സര്‍ക്കസില്‍ ഇനി ആനകളെ ഉപയോഗിക്കാന്‍ കഴിയില്ല. രാജ്യത്തെ സര്‍ക്കസ് കമ്പനികള്‍ ആനകളെ ഉപയോഗിക്കരുതെന്ന് കേന്ദ്ര മൃഗശാല അധികൃതര്‍ ഉത്തരവിറക്കി. സര്‍ക്കസില്‍ ആനകള്‍ കടുത്ത പീഢനം നേരിടുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും വരെ ഹര്‍ജികള്‍ ലഭിച്ചിരുന്നു. ആനകളുടെ അവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മൃഗശാല അധികൃതരെ സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു.
ഇങ്ങനെ, സര്‍ക്കസ് കമ്പനികളില്‍ നടത്തിയ പഠനത്തിലാണ് ആനകള്‍ പീഢനം നേരിടുന്നതായി ബോധ്യപ്പെട്ടത്. 364 ദിവസത്തേയ്ക്കാണ് സര്‍ക്കസ് കമ്പനികള്‍ക്ക് ആനകളെ ഉപയോഗിക്കാന്‍ അനുമതി. ഈ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുതുക്കി നല്‍കുകയാണ് പതിവ്. എല്ലാ വര്‍ഷവും നവംബര്‍ ഒന്നിനാണ് ഈ പുതുക്കല്‍ നടപടികള്‍. പുതിയ ഉത്തരവ് വന്നതോടെ ഇനി മുതല്‍ സര്‍ക്കസ് കമ്പനികള്‍ക്ക് ആനകളെ ഉപയോഗിക്കാന്‍ അനുമതി കിട്ടില്ല.
പുതിയ ഉത്തരവുപ്രകാരം രാജ്യത്തെ സര്‍ക്കസ് കമ്പനികളിലുള്ള അറുപത്തിയെട്ട് ആനകളെ ഉടനെ അതതു സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കേണ്ടി വരും. ഒരു ആനയ്ക്ക് അന്‍പതു സെന്റ് സ്ഥലമെങ്കിലും ഒരുക്കണം. ഇതു നിരീക്ഷിക്കാന്‍ ആനസംരക്ഷണ സമിതി രൂപികരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇനി മുതല്‍ , സര്‍ക്കസില്‍ ആനകളുടെ വിവിധ പ്രകടനങ്ങള്‍ കാഴ്ചക്കാരെ രസിപ്പിക്കാന്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി.