറിജിന്‍ എന്ന നോവല്‍ ഡാന്‍ ബ്രൗണ്‍ രചിച്ചിരിക്കുന്നത്.
സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങള്‍ ദൈവികത എന്ന സങ്കല്‍പ്പത്തെ തന്നെ മാറ്റുമെന്നാണ് 53കാരനായ ബ്രൗണ്‍ കരുതുന്നത്. നമുക്ക് മുകളിലിരുന്ന് നമ്മുടെ പ്രവൃത്തികളെ വിലയിരുത്തുന്ന ഒരു 'ദൈവത്തെ' അധികകാലത്തേക്ക് ആവശ്യമുണ്ടാകില്ല. അത് വൈകാതെ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുമെന്നും അമേരിക്കന്‍ നോവലിസ്റ്റായ ബ്രൗണ്‍ പറയുന്നു.
ലാങ്ടണ്‍ എന്ന കോടീശ്വരന്‍ സ്‌പെയിനിലെ ബില്‍ബാവോയിലുള്ള കണ്ണിംങ്ഹാം മ്യൂസിയത്തിലെത്തുന്നതോടെയാണ് 'ഒറിജിന്‍' ആരംഭിക്കുന്നത്. സ്‌പെയിനിലെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ലാങ്ടണ്‍ തീരുമാനിക്കുന്നതോടെ കാര്യങ്ങള്‍ അതിവേഗത്തില്‍ മാറി മറിയുന്നു. സ്‌പെയിനിന്റെ വടക്കന്‍ പ്രദേശത്തിന്റെ തലസ്ഥാനമായ ബാഴ്‌സലോണയിലെത്തുമ്പോഴേക്കും രാജ്യം അഭിമുഖീകരിക്കുന്ന ഭിന്നിപ്പിന്റെ രൂക്ഷത നോവല്‍ വെളിവാക്കുന്നു. സ്‌പെയിനിലെ സെവില്ലയില്‍ കലാ ചരിത്രം പഠിച്ചിട്ടുള്ളയാളാണ് ബ്രൗണ്‍. കാറ്റലോണിയയോടും സ്‌പെയിനിനോടുമുള്ള തന്റെ ആഭിമുഖ്യവും ഇരു ഭാഗത്തോടുമുള്ള പരിഗണനയും അദ്ദേഹം നോവലിലും വ്യക്തമാക്കുന്നുണ്ട്. എനിക്ക് കാറ്റലോണിയയേയും സ്‌പെയിനിനേയും ഒരുപോലെ ഇഷ്ടമാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഹൃദയഭേദകമായ സാഹചര്യമാണ് നിലവിലുള്ളത്. പഴമയും പുതുമയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രതിഫലനവും പ്രതിസന്ധിയെ കൂട്ടുന്നുവെന്ന് ഡാന്‍ ബ്രൗണ്‍ പറയുന്നു.
56 ഭാഷകളിലായി 20 കോടി പുസ്തകങ്ങള്‍ വിറ്റിട്ടുള്ള എഴുത്തുകാരനാണ് ഡാന്‍ ബ്രൗണ്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ഒരു പുസ്തകം പോലും വായിച്ചിട്ടില്ലെന്നാണ് ബ്രൗണ്‍ വെളിപ്പെടുത്തിയത്. പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു താനെന്നും ബ്രൗണ്‍ പറയുന്നു. ''നമ്മുടെ മതങ്ങള്‍ തമ്മില്‍ വൈരുധ്യത്തേക്കാള്‍ കൂടുതല്‍ സാമ്യതയാണുള്ളത്. ക്രിസ്തു മതവും ജൂദമതവും ഇസ്ലാം മതവുമെല്ലാം തമ്മില്‍ നിരവധി സാമ്യതകളുണ്ട്. ഇക്കാര്യം നമ്മള്‍ സമ്മതിച്ചേ മതിയാകൂ' എന്നും ബ്രൗണ്‍ കൂട്ടിച്ചേര്‍ക്കുന്നു.