വേമ്പനാട്ടു കായലിൽ വ്യാപകകയ്യേറ്റമുണ്ടായതായി പ്രഭാത് പട്നായിക് അധ്യക്ഷനായ കായല്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. മന്ത്രി തോമസ് ചാണ്ടിക്കെതിരെയുളള ആരോപണങ്ങള്‍ സജീവചര്‍ച്ചയായി നില്‍ക്കുമ്പോഴാണ് ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രണ്ടുമന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങിലാണ് കായലിന്റെ പുനരുജ്ജീവനത്തിനുള്ള നിര്‍ദേശങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് പുറത്തിറക്കിയത്
മന്ത്രി തോമസ് ഐസക്കില്‍ നിന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് പരിഷത്തിന്റെ വേമ്പനാട് കായല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയത്. റിപ്പോര്‍ട്ടിലെ പ്രധാന ഊന്നലുകള്‍ ഇവയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ വേമ്പനാട് കായലിന്റെ വിസ്തൃതി 40 ശതമാനത്തിലധികം കുറഞ്ഞു. കായലിന്റെ ശരാശരി ആഴം 3.5 മീറ്ററായും കുറഞ്ഞു. രണ്ടായിരത്തിനു ശേഷം കായൽ കയ്യേറ്റം ക്രമാതീതമായി വർധിച്ചു. കായലിനോടു ചേർന്ന പ്രദേശങ്ങളുടെ നഗരവൽക്കരണം കയ്യേറ്റത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞു. കായലിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും വലിയതോതിൽ തകർന്നു. ഖര, ദ്രവ മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി വർധിച്ചതായും പഠന റിപ്പോര്‍ട്ട് അടിവരയിടുന്നു.
മന്ത്രി തോമസ് ചാണ്ടിക്കെതിരെ കായൽ കയ്യേറ്റം ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ, ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനറിപ്പോര്‍ട്ട്. റവന്യു രേഖകൾ കാണാനില്ലെന്നു പറഞ്ഞാലും ഉപഗ്രഹങ്ങളുടെ സഹായത്തോടെ കയ്യേറ്റങ്ങൾ കണ്ടെത്താൻ ഇക്കാലത്തു പ്രയാസമില്ലെന്ന മന്ത്രി തോമസ് ഐസക്കിന്റെ പ്രസംഗത്തിലെ പരാമര്‍ശവും ഒളിയമ്പായി.