സംവരണവിഷയത്തിൽ കോൺഗ്രസിന് അന്ത്യശാസനവുമായി പട്ടേൽസമരനേതാവ് ഹാർദിക്പട്ടേൽ. സമുദായസംവരണം സംബന്ധിച്ച് നവംബർ മൂന്നിനകം കോൺഗ്രസ് കൃത്യമായ നിലപാടറിയിക്കണമെന്ന് ഹാർദിക് ആവശ്യപ്പെട്ടു. അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവും, രാജ്യാസഭാംഗവുമായ അഹമ്മദ് പട്ടേലിന് ഐഎസ് ബന്ധമുണ്ടെന്ന് ആരോപിച്ച ബിജെപി, അദ്ദേഹത്തിൻറെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തി. ബിജെപിക്കെതിരെ അഹമ്മദ് പട്ടേല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തേക്കും
തിരഞ്ഞെടുപ്പിനുമുൻപ് ഹാർദിക്പട്ടേൽ കോൺഗ്രസുമായി കൈകോർക്കുന്നു എന്നുള്ള റിപ്പോർട്ടുകൾക്കിടെയാണ് സംവരണവിഷയത്തിലെ നിലപാടുകടുപ്പിക്കൽ. സമുദായ സംവരണത്തെക്കുറിച്ച് മുന്നോട്ടുവച്ച ഉപാധികളിൽ നവംബർ മൂന്നിനകം നിലപാടറിയിക്കണമെന്ന് ഹാർദിക് ട്വിറ്ററിൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. നവംബർ ഒന്നുമുതൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഗുജറാത്തില്‍ സന്ദർശനം നടത്തുന്നുണ്ട്. ഈസമയം നിലപാട് വ്യക്തമാക്കണമെന്നാണ് ഹാർദിക്കിൻറെആവശ്യം.
അതേസമയം, മുതിർന്ന കോൺഗ്രസ്നേതാവും രാജ്യസഭാംഗവുമായ അഹമ്മദ്പട്ടേലിനെ ഉന്നംവച്ച് ബിജെപി നിലപാട് കടുപ്പിച്ചു. ഐഎസ് ബന്ധമുണ്ടെന്ന് ആരോപണമുയർന്ന അഹമ്മഹ്പട്ടേൽ രാജ്യസഭാംഗത്വം രാജിയ്ക്കണമെന്ന് കേന്ദ്രമന്ത്രി മുക്താസ് അബ്ബാസ് നഖ്‍വി ആവശ്യപ്പെട്ടു.
ഐഎസ് ബന്ധമുളള രണ്ടുയുവാക്കൾ കഴിഞ്ഞദിവസം ഗുജറാത്തിൽ അറസ്റ്റിലായിരുന്നു. ഇവരിലൊരാൾ ജോലിചെയ്തിരുന്നത് അഹമ്മദ് പട്ടേലിൻറെ ആശുപത്രിയിലാണ്. ഇവർക്ക് പട്ടേലമായി ബന്ധമുണ്ടേന്നാണ് ആരോപണം. അതേസമയം, രാഹുൽഗാന്ധിയെ പ്രശംസിച്ച ശിവസേന, എൻഡിഎയ്ക്കൊപ്പമാണോ, കോൺഗ്രസിനൊപ്പമാണോയെന്ന് വ്യക്തമാക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് ആവശ്യപ്പെട്ടു. എന്നാൽ, ബിജെപി വിരട്ടാൻനോക്കേണ്ടെന്ന് സേനാ അധ്യക്ഷൻ ഉദ്ധവ്താക്കറെ തിരിച്ചടിച്ചു.