സെഡാൻ, ഹാച്ച്ബാക്ക്, എസ്‌യുവി, എംയുവി, ക്രോസ് ഓവറുകൾ തുടങ്ങി വാഹനം വാങ്ങാൻ തീരുമാനിച്ചാൽ വിപണിയിലെ സെഗ്മെന്റുകൾ പല വിധമാണ്. ചിലപ്പോൾ ഒരേ വിലയുള്ള രണ്ടു വാഹനങ്ങൾ വിവിധ സെഗ്മെന്റില്‍ പെടുന്നതായിരിക്കും. എങ്ങനെ ഇവയെല്ലാം തരം തിരിക്കുന്നു? ഹാച്ച്ബാക്കുകളും സെഡാനുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്. എംയുവി (മൾട്ടി പർപ്പസ് വെഹിക്കിൾ) എസ്‌യുവി (സ്പോർട്സ് യുട്ടിലിറ്റി വെഹിക്കിൾ) എംയുവി (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ) എന്നിവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെന്താണ്. സാധാരണക്കാരിൽ കൺഫ്യൂഷനുണ്ടാക്കുന്ന ചോദ്യങ്ങളാണിവ.
ബോഡിക്കും പ്ലാറ്റ്ഫോമിനും അനുസരിച്ചാണ് വാഹനങ്ങളെ ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി, കൂപ്പേ, കൺവേർട്ടബിള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്.
ഹാച്ച്ബാക്ക്
പിന്നോട്ട് നീണ്ടു നിൽക്കുന്ന ബൂട്ട് ഇല്ലാത്ത ചെറു വാഹനങ്ങളെയാണ് ഹാച്ചാബാക്കുകൾ എന്നു വിളിക്കുന്നത്. ബൂട്ട് ഡോർ അടക്കം മൂന്നോ അല്ലെങ്കിൽ അഞ്ചോ ഡോറുകളുണ്ടാകും. നഗര യാത്രകൾക്ക് കൂടുതൽ ഇണങ്ങിയ ഇവയിൽ നാലോ അല്ലെങ്കിൽ അഞ്ചോ പേർക്ക് സഞ്ചരിക്കാം. പൊതുവേ നാലുമീറ്ററിൽ താഴെയായിരിക്കും ഇവയുടെ നീളം. എൻജിൻ ശേഷിയുടെ കാര്യത്തിൽ ഹാച്ച്ബാക്കുകളെ മൂന്നായി തരം തിരിക്കുന്നുണ്ട്. 800 സിസിയും അതിന് താഴെയ്ക്കും എൻജിൻ കപ്പാസിറ്റിയും 3200 എംഎമ്മിന് താഴെ നീളവുമുള്ളവയെ മൈക്രോ എന്നും 800 മുതൽ 1000 സിസി വരെ കപ്പാസിറ്റിയും 3600 വരെ നീളവുമുളളവയെ മിനി എന്നും 1000 മുതൽ 1400 സിസി വരെ എൻജിൻ കപ്പാസിറ്റിയും 4000 എംഎം വരെ നീളവുമുള്ളവയെ കോംപാക്റ്റ് എന്നും വിളിക്കുന്നു. ടാറ്റ നാനോ മൈക്രോ ഹാച്ച്ബാക്കാണ്. മാരുതി ഓൾട്ടോ, വാഗൺ ആർ, സ്പാർക്ക് എന്നിവ മിനി ഹാച്ച്ബാക്കിൽ പെടും. സ്വിഫ്റ്റ്, പോളോ, ജാസ്, പുന്തോ, ഫിഗോ തുടങ്ങിയ വാഹനങ്ങളാണ് കോംപാക്റ്റ് വിഭാഗത്തിൽ പെടുക.