ഹൈക്കോടതി തള്ളാനിരുന്ന കേസാണ് വിജിലൻസ് ഇപ്പോൾ തള്ളിയതെന്ന് ബന്ധുനിയമന വിവാദത്തിൽപ്പെട്ട സിപിഎം നേതാവ് ഇ.പി. ജയരാജൻ. ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ നടപടിയുടെ പശ്ചാത്തലത്തിലാണു ജയരാജന്റെ പ്രതികരണം. മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിനെക്കുറിച്ചു ചിന്തിക്കുന്നില്ല. കേസിനു പിന്നിൽ മുൻ വിജിലൻസ് ഡിജിപി ജേക്കബ് തോമസാണ്, കേസ് നിലനിൽക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടും വഴങ്ങിയില്ല. ഇടതുപക്ഷ മാധ്യമങ്ങൾ അടക്കം 13 ദിവസം തന്നെ തേജോവധം ചെയ്തു. ശരിയായ നിലപാടാണ് താൻ സ്വീകരിച്ചത്. നിയമിക്കപ്പെട്ടവർക്കു ബന്ധുത്വമുണ്ടാകാം എന്നാല്‍ നിയമം വിട്ടൊന്നും ചെയ്തിട്ടില്ലെന്നും ജയരാജൻ അറിയിച്ചു.
രാജി കൂടുതല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ജാഗ്രതയും കരുത്തുമാണ് നല്‍കിയത്. ഒരു തരത്തിലും അതൊരു ഷോക്കോ തളര്‍ച്ചയോ തന്നിട്ടില്ല. തെറ്റുചെയ്തില്ലെന്ന് തെളിയുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ജയരാജൻ മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തേക്കൊരു മടക്കം ഇപ്പോള്‍ ആലോചനയിയില്ല. മന്ത്രിസഭ വളരെ നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനോട് നീരസം തോന്നേണ്ട കാര്യമില്ലെന്ന് പറഞ്ഞ ജയരാജന്‍, കോടിയേരി പിന്നില്‍ നിന്ന് കുത്തിയെന്ന ആരോപണവും തള്ളിക്കളഞ്ഞു.
സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ അലിന്‍ഡ് വിവാദത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിയമസഭയില്‍ പറഞ്ഞത് വ്യവസായമന്ത്രി ആയിരുന്നപ്പോഴത്തെ നിലപാടാണ്. ഇപ്പോഴത്തെ വസ്തുതകള്‍ അറിയില്ല. ഏറ്റെടുക്കാനാവില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് ശ്രദ്ധയില്‍പെട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.
മാസങ്ങൾക്കു മുൻപുതന്നെ കേസ് നിലനിൽക്കില്ലെന്നു ഓപ്പൺ കോർട്ടിൽ കോടതി പറഞ്ഞിരുന്നു. കേസ് എന്ത് അടിസ്ഥാനത്തിലാണ് എടുത്തതെന്നും ചോദിച്ചു. കേസിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. ബന്ധുവാകണമെങ്കിൽ രക്തബന്ധം വേണം. കീഴ്‌വഴക്കങ്ങളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഒരു തരത്തിലും കേസ് നിലനിൽക്കുന്നതല്ല. എന്തടിസ്ഥാനത്തിലാണു വിജിലൻസ് കേസെടുത്തതെന്നു കോടതി ചോദിച്ചിട്ടുണ്ട്. വിശദമായി പരിശോധിച്ച കോടതി കേസ് അവസാനിപ്പിക്കുകയാണെന്നും ഉത്തരവു പിന്നീടിറക്കാമെന്നും അന്നു പറഞ്ഞിരുന്നു.
കേസിനു പിന്നിൽ ജേക്കബ് തോമസാണ്. വിവാദത്തിൽ ഒരു തെറ്റുമില്ലെന്നു ഞങ്ങൾക്കറിയാമെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു ദിവസം ഡിജിപി ജേക്കബ് തോമസ് വിളിച്ചുവരുത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. അധികാര ദുർവിനിയോഗം, ബന്ധുനിയമനം എന്നിവ കണക്കിലെടുത്തു കേസെടുക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. കോടതിയിൽ എത്തിയാൽ കേസ് നിലനിൽക്കില്ലെന്ന് അറിയിച്ചപ്പോൾ അതു കോടതിയുടെ പണിയാണ്. അവർ നോക്കിക്കോളും എന്നാണ് ജേക്കബ് തോമസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. വിജിലൻസ് തന്നെ തയാറാക്കിയ കേസ് അവരിപ്പോൾ പിൻവലിച്ചു. കേസ് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
അഭിമുഖം പൂർണരൂപം
താങ്കള്‍ക്കെതിരായ കേസിലും രാജിയിലും പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരു വീണ്ടുവിചാരം ഉണ്ടെന്ന് മനസ്സിലാക്കുന്നു. അതിന്‍റെ അടിസ്ഥാനം എന്താണ് ? സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് ബലിയാടായി എന്ന് തോന്നുന്നുണ്ടോ ?
പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍. എനിക്കുവേണ്ട എല്ലാ പ്രചോദനങ്ങളും പാര്‍ട്ടി നല്‍കുന്നു. ഇത് തന്നെയാണ് ഈ വീണ്ടുവിചാരത്തിന്‍റെ അടിസ്ഥാനം. സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിച്ചിരുന്നു. അങ്ങനെ ഒരു കോട്ടം സംഭവിച്ചാല്‍ അതിനുള്ള പരിഹാരമാണ് ആലോചിക്കുക. അങ്ങനെ അതിനുള്ള ശരിയായ നിലപാട് ഞാന്‍ സ്വീകരിച്ചു. അത് പാര്‍ട്ടി അംഗീകരിക്കുകയും ചെയ്തു. ഞാനാണ് മുഖ്യമന്ത്രിയോടും പാര്‍ട്ടിയോടും പറഞ്ഞത് രാജിവയ്ക്കാമെന്ന്. അങ്ങനെയുള്ള ഒരു സാഹചര്യമാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചത്. കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളും 13 ദിവസമാണ് ഈ വിഷയത്തിന്‍റെപേരില്‍ എന്നെ ആക്രമിച്ചത്. എന്നെ തുടര്‍ച്ചയായി ആക്രമിച്ച മാധ്യമങ്ങള്‍ എന്താണ് ശരിക്കും കാര്യമെന്ന് ചോദിച്ചില്ല.
പല മന്ത്രിമാരും പാര്‍ട്ടിക്കാരും അവരുടെ ബന്ധുക്കളെ നിയമിച്ചിട്ടുണ്ട്. താങ്കള്‍ ശുദ്ധഗതിക്കാരനായതുകൊണ്ടാണോ താങ്കളുടെ ബന്ധുവിനെ സ്വന്തം വകുപ്പില്‍ നിയമിച്ചത് ?
ഇപ്പോഴും മാധ്യമങ്ങള്‍ ഇതിന്‍റെ ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ല. ബന്ധുനിയമനം എന്ന് പറയുന്നത് രക്തബന്ധം ഉള്ളവരുമായിട്ടുള്ളതാണ്. ഇതാണ് ഇന്ത്യന്‍ നിയമം പറയുന്നത്. നിയമവും ചട്ടവും അനുസരിച്ച് ഇത്തരം നിയമനത്തില്‍ തെറ്റില്ല. 'റിഹാബ്' എന്നുപറയുന്നത് ഉദ്യോഗസ്ഥന്‍മാരുടെ ഒരു സംഘം മാത്രമാണ്. ഇവിടെ നിങ്ങള്‍ ധരിച്ചുവച്ചിരിക്കുന്നത് റിക്രൂട്ടിങ് ഏജന്‍സിയാണിത് എന്നാണ്.
എന്നെ പാര്‍ട്ടി ഒരു ചുമതല ഏല്‍പ്പിച്ചിരിക്കുമ്പോള്‍ ശത്രുക്കള്‍ക്ക് ആക്രമിക്കാനുള്ള വഴി തുറന്നുകൊടുക്കാന്‍ പാടില്ലായിരുന്നു. യോഗ്യതയും അര്‍ഹതയും ഉണ്ടെങ്കില്‍പ്പോലും ദുര്‍വ്യാഖ്യാനിക്കാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ആ നിയമനം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ എനിക്ക് വീഴ്ച പറ്റി. 'സത്യം-നീതി', 'നിയമം-ചട്ടങ്ങള്‍', മുന്‍കാല കീഴ്‌വഴക്കങ്ങള്‍ ഇതെല്ലാം നോക്കിയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ആ ചെയ്തതില്‍ ഒരു തെറ്റുമില്ല.
തെറ്റ് പറ്റിയെന്ന് സ്വയം സമ്മതിക്കുമ്പോള്‍ത്തന്നെ അത് ആദ്യം ചൂണ്ടിക്കാണിക്കുകയാണ് വിജിലന്‍സ് ചെയ്തത്,എന്നിട്ടും താങ്കള്‍ക്ക് എന്തിനാണ് ജേക്കബ് തോമസിനോട് ഇത്ര വിരോധം ?
വിജിലന്‍സല്ല ഇക്കാര്യങ്ങള്‍ ആദ്യം പുറത്തുകൊണ്ടുവന്നത്, മാധ്യമങ്ങളാണ്. ചിലരുടെ പരാതി വിജിലന്‍സിന് കിട്ടി. തുടര്‍ന്ന് കേസെടുത്തു. എഫ്.ഐ.ആര്‍, ദ്രുത പരിശോധന ഇവയെല്ലാം ഉണ്ടായി. വിജിലന്‍സില്‍ പരാതി കൊടുത്തതിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു. എനിക്കെതിരെ ആരോപണം ഉന്നയിച്ച് ഇവിടെ ഭൂകമ്പം ഉണ്ടാക്കിയത് ഇവിടുത്തെ മാധ്യമങ്ങളാണ്. ഇതേത്തുടര്‍ന്നാണ് പെട്ടന്ന് എനിക്കെതിരെ എഫ്.ഐ.ആര്‍. എടുത്തത്.
ഇ.പിയും പിണറായിയും കാലങ്ങളായി അടുത്ത് പ്രവര്‍ത്തിക്കുന്നവരാണ്, ഇക്കാര്യത്തില്‍ താങ്കളോട് പിണറായി നീതി കാട്ടിയില്ലെന്ന തോന്നല്‍ ഉണ്ടോ ?
എനിക്ക് ഒരിക്കലും അങ്ങനെയുള്ള ഒരു തോന്നല്‍ ഉണ്ടായിട്ടില്ല, മാത്രമല്ല അദ്ദേഹം ശരിയായ നിലപാട് എടുക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ്. രാഷ്ട്രീയ എതിരാളികളോടുപോലും നീതിപൂര്‍വം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
കുണ്ടറ 'അലിന്‍ഡ്' പോലുള്ള കമ്പിനികള്‍ കൈക്കലാക്കാന്‍ ശ്രമം ഉണ്ടെന്ന് താങ്കള്‍ നിയമസഭയില്‍ പറയുകയുണ്ടായി.അത്തരം സമ്മര്‍ദ ശക്തികള്‍ താങ്കളുടെ രാജിക്ക് പിന്നിലുണ്ടോ ?
അത് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട വിഷയമല്ല, അന്ന് വ്യവസായ മന്ത്രിയായിരുന്ന ഞാന്‍ മനസ്സിലാക്കിയിരുന്ന കാര്യങ്ങള്‍ വച്ചുകൊണ്ടാണ് നിയമസഭയില്‍ അങ്ങനെ പറഞ്ഞത്. അന്നത്തെ സാഹചര്യത്തില്‍നിന്ന് ഒരുപാട് മുന്‍പോട്ട് പോയി. ഇപ്പോള്‍ അതിന്‍റെ വസ്തുതകള്‍ എന്താണെന്ന് എനിക്കറിയില്ല. അതുകൊണ്ട് അറിയാത്ത വിഷയത്തെക്കുറിച്ച് അഭിപ്രായം പറയുന്നത് തെറ്റായിരിക്കും. ഈ വിഷയത്തെപ്പറ്റി മറ്റുള്ളവര്‍ പ്രതികരിച്ചത് എന്താണെന്നും എനിക്കറിയില്ല, അത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തെപ്പറ്റി സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല.
രാജിക്ക് മുന്‍പും ശേഷവും താങ്കള്‍ത്തന്നെയാണ‌് ഈ ട്രോളിലെ ഏറ്റവും വലിയ താരം. ശരിക്കും ആ മാനസികാവസ്ഥയില്‍ അതൊക്കെ ആസ്വദിക്കാന്‍ കഴിയുമോ ?
സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് യാതൊരു പതര്‍ച്ചയോ, ഒരു പ്രശ്നവുമില്ലായിരുന്നു. പക്ഷേ, എനിക്ക് ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു; എന്നോടൊപ്പമായിരുന്നു എന്‍റെ മകന്‍റെ കുട്ടിയുണ്ടായിരുന്നത്. രാജിക്കുശേഷം പിറ്റേദിവസം തന്നെ ഞാന്‍ താമസം മാറ്റുകയാണ്. എന്‍റെ പേരക്കുട്ടി അവിടെ യു.കെ.ജി. ക്ലാസില്‍ പഠിക്കുകയായിരുന്നു. അത് എനിക്ക് ഏറ്റവും വിഷമം ഉണ്ടാക്കിയ കാര്യമാണ്.
ഇ.പി.ജയരാജന്‍റെ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.താങ്കളുടെ കാഴ്ചപ്പാട് എന്താണ് ?
ഞാന്‍ അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റിയൊന്നും ചിന്തിക്കുന്നേയില്ല, ആ ഒരു ചിന്ത എന്‍റെ മനസ്സിലേയില്ല, ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഇപ്പോള്‍ എന്ത് പറയാനാണ്.