സാമൂഹിക മാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും ഇത് ഉയർത്തുന്ന വിപത്തിനെക്കുറിച്ചും പ്രതിപാദിക്കുന്ന ഹ്രസ്വചിത്രവുമായി വൈദികൻ. ഫാദർ വർഗീസ് ലാൽ സംവിധാനം ചെയ്യുന്ന ടാഗ് എന്ന ചിത്രം ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതിവിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും ഇരകളാക്കപ്പെടുന്നവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ടാഗ് എന്ന് ഹ്രസ്വ ചിത്രം. കുടംബബന്ധങ്ങളിലെ വിള്ളലുകൾ സാമൂഹിക അപചയത്തിന് കാരണമാകുന്നു എന്ന് ആശയമാണ് ടാഗിലൂടെ ഫാദർ വർഗീസ് ലാൽ തുറന്നു കാട്ടുന്നത്.
മലങ്കര ഒാർത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിജയരാഘവൻ, അഞ്ജുകുര്യൻ, നീനാകുറുപ്പ് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
സൈബർ ലോകത്തെ കുടുക്കുകളിലേയ്ക്ക് ടാഗ് ചെയ്യപ്പെട്ടുപോകുന്ന ജീവിതങ്ങൾ ഒടുവിൽ എത്തിച്ചേരുന്നത് ആത്മഹത്യയിലാണ്. ഇതിനെതിരായ ബോധവൽക്കരണമാണ് ടാഗിലൂടെ നൽകാൻ ഉദ്ദേശിക്കുന്നതെന്ന് സംവിധായകൻ. മാത്രമല്ല ബ്ലൂ വെയ്ൽ പോലുള്ള ഗെയിമുകളുടെ അപകടങ്ങളളെക്കുറിച്ചുമുള്ള ബോധവൽക്കരണം നൽകാനാണ് സംവിധായകന്റെ ശ്രമം.
ഇതിനോടകം ഇരുപത് ഹ്രസ്വ ചിത്രങ്ങൾ ഫാദർ വർഗീസ് ലാൽ ഒരുക്കിയിട്ടുണ്ട്. സാമൂഹിക വിഷയം പ്രമേയമാക്കിയുള്ള സിനിമയുടെ പണിപ്പുരയിലാണ് ഇദ്ദേഹം.