തിരുവനന്തപുരം∙ തലസ്ഥാന ജില്ലയുടെ ഭരണം ഇനി രണ്ടു വനിതാ ഡോക്ടർമാരുടെ കയ്യിൽ. കലക്ടർ ഡോ. കെ.വാസുകിയും സബ് കലക്ടർ ഡോ. ദിവ്യ എസ്.അയ്യരുമാണ് ഇനി ജില്ലാ ഭരണത്തിനു ചുക്കാൻ പിടിക്കുക. ഡോ. കെ.വാസുകി കലക്ടർ ആയി ഇന്നലെ ചുമതലയേറ്റു. വാസുകിയുടെ ഭർത്താവ് ഡോ. എസ്.കാർത്തികേയനാണ് അയൽ ജില്ലയായ കൊല്ലത്തെ പുതിയ കലക്ടർ.
രണ്ടു വനിതകൾ ഒന്നിച്ചു ഭരണസാരഥ്യത്തിലെത്തുന്നതു സംസ്ഥാനത്തുതന്നെ അപൂർവമാണ്. തലസ്ഥാനത്തെ കലക്ടറും സബ് കലക്ടറും തമ്മിൽ വേറെയും സാമ്യങ്ങളുണ്ട്. വാസുകി തമിഴ്നാട്ടുകാരിയാണെങ്കിൽ തമിഴ്നാട്ടിൽ വേരുകളുള്ള കുടുംബമാണ് ദിവ്യയുടേത്. രണ്ടുപേരും മെഡിസിൻ പഠിച്ചതു തമിഴ്നാട്ടിലാണ്.
വാസുകി മദ്രാസ് മെഡിക്കൽ കോളജിലും ദിവ്യ തൊട്ടടുത്തുള്ള വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും.2008ലാണ് വാസുകി സിവിൽ സർവീസിലെത്തുന്നത്. മധ്യപ്രദേശ് കേഡറിലായിരുന്നു നിയമനം. സഹപാഠിയായിരുന്ന ഡോ. എസ്.കാർത്തികേയൻ കൂടി സിവിൽ സർവീസിൽ എത്തിയശേഷം 2013ൽ ഇരുവരും കേരള കേഡറിലേക്കു മാറുകയായിരുന്നു.
ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയിൽ മാലിന്യനിർമാർജനം ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിനു വഴികാട്ടുന്ന പ്രവർത്തനങ്ങൾക്കു ശേഷമാണു ജില്ലയുടെ ഭരണസാരഥ്യത്തിലേക്കെത്തുന്നത്. പൊതു പരിപാടികൾക്കുൾപ്പെടെ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചു ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കിയതു വാസുകിയുടെ നേതൃത്വത്തിലായിരുന്നു. ജനസാന്ദ്രതയേറിയ കേരളത്തിൽ കേന്ദ്രീകൃത മാലിന്യസംസ്കരണ കേന്ദ്രങ്ങൾ പ്രായോഗികമല്ലെന്നും സ്വന്തം മാലിന്യം സ്വന്തം ഉത്തരവാദിത്തമായി മാറണമെന്നുമുള്ള നിലപാടാണു വാസുകി സ്വീകരിച്ചത്.
ലക്ഷ്യം ഹരിത ജില്ല
തിരുവനന്തപുരം∙ ശാസ്ത്രീയമായ മാലിന്യസംസ്കരണ സംവിധാനങ്ങൾ നടപ്പാക്കി തിരുവനന്തപുരത്തെ സമ്പൂർണ ഹരിത ജില്ലയാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കായിരിക്കും മുൻഗണനയെന്നു പുതിയ കലക്ടർ ആയി ചുമതലയേറ്റ ഡോ. കെ.വാസുകി. സർക്കാരിന്റെ നവകേരള മിഷനുകളുടെ ഫലപ്രദമായ നടത്തിപ്പിനൊപ്പം അടിസ്ഥാനസൗകര്യ വികസന രംഗത്തിനും പ്രാധാന്യം നൽകുമെന്നും കലക്ടർ പറഞ്ഞു.
ശുചിത്വ മിഷനിൽ മൂന്നുവർഷത്തോളം പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ മാലിന്യനിർമാർജന രംഗത്തു നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചു കൃത്യമായ ധാരണയുണ്ടെന്നു വാസുകി പറഞ്ഞു. ജില്ല നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണു മാലിന്യ നിർമാർജനം. മാലിന്യ സംസ്കരണത്തിന് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു നേരിടുന്ന തിരുവനന്തപുരം കോർപറേഷനും ഈ മേഖലയിൽ സംസ്ഥാനത്തിനുതന്നെ വഴികാട്ടിയായ ആറ്റിങ്ങൽ നഗരസഭയും നമ്മുടെ ജില്ലയിലാണ്.
ഹരിതകേരള മിഷന്റെ ഭാഗമായുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകും.ലൈഫ്, ആർദ്രം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ ദൗത്യപദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പ് ഏറെ പ്രധാനപ്പെട്ടതാണ്. എല്ലാ വകുപ്പുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂ. അടിസ്ഥാനസൗകര്യ മേഖലയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ജില്ലയാണു തിരുവനന്തപുരം.
വികസന പദ്ധതികൾക്കുള്ള സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമയക്രമം കൃത്യമായി പാലിക്കേണ്ടതുണ്ട്. ദേശീയപാത വികസനം, ജലപാതാ വികസനം, വിമാനത്താവള വികസനം എന്നിവയെല്ലാം സർക്കാരിന്റെ മുൻഗണനാ പട്ടികയിലുണ്ട്. റവന്യു സേവനങ്ങളുമായി ബന്ധപ്പെട്ടു സാധാരണക്കാർക്കുള്ള പരാതികൾ പരിഹരിക്കാനുള്ള ശ്രമങ്ങളും നടത്തുമെന്നു വാസുകി പറഞ്ഞു.