ഒരു പാട്ടിലെന്തിരിക്കുന്നു? ഒരുപാടു സ്വർണമിരിക്കുന്നു എന്നു പറയേണ്ടി വരും. ജിമിക്കിക്കമ്മൽ പാട്ടും അതിന്റെ ചിത്രീകരണവുമായി പലതരം ഡാൻസുകളും ഹിറ്റായതോടെ സ്വർണക്കടകൾക്കു സുവർണകാലമായിരിക്കുന്നു. പണി തീർത്തു പുറത്തെടുക്കുംമുൻപേ ജിമിക്കി ക്കമ്മലുകൾ ചൂടപ്പം പോലെയാണു വിറ്റഴിയുന്നത്.
കന്നിമാസമാകയാൽ ഇപ്പോൾ വിവാഹ സീസണല്ല. അതുകൊണ്ടു മാന്ദ്യകാലമായിരുന്നു സ്വർണ ബിസിനസിൽ. ജിമിക്കിക്കമ്മൽ വന്നതോടെ ആശ്വാസമായി. വൻകിടക്കാർ മുതൽ തീരെച്ചെറിയ കടക്കാർ വരെ ജിമിക്കിക്കമ്മലുകൾ ഓർഡർ നൽകി ശേഖരിക്കുന്നു. സ്വന്തം പണിശാലകളിൽ ജിമിക്കിക്കമ്മൽ പണിയുന്നു. ഒരു ജോഡിക്ക് രണ്ടു ഗ്രാം മുതൽ ആറു ഗ്രാം സ്വർണം വരെയുള്ള കമ്മലുകൾക്കാണു ഡിമാൻഡ്. ഗ്രാമിന് 2800 രൂപ നിരക്കിൽ പണിക്കൂലിയും ചേർത്ത് 7000 രൂപ മുതൽ 21,000 രൂപ വരെ വിലവരും.
കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും ജിമിക്കിക്കമ്മൽ ഫാഷൻ പടർന്നു പിടിച്ചിട്ടുണ്ട്. ഏറെക്കാലമായി ഫാഷനല്ലാതിരുന്നതിനാൽ ജിമിക്കികൾ കാര്യമായി സ്വർണക്കടകൾ ശേഖരിച്ചിരുന്നില്ല. വിവാഹത്തിനു സ്വർണം എടുക്കുന്നവർ മാത്രമാണ് ഇവയും വാങ്ങിയിരുന്നത്. എന്നാൽ, ഇപ്പോൾ ഡിമാൻഡിന് വിവാഹവുമായി ബന്ധമില്ല. ജിമിക്കി മാത്രമായി വാങ്ങാൻ വരുന്നത് യുവതലമുറയാണ്.
കല്ലുവച്ച കമ്മലുകളോടാണു പ്രിയം. വെള്ളക്കല്ലോ നിറമുള്ള കല്ലുകളോ രണ്ടു നിരയായി വച്ച കമ്മലുകളാണു ചോദിച്ചു വരുന്നത്. പേൾ വച്ച കമ്മലുകളുമുണ്ട്. കല്ലു വയ്ക്കാതെ സ്വർണം മാത്രമുള്ള കമ്മലുകൾക്കു പ്രിയമില്ല. ചില വ്യാപാരികൾ ഓഫറുകളും പ്രചാരണവുമായി രംഗത്തെത്തിയിട്ടുമുണ്ട്.