തിരുവനന്തപുരം കോട്ടൂർ ആനപരിപാലന കേന്ദ്രത്തിന്റെ വികസനപ്രവർത്തനങ്ങൾ 105 കോടി രൂപ ചിലവിട്ട് രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേഖലയിൽ വിനോദസഞ്ചാരം വികസിപ്പിക്കാനും തൊഴിവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടൂരിൽ വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നാട്ടാനകളെ ഉടമകൾ ക്രൂരമായി ഉപദ്രവിക്കുന്ന പല സംഭവങ്ങളും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത്തരം സാഹചര്യയങ്ങളിൽ ആനകളെ ബലമായി പിടിച്ചെടുത്ത് പാർപ്പിക്കാനും മനുഷ്യർക്ക് ഉപദ്രവമുണ്ടാക്കുന്ന കാട്ടാനകളെ പിടികൂടി മെരുക്കാനും ആവശ്യമായ സൗകര്യം കോട്ടൂരിൽ ഒരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരാഴ്ചക്കാലം നീണ്ടുനിന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും മുഖ്യമന്ത്രി നിർവഹിച്ചു. വനംമന്ത്രി കെ.രാജു അധ്യക്ഷനായിരുന്നു.