കാഞ്ഞങ്ങാട്∙ വില്ലേജ് ഓഫിസിന്റെ പടികൾ കയറിയിറങ്ങുമ്പോൾ മനസ്സിൽ കണക്കുകൂട്ടാറുണ്ട് രാമൻ. കണക്കുകൂട്ടലുകൾ പിഴച്ചുപോയ ഈ നാലു വർഷത്തിനിടെ സർക്കാർ ഓഫിസിന്റെ പടികൾ അയാൾ കയറിയിറങ്ങിയത് 76 തവണ. ആവശ്യം നിസ്സാരമാണ്. അച്ഛന്റെ മരണശേഷം നഷ്ടപ്പെട്ട സ്ഥലത്തിന്റെ രേഖകൾക്കു പകരം കരമടയ്ക്കാൻ ചിട്ടയും അടങ്കൽ പകർപ്പും വേണം.പാണത്തൂർ ചെത്തുകയത്തെ എം.രാമനാണ് ചിത്താരി വില്ലേജിലെ അച്ഛന്റെ ആകെയുള്ള സമ്പാദ്യമായ 57 സെന്റ് സ്ഥലം കൈവിട്ടു പോകാതിരിക്കാൻ പെടാപ്പാടുപെടുന്നത്.
ചിത്താരി വില്ലേജിലെ രാവണീശ്വരം വെള്ളംതട്ടയിൽ 247–2എ, 247–2ബി സർവേ നമ്പറിൽ പെട്ട 57 സെന്റ് സ്ഥലത്തിന്റെ രേഖകളാണ് രാമന്റെ അച്ഛൻ മുന്തന്റെ മരണത്തോടെ കാണാതായത്. 1990വരെ മുന്തന്റെ ഭാര്യ സ്ഥലത്തിനു കൃത്യമായി കരവുമടച്ചിരുന്നു. എന്നാലിപ്പോൾ നഷ്ടപ്പെട്ട രേഖകൾക്കു പകരം കരമടയ്ക്കാനായി ചിട്ടയുടെയും അടങ്കലിന്റെയും പകർപ്പിനു വേണ്ടിയാണ് 65 വയസ്സ് പിന്നിട്ട ഈ ആദിവാസി വയോധികന്റെ ഓഫിസുകൾ കയറിയിറങ്ങിയുള്ള യാത്ര. വർഷങ്ങൾക്കു മുൻപേ മുന്തനും കുടുംബവും ഉപജീവനാർഥം കർണാടകയിലെ ചെത്തുകയത്തേക്കു താമസം മാറിയിരുന്നു.
പിന്നീട് ഇവിടെ 10സെന്റ് സ്ഥലം വാങ്ങി താമസമാക്കി. 90കൾ വരെ ചിത്താരിയിലുള്ള സ്ഥലത്തിന്റെ കരമെല്ലാം കൃത്യമായി അടച്ചിരുന്നു. ഇതിനിടയിൽ രാമന്റെ സഹോദരനും സഹോദരിയും മരിച്ചു. തുടർന്ന് അച്ഛന്റെ സ്ഥലത്തിന്റെ രേഖകൾ അന്വേഷിച്ചപ്പോഴാണ് നഷ്ടപ്പെട്ടെന്നു മനസ്സിലായത്. 2014ലാണ് ചിട്ടയുടെയും അടങ്കലിന്റെയും പകർപ്പ് ആവശ്യപ്പെട്ടു ചിത്താരി വില്ലേജിൽ അപേക്ഷ നൽകിയത്. എന്നാൽ രണ്ടു വർഷം കഴിഞ്ഞ് 2016ലാണ് ഇതു നൽകാമെന്നു കാണിച്ചു തഹസിൽദാർ ഉത്തരവിടുന്നത്. ഉത്തരവിറങ്ങി ഒരു വർഷത്തിനു ശേഷം കഴിഞ്ഞമാസം സ്ഥലത്തിന്റെ ചിട്ടയുടെ പകർപ്പ് കിട്ടി.
പിന്നീട് അടങ്കൽ പകർപ്പിനു വേണ്ടി വീണ്ടും അപേക്ഷ നൽകി. ഇതു തഹസിൽദാർ വില്ലേജ് ഓഫിസിലേക്ക് അയച്ചെങ്കിലും പകർപ്പ് ഇതുവരെയായി കിട്ടിയിട്ടില്ല. വില്ലേജിൽ അന്വേഷിക്കുമ്പോൾ അടങ്കൽ പകർപ്പ് ഇല്ലെന്നാണ് മറുപടിയെന്നു രാമൻ പറയുന്നു. സ്ഥലത്തിന്റെ രേഖകൾ നഷ്ടപ്പട്ടതോടെ തന്റെ സ്ഥലം കയ്യേറി സമീപവാസികൾ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്നു രാമൻ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടർക്കു പരാതി നൽകിയെങ്കിലും കയ്യേറ്റക്കാർ പിൻവാങ്ങിയിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇതോടെ ആകെയുള്ള സ്വത്തിനു വേണ്ടി നിയമനടപടി സ്വീകരിക്കാൻ പോലും കഴിയാതെ ഇദ്ദേഹം ആശങ്കയിലാണ്.