തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ പുരുഷന്മാർക്കു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഇടമില്ല. വിശ്രമകേന്ദ്രം പുതുക്കിപ്പണിയാൻ ആരംഭിച്ചെങ്കിലും ജി എസ് ടിയിൽ കുരുങ്ങി സ്തംഭിച്ചു. കരാർ കാലാവധി കഴിഞ്ഞതോടെ രോഗികൾക്കും അവശർക്കും സഹായമായിരുന്ന ഇലക്ട്രിക് കാർ സർവ്വീസും നിലച്ചു.
ദിവസവും ഇരുപത്തയ്യായിരത്തിലേറെപ്പേർ വന്നു പോകുന്ന എ ക്ളാസ് സ്റ്റേഷനാണിത്. പുരുഷന്മാർക്കു പ്രാഥമികാവശ്യങ്ങൾ നിറവേറ്റണമെങ്കിൽ പക്ഷേ പെടാപ്പാടു പെടണം. ഒരു വിശ്രമ കേന്ദ്രമുണ്ടായിരുന്നു. അറ്റകുറ്റപ്പണികൾക്കായി അത് അടച്ചു. ജി എസ് ടി നടപ്പിലായതോടെ അധികം വരുന്ന ചെലവ് ലഭിക്കണമെന്നാവശ്യപ്പെട്ട് കരാർ എടുത്തവർ പണി നിർത്തിയതോടെയാണ് ഒന്നിനു പോലും ഇടമില്ലായത്. എസി വിശ്രമമുറിയിൽ കയറാം. ഇരുപത്തഞ്ച് രൂപ നൽകണമെന്നു മാത്രം.
രോഗികൾക്കും പ്രായമായവർക്കും താങ്ങായിരുന്ന ഇലക്ട്രിക് കാർ സർവ്വീസും മുടങ്ങി. പുതിയ കരാർ നിലവിൽ വന്നാൽ മാത്രമേ ഈ കാർ ഇനി ഒാടൂ. വൈഫൈയും എസിയുമൊക്കെക്കൊള്ളാം കൂടെ അടിസ്ഥാന കാര്യങ്ങൾ കൂടി നടപ്പാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.