എറണാകുളത്ത് സെൻട്രൽ ജയിൽ ആരംഭിക്കണമെന്ന് ജയിൽ പരിഷ്കരണ കമ്മിഷൻ. ജയിൽ വകുപ്പിനെ പൊലീസിലേതിന് സമാനായി നാല് മേഖലകളായി തിരിക്കാൻ നടപടി ഉണ്ടാകണം. ജയിലുകളെയും കോടതികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ് സംവിധാനം നടപ്പിലാക്കണമെന്നും അലക്സാണ്ടർ ജേക്കബ് കമ്മിഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ജയിൽ പരിഷ്കരണം സംബന്ധിച്ച് ആറ് അധ്യായങ്ങളടങ്ങിയ റിപ്പോർട്ടാണ് അലക്സാണ്ടർ ജേക്കബ് അധ്യക്ഷനായ കമ്മിഷൻ സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ.. ജയിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ നാല് മേഖലകളിലായി കേന്ദ്രീകരിക്കുക. എറണാകുളം ആസ്ഥാനമാക്കി സെൻട്രൽ ജയിൽ ആരംഭിക്കുക.ഹൈക്കോടതിയും സിബിെഎ കോടതിയും എൻെഎഎ കോടതിയും കൈകാര്യം ചെയ്യുന്ന സുപ്രധാന കേസുകളിലെ പ്രതികളെ വിദൂര സ്ഥലങ്ങളിൽ നിന്ന് കൊച്ചിയിലെത്തിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ സെൻട്രൽ ജയിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും റിപ്പോർട്ടിലുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലേതടക്കം തകരാറിലായ മുഴുവൻ സിസിടിവി ക്യാമറകളും അടിയന്തരമായി പ്രവർത്തന സജ്ജമാക്കണം.ജില്ലാ ജയിലുകളെയും കോടതികളേയും തമ്മിൽ ബന്ധിപ്പിച്ച് വീഡിയോ കോൺഫറൻസിങ് സംവിധാനം നിലവിൽ വന്നാൽ അധിക ജോലിയിൽ നിന്ന് മൂവായിരം പൊലീസുകാരം ഒഴിവാക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
പൊന്നാനിയിലേയും തിരൂരുലേയും ജയിലുകൾ അടച്ചുപൂട്ടണം. തുറന്ന ജയിലുകളുടെ എണ്ണം വർധിപ്പിക്കണം. ജയിലുകളിൽ നിന്നുള്ള വരുമാനം നിലവിലെ പത്ത്കോടിയിൽ നിന്ന് ഇരുപത്തിയഞ്ച് കോടിയി വർധിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അലക്സാണ്ടർ ജേക്കബ് കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.