വീടിന്റെ നികുതി സ്വീകരിക്കാന്‍ ഹൈക്കോടതി പറഞ്ഞിട്ടും റവന്യൂ അധികൃതര്‍ തയാറാകുന്നില്ലെന്ന് പരാതി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ റപ്പായിയാണ് നികുതിയടയ്ക്കാന്‍ വില്ലേജ് ഓഫിസ് കയറിയിറങ്ങി മടുത്തത്.
തൃശൂര്‍ ഒല്ലൂരിലെ ഇരുപത്തിയെട്ടര സെന്റ് ഭൂമിയുടെ നികുതി അടയ്ക്കാന്‍ കഴിയാതെ ആറു വര്‍ഷമായി. വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും കയറിയിറങ്ങി മടുത്തു. അവസാനം, ഹൈക്കോടതിയെ സമീപിച്ചു. നികുതി സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത് കഴിഞ്ഞ മാര്‍ച്ചില്‍. എന്നിട്ടും റവന്യൂ അധികൃതര്‍ അനങ്ങിയില്ല. കോടതിയലക്ഷ്യം കാട്ടി ഹര്‍ജി നല്‍കി. ഇതിനു ശേഷം, ഡപ്യൂട്ടി കലക്ടര്‍ ഇടപ്പെട്ട് നികുതി സ്വീകരിക്കാന്‍ ഉത്തരവിട്ടു. പക്ഷേ, കോടതിയും മേലുദ്യോഗസ്ഥരും പറഞ്ഞിട്ടും നികുതി സ്വീകരിക്കാന്‍ തയാറല്ലെന്നാണ് റപ്പായിയുടെ പരാതി.
അയല്‍വാസികളുമായി അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് കീഴ്ക്കോടതിയില്‍ കേസുണ്ടെന്നാണ് റവന്യൂ അധികൃതരുടെ വിശദീകരണം. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ ഇങ്ങനെയൊരു കേസുണ്ടെന്ന് കൂട്ടി ആരും കക്ഷി ചേര്‍ന്നിട്ടില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ വീണ്ടും കാത്തിരിക്കുകയാണ് റപ്പായി.