കാസർകോട് ∙ കാത്തിരുന്ന കലോത്സവം വന്നപ്പോൾ കൂട്ടുകാരെപ്പോലെ സാജിദിനും സ്കൂളിലേക്കു പോകാമായിരുന്നു. പക്ഷേ, അവൻ ഉപ്പയുടെ കൈപിടിച്ചു, താലൂക്ക് ഓഫിസിലേക്കു വന്നു. മൂത്രസഞ്ചിക്ക് അർബുദം ബാധിച്ചു നടക്കാൻ തന്നെ പ്രയാസപ്പെടുന്ന കെ.ഇബ്രാഹിം എന്ന ഉപ്പയ്ക്കും മകനും പറയാൻ ഒരു പരിഭവമേയുള്ളു– എന്തിനാണ് ഇവരുടെ റേഷൻകാർഡ് പൊതുവിഭാഗമാക്കി മാറ്റിയത്. എൻഡോസൾഫാൻ രോഗിയാണെന്നതു പരിഗണിച്ചില്ലെങ്കിലും സാരമില്ല, സ്വന്തമായി വീടില്ലെന്ന പരിഗണനയെങ്കിലും നൽകാമായിരുന്നില്ലേ? റേഷൻകാർഡ് പുതുക്കിവന്നപ്പോഴാണ് കുംബഡാജെ പുത്രോടിയിലെ കെ.ഇബ്രാഹിമിന്റെ ബിപിഎൽ കാർഡ് ഒറ്റയടിക്ക് പൊതുവിഭാഗമായി മാറിയത്.
കാർഡ് മാറിയെങ്കിലും ഇവരുടെ വല്ലായ്മകൾക്കു മാത്രം മാറ്റമില്ല. 24 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഇവർ താലൂക്ക് ഓഫിസിലെത്തിയത്. മൂത്രസഞ്ചി നിറയുമെന്നതിനാൽ ദീർഘയാത്രകൾ ഒഴിവാക്കണമെന്ന വിലക്കു പോലും മറന്ന് ഇബ്രാഹിം വന്നു, കേഴുന്നു. കൂലിപ്പണിക്കാരനായിരുന്ന ഇബ്രാഹിമിന് 2010 മുതലാണ് ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങുന്നത്. പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടങ്ങൾക്കരികിൽ താമസിക്കുന്നതിനാൽ മെഡിക്കൽ പരിശോധന നടത്തി. എൻഡോസൾഫാൻ പട്ടികയിൽ ഉൾപ്പെട്ടു. ആ വഴി സഹായങ്ങൾ കിട്ടുന്നുണ്ട്. അർബുദം കലശലായതോടെ കീമോതെറപ്പി ചെയ്യേണ്ടി വന്നു.
അതിൽപിന്നെ ജോലിക്കു പോകാൻ കഴിയാതെയായി. എൻഡോസൾഫാൻ പെൻഷനായി കിട്ടുന്ന 1200 രൂപ കൊണ്ട് കുടുംബം പുലർത്തണം. ഭാര്യ റാബിയ ചെറിയതോതിൽ ബീഡി തെറുക്കുന്നു. അതുകൊണ്ടൊന്നും ഇവരുടെ സങ്കടങ്ങൾ തീരില്ല, സാജിദിനെയും മൂത്തമകൻ സിറാജിനെയും പഠിപ്പിക്കണം. മരുന്നുവാങ്ങണം, ഭക്ഷണം കഴിക്കണം.. കടമ്പകൾ ഏറെയുണ്ട്. സ്വന്തമായി വീടില്ലാത്തതിനാൽ ഉമ്മയ്ക്കൊപ്പം തറവാട്ടു വീട്ടിലാണ് താമസം. ഉമ്മയുടെ ഓഹരിയുണ്ടെങ്കിലും സ്വന്തമായിട്ടില്ല. ഇതിനിടയിലാണ് റേഷൻകാർഡിലെ തിരിച്ചടി. ഉമ്മ ഖദീജുമ്മയുടെ പേരിലാണ് റേഷൻകാർഡ്. എൻഡോസൾഫാൻ ദുരിതബാധിതൻ എന്ന നിലയിൽ 2013ൽ പ്രത്യേക ഉത്തരവു പ്രകാരം ബിപിഎൽ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നയാളാണ് ഇബ്രാഹിം.