മുണ്ടൂർ∙നാടിറങ്ങിയ കാട്ടു കൊമ്പൻ വമ്പു കാണിക്കാതെ കാട് കയറി. സഞ്ചാരത്തിനിടെ മാർഗ തടസ്സം സൃഷ്ടിച്ച മതിലുകളും ഗെയ്റ്റും തട്ടിമാറ്റിയായിരുന്നു യാത്ര. ദേശീയപാത കടന്ന് അയ്യർമലയിൽ എത്തിയ ഒറ്റയാൻ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാനുള്ള സാധ്യത ഏറെയായിരുന്നു. മുമ്പ് ഇങ്ങനെ എത്തിയ മൂന്ന് ആനകളാണു നാടു മുഴുവൻ ചുറ്റി തിരിഞ്ഞ് അധികൃതരെ വട്ടം കറക്കിയത്. ഈ അനുഭവം ആവർത്തിക്കാതിരിക്കാൻ ഇവർ അതീവ ജാഗ്രതയിലായിരുന്നു. നാട്ടിലേക്ക് ഇറങ്ങിയാൽ തിരിച്ച് കയറ്റുക ശ്രമകരമാണ്.
ആയതിനാൽ പ്രധാനമായും പറളി തേനൂർ ഭാഗത്ത് ഇറങ്ങാനുള്ള നീക്കം വിഫലമാക്കാനാണു വനപാലക സംഘം ശ്രദ്ധിച്ചത്.പ്രദേശത്തെ വനാതിർത്തിയിൽ തീയിട്ട് തടസ്സം സൃഷ്ടിച്ചാണ് കൊമ്പന്റെ വഴി തടഞ്ഞത്. ഇതോടെ ആനയ്ക്ക് ദിശ മാറ്റേണ്ടി വന്നു പടക്കം പൊട്ടിച്ച് പിന്തുടർന്നതോടെ മുണ്ടൂർ ലക്ഷ്യമാക്കി പ്രയാണം തുടങ്ങി. പൂതനൂർ വഴിയാണ് ഒൻപതാം മൈലിൽ എത്തിച്ചത്.
ഇവിടെ നിന്നും സംസ്ഥാനപാത മുറിച്ചു കടന്ന് നാമ്പുള്ളിപ്പുര വഴി പോയി. തുടർന്നു കയറംകോടം ബസ് സ്റ്റോപ്പിനു സമീപം ദേശീയപാത മുറിച്ചു കടന്നു തൽസമയം അതു വഴി വന്ന ബൈക്ക് യാത്രികൻ ഒന്ന് അമ്പരന്നെങ്കിലും ആന ഗൗനിച്ചില്ല. കൂത്രകാപ്പ് മല ലക്ഷ്യമാക്കി പോയ ആനയെ പിന്നീട് കണ്ടിട്ടില്ല.
മലയോടു ചേർന്നുള്ള ധോണി വനത്തിലേക്കു മടങ്ങിപ്പോയി എന്നാണു വനപാലകർ കരുതുന്നത്. യാത്രയ്ക്കിടെ നാമ്പുള്ളിപ്പുര ചാത്തുണ്ണി, വാസു എന്നിവരുടെ ഗെയ്റ്റ് കയറംകോടം തോട്ടത്തിൽ അബ്ബാസിന്റെ വീട്ടു മതിൽ എന്നിവ തകർത്തു. പാലക്കീഴ് പാടശേഖരത്തിലെ കൊട്ടിലിങ്കൽ ശിവരാമകൃഷ്ണന്റെ നെൽക്കൃഷിയും ചവിട്ടിയരച്ചു.