വയനാട് ബത്തേരിടൗണിലും കാട്ടു കൊമ്പനെത്തി. നഗരത്തിലെ ഒരു കടയുടെ സിസിടിവിയിലാണ് രാത്രി നാട്ടിലിറങ്ങിയ ആനയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതേ സ്ഥലത്ത് തന്നെ നേരത്തെയും ആന വന്നത് കാമറയിൽ പതിഞ്ഞിരുന്നു.
ബത്തേരി ടൗണിലാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. തൊട്ടുമുന്നിൽ ഒരു വലിയ പ്ലാവ് മരവും ഉണ്ട്. കുറച്ചപ്പുറം കാടാണ്. ഈ വഴിയിലൂടെ രാത്രി സമയവും നിരവധി പേർ സഞ്ചരിക്കാറുണ്ട്. ഇനി ഇക്കഴിഞ്ഞ മെയ്മാസം 22 ന് പുലർച്ചെ ഹോട്ടലിന്റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ കാണാം. തൊട്ടുത്ത പ്ലാവിനു സമീപം കൊമ്പനാന നിൽക്കുന്നു. കുറേസമയം അവിടെ ചുറ്റിത്തിരിയുന്നു. കടയ്ക്ക് അഭിമുഖമായും ആന നിൽക്കുന്നു. സമാനമായ സംഭവം കഴിഞ്ഞ ദിവസം രാത്രിയും നടന്നു.
സാങ്കേതികപ്രശ്നങ്ങൾ കാരണം സിസിടിവിയിൽ നിന്നും വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചില്ല. പക്ഷെ ഫോട്ടോ ലഭിച്ചു. വയനാട്ടിലെ ഏറ്റവും വലിയ ടൗണുകളിലൊന്നാണ് ബത്തേരി. നൂറുകണക്കിനാളുകൾ ദിവസവും വരുന്നു. ആന നാലോ അഞ്ചോ ചുവടുകൂടിവെച്ചാൽ ദേശീയപതയിലേക്ക് കയറും. ഗ്രാമപ്രദേശങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങാറുണ്ടെങ്കിലും നഗരത്തിൽ സാന്നിധ്യമുണ്ടായിരുന്നില്ല.