പ്രായാധിക്യത്തെ തുടര്‍ന്ന് അവശനിലയിലായ പറവൂര്‍ കണ്ണന്‍കുളങ്ങര ക്ഷേത്രത്തിലെ ആനയ്ക്ക് ചികില്‍സയുറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. ആനയ്ക്ക് മതിയായ ചികില്‍സയും പരിചരണവും നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയാറാകുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രി ക്ഷേത്രത്തിലെത്തി ആനയുടെ സ്ഥിതി നേരിട്ട് കണ്ട് മനസിലാക്കിയത്.
കണ്ണന്‍കുളങ്ങര ശശി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിന്‍റെ ഉടമസ്ഥതയിലുളള ഏറ്റവും പ്രായം ചെന്ന ആനകളിലൊന്ന്. എണ്‍പത്തിയാറു വയസുണ്ട് ശശിക്ക്. നാലു മാസമായി തീരെ അവശനാണ്. പല്ലുകള്‍ കൊഴിഞ്ഞതോടെ തീറ്റെയടുക്കാനാവുന്നില്ല. വാതരോഗം കൂടിയായതോടെ സ്ഥിതി തീരെ മോശമായി. ആരോഗ്യസ്ഥിതി വളരെ മോശമായിട്ടും ചികില്‍സ നല്‍കാന്‍ ദേവസ്വം ബോര്‍ഡധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ആനയെ കാണാന്‍ ദേവസ്വം മന്ത്രിയെത്തിയത്.
ഭൂനിരപ്പില്‍ നിന്ന് രണ്ടരയടിയോളം ഉയരമുളള കോണ്‍ക്രീറ്റ് തറയിലാണ് ആനയെ തളച്ചിരിക്കുന്നത്. വനംവകുപ്പിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്തരത്തിലൊരു ആനത്താരയുടെ നിര്‍മാണം. എന്നാല്‍ ആനയുടെ വാതരോഗം മൂര്‍ഛിക്കാന്‍ കാരണമായത് ഇത്തരത്തില്‍ കോണ്‍ക്രീറ്റ് തറയില്‍ തളച്ചതു കൊണ്ടാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
തിരുവിതാംകൂര്‍ രാജകുംടുംബം ദേവസ്വം ബോര്‍ഡിന് കൈമാറിയ പത്ത് ആനകളില്‍ ജീവിച്ചിരിക്കുന്ന ഏക ആന കൂടിയാണ് കണ്ണന്‍കുളങ്ങര ശശി.