ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരമിനെതിരെ വീണ്ടും ഇടുക്കിയിലെ രാഷ്ട്രീയ നേതാക്കൾ. ശ്രീറാമിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധകക്ഷികളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു. മന്ത്രി എം.എം.മണിയും കോൺഗ്രസ് നേതാവ് എ.കെ.മണിയും സംഘത്തിൽ ഉണ്ടായിരുന്നു.
മൂന്നാർ പോലീസ് സ്റ്റേഷനു സമീപമുള്ള 22 സെന്‍റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ നോട്ടീസ് നൽകിയതിനെ തുടർന്നാണ് പരാതിയുമായി രാഷ്ട്രീയ നേതാക്കൾ മുഖ്യമന്ത്രിയെ സമീപിച്ചത്. മൂന്നാർ വില്ലേജ് ഓഫിസ് തുടങ്ങാൻ ഈ സ്ഥലം ഏറ്റെടുക്കാൻ സബ് കളക്ടർ നൽകിയ ഉത്തരവ് നടപ്പാക്കരുത് എന്നാണ് ആവശ്യം. സബ്കലക്ടറെ മാറ്റണം എന്ന ആവശ്യവും സംഘം മുന്നോട്ട് വെച്ചു.1948 ൽ ഡിസ്റ്റിലറിക്കായി സർക്കാർ വിട്ടു നൽകിയ സ്ഥലമാണിത്. അതിന് ശേഷം അബ്കാരി വ്യവസായികളുടെ കൈവശപ്പെടുത്തി. 2005 മുതൽ 12 വർഷം സ്വകാര്യ വ്യക്തി കൈവശമാക്കിയിരുന്നു.
കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ അട്ടിമറിക്കുന്നതിന് ഉദാഹരണമാണ് സബ്കലക്ടറുടെ നടപടി എന്നാണ് നേതാക്കളുടെ അഭിപ്രായം. മുഖ്യമന്ത്രിയെ കണ്ട് പാരാതി പറഞ്ഞ സംഘത്തിൽ എം.എം.മണിക്ക് പുറമെ, എസ്. രാജേന്ദ്രൻ എംഎൽഎ, സിപിഎം നേതാക്കളായ കെ.വി.ശശി, കെ.കെ. വിജയൻ എന്നിവരും കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണി, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് ആർ. കറുപ്പ്സ്വാമി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ബാബുലാൽ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം ജിനറ്റ് കോശി എന്നിവരും ഉണ്ടായിരുന്നു. എന്നാൽ സർക്കാർ ഭൂമി കൈയേറിയതാണെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടിയുമായി മുന്നോട്ടു പോകുന്നതെന്നാണ് റവന്യു വകുപ്പിന്റെ നിലപാട്.