കോഴിക്കോട് കക്കയം പെരുവണ്ണാമുഴിറിസർവോയറിന്റെ ഭൂമി കയ്യേറിയ സംഭവത്തിൽ ജലവിഭവ മന്ത്രി റിപ്പോർട്ട് തേടി. കയ്യേറ്റം സംബന്ധിച്ച് വിശദമായി റിപ്പോർട്ട് സമർപ്പിക്കാൻ ജലസേചന വകുപ്പ് ചീഫ് എൻജിനിയർക്കാണ് മന്ത്രി നിർദേശം നൽകിയത്. റിസർവോയറിന്റെ ഭൂമി കയ്യേറി റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.
അതിനിടെ ജലസേചന വകുപ്പ് നടത്തിയ പരിശോധനയിൽ ഭൂമിയിലെ കയ്യേറ്റം സ്ഥിരീകരിച്ചു. പെരുവണ്ണാമുഴി റിസർവോയറിന്റെ ഭൂമി കയ്യേറി റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചെന്ന മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് വകുപ്പ് മന്ത്രി നേരിട്ട് ഇടപെട്ടത്. ചീഫ് എൻജിനിയറോട് റിപ്പോർട്ട് ആവശ്യപ്പെട്ട മന്ത്രി കർശന നടപടിയെടുക്കാനും നിർദേശം നൽകി.
റിസർവോയറിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എൻജിനിയർ നടത്തിയ പരിശോധനയിലാണ് കയ്യേറ്റം സ്ഥിരീകരിച്ചത്. അതിർത്തി നിർണയിക്കാൻ സ്ഥാപിച്ച വേലിക്കല്ലുകൾ റിസോർട്ടിന് സമീപം ഇളക്കിമാറ്റിയിട്ടുണ്ട്. മതില്‍ നിര്‍മ്മിച്ചത് റിസര്‍വോയറിന്റെ ഭൂമിയിലാണ്. വൃഷ്ടിപ്രദേശത്തെ മണ്ണിളക്കിയത് റിസര്‍വോയറിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും പരിശോധനയിൽ കണ്ടെത്തി. കയ്യേറ്റത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്താനായി റവന്യു വകുപ്പുമായി ചേർന്ന് സർവേ നടത്തണമെന്നും അസിസ്റ്റന്റ് എൻജിനിയറുടെ റിപ്പോർട്ടിലുണ്ട്.