ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. തൃക്കരിപ്പൂർ സ്വദേശി മർസൂറിനെയാണ് തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ വിവിധ ലോഡ്ജുകളില്‍ എത്തിച്ചായിരുന്നു പീഡനം.
ആറ് മാസം മുമ്പ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിമൂന്ന്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് യുവാവിന്റെ അറസ്റ്റ്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടതിന് പിന്നാലെ യുവതിയെ നേരിൽകാണണമെന്നാവശ്യപ്പെട്ട് മർസൂർ തിരുവനന്തപുരതെത്തി. പിന്നീട് നഗരത്തിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. പിന്നീട് ഒഴിഞ്ഞുമാറാൻ ശ്രമം തുടങ്ങിയതോടെ യുവതി ഫോണിൽ ബന്ധപ്പെട്ടു.
സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് പറഞ്ഞ് മർസൂർ ഭീഷണി തുടങ്ങിയതോടെ തമ്പാനൂർ പൊലീസിന് യുവതിയുടെ കുടുംബം പരാതി നൽകുകയായിരുന്നു. യുവാവിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ ഉണ്ടായിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് തമ്പാനൂർ പൊലീസ് ഇയാളെ തൃക്കരിപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.