ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം നഷ്ട്മായ ഇ പി ജയരാജനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ് പ്രസ്തുത കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത. അഴിമതി നിരോധനനിയമ പ്രകാരം കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഒരുങ്ങുന്നത് .
ഇ.പി.ജയരാജന്റെ രാജിക്ക് വഴിവച്ച ബന്ധുനിയമന കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയില്‍ ഉടൻ റിപ്പോര്‍ട്ട് നല്‍കും. നിയമോപദേശകന്‍ സി.സി.അഗസ്റ്റിന്റെ നിലപാടുകൂടി കണക്കെലെടുത്താണ് വിജിലന്‍സ് അന്വേഷണസംഘം തീരുമാനമെടുത്തത്. അതേസമയം തന്നെ കുടുക്കാനായിരുന്നു വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ശ്രമിച്ചതെന്ന് ഇ.പി.ജയരാജൻ ആരോപിച്ചിരുന്നു.
എല്ലാം ശരിയാക്കുമെന്ന ജനപ്രിയ പ്രഖ്യാപനവുമായി അധികാരത്തില്‍ ഏറിയ ഇടതു മുന്നണിക്ക് കിട്ടിയ മുഖം അടച്ച അടിയായിരുന്നു ബന്ധുനിയമന വിവാദം. ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെയുളള ഇപിയുടെ രാജി പ്രഖ്യാപനം സര്‍ക്കാരിന്റേയും പാര്‍ട്ടിയുടെയും യശസ്സ് ഉയര്‍ത്തുന്നതായിരുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റേയും യശസ്സ് ഉയര്‍ത്തി പിടിച്ച ഇപിയെ പുറത്തു നിര്‍ത്തുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടം നല്‍കിയേക്കാം.
കാനം രാജേന്ദ്രനാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. സിപിഐ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും സര്‍ക്കാരിന്റെ യശസ്സ് കെടുത്തുന്ന നടപടിയാണ് സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ജയരാജന്‍ കുറ്റപ്പെടുത്തിയിരുന്നു. ജയരാജനെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയതില്‍ അഭിപ്രായം പറയാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു. ഇപി ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണോയെന്ന് സിപിഎമ്മിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം തിരികെ കിട്ടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. പാര്‍ട്ടിയേയും ജനങ്ങളെയും നിരപരാധിത്വം തെളിയിക്കാനായതില്‍ സന്തോഷമുണ്ടെന്നും മാധ്യമങ്ങള്‍ പുകമറ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് രാജിവച്ചതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.