മുക്കുപണ്ടം പണയംവെച്ച് അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞ അപ്രൈസറെ കണ്ണൂർ ജില്ലാബാങ്ക് ആസ്ഥാനത്തുനിന്ന് പിടികൂടി. തളിപ്പറമ്പ് ശാഖയിലെ അപ്രൈസർ പി.ഷഡാനനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ ജില്ലാബാങ്ക് ആസ്ഥാനത്തെത്തിയ ഷഡാനനെ ജീവനക്കാർ തടഞ്ഞുവച്ചശേഷം പൊലീസിന് കൈമാറുകയായിരുന്നു.
രാവിലെ പത്തുമണിയോടെയാണ് ഷഡാനൻ ജില്ലാ ബാങ്ക് ആസ്ഥാനത്തെത്തിയത്. ഓഫിസിൽ കയറിയ ഉടനെ ജീവനക്കാർ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്ഥാലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഒളിവിലായിരുന്ന ഷഡാനൻ ഇതിന് മുൻപും ജില്ലാ ബാങ്കിൽ എത്തിയിരുന്നതായി ജീവനക്കാർ പറഞ്ഞു. ഹൈക്കോടതിയിൽ മുൻകർ ജാമ്യാപേക്ഷയും നൽകിയിട്ടുണ്ട്. മറ്റ് പ്രതികളായ മാനേജർ ഇ.ചന്ദ്രനും അസിസ്റ്റന്റ് മാനേജർ ടി.വി.രമയും ഒളിവിലാണ്. ഞാറ്റുവയൽ സ്വദേശിയായ ഹസ്സൻ പണയംവെച്ച സ്വർണ്ണം തിരിച്ചെടുത്തപ്പോൾ മുക്കുപണ്ടം ലഭിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ബാങ്ക് ജീവനക്കാർ ഇടപെട്ട് രണ്ടരലക്ഷം രൂപ നൽകി ഈ പരാതി ഒത്തുതീർപ്പാക്കി. തുടർന്ന് തളിപ്പറമ്പ് പൊലീസിന്റെ നിർദേശപ്രകാരം ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ നേരിട്ട് നടത്തിയ പരിശോധനയിലാണ് കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തിയത്.