മധ്യപ്രദേശ് ഛത്തർപൂർ ജില്ലയിൽ സബ്കലക്ടറായ സോണിയ മീണയുടെ നേർക്ക് മണൽ മാഫിയയുടെ ആക്രമണം. മണലൂറ്റുകാരെ അറസ്റ്റു ചെയ്തു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനിടയിൽ മാഫിയ സംഘം വഴിയിൽ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. 15 മിനിറ്റോളം അവരെ തോക്കിൻ മുനയിൽ നിർത്തി. പിന്നീട് പൊലീസ് എത്തി അവരെ മോചിപ്പിച്ചു. സംസ്ഥാന ധന എക്സ്പൻഡിച്ചർ പ്രിൻസിപ്പൽ സെക്രട്ടറി ടിക്കാറാം മീണയുടെ മകളാണ് ഐഎഎസ് 2013 ബാച്ചുകാരിയായ സോണിയ.
കഴിഞ്ഞ വർഷം ഇതേ ജില്ലയിൽ മണൽ മാഫിയയെ തടയുന്നതിനിടയിൽ നരേന്ദ്രകുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. മണൽ കയറ്റിയ ട്രാക്ടർ തടഞ്ഞ നരേന്ദ്രകുമാറിനെ ട്രാക്ടർ മുന്നോട്ടെടുത്ത് ഇടിച്ചു വീഴ്ത്തി ടയർ കയറ്റി കൊല്ലുകയായിരുന്നു. കേരളാകേഡർ െഎഎഎസ് ഉദ്യോഗസഥനായ മീണയുടെ മകൾ കേരളത്തിൽ പഠച്ച രാജസ്ഥാൻ കാരിയാണ്. സ്കൂൾ വിദ്യാഭ്യാസം പട്ടം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. മണൽ കടത്തുന്ന ട്രാക്ടർ കസ്റ്റഡിയിലെടുത്തു പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ട്രാക്ടർ ഡ്രൈവർ ഫോണിൽ വിളിച്ചു വരുത്തിയ ഗുണ്ടാസംഘം സോണിയയുടെ കാർ തടയുകയായിരുന്നു.
അവർ കാറിന്റെ ചില്ല് ഉയർത്തിയപ്പോൾ ചില്ലിനോട് ചേർത്ത് തലയുടെ നേർക്ക് തോക്കു ചൂണ്ടി ട്രാക്ടർ വിട്ടയയ്ക്കാനും ഇല്ലെങ്കിൽ കൊല്ലുമെന്നും ആക്രോശിച്ചു. ആരോ ഫോൺ ചെയ്ത് അറിയിച്ച പ്രകാരം ഒരു കി.മീറ്റർ അകലെ പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം എത്തിയാണു സബ് കലക്ടറെ രക്ഷപ്പെടുത്തിയത്.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക