ഹർത്താൽ ദിനത്തിൽ യാത്ര സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും സപ്ളൈകോയുടെ പമ്പുകൾ പോലും തുറന്നില്ല. ഇതോടെ ഇന്ധനവില വർധനക്കെതിരെ നടത്തിയ ഹർത്താലിൽ ഡീസലും പെട്രോളും കിട്ടാതെ ഇതരസംസ്ഥാന യാത്രക്കാരടക്കം വലഞ്ഞു.
കേരളത്തിൽ ഹർത്താലെന്ന് അറിയാതെ ബെംഗളൂരിവിൽ നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടതാണിവർ. തിരുവനന്തപുരത്തെത്തിയതോടെ ഡീസൽ തീർന്നു. നഗരത്തിലെ സപ്ളൈകോയുടെ പമ്പിലടക്കമെത്തിയെങ്കിലും ഒരു രക്ഷയുമില്ല. അങ്ങിനെ ഈ പകൽ പെരുവഴി ശരണം.
ഹർത്താൽ ദിനത്തിൽ വാഹനങ്ങളിറക്കിയും കടകൾ തുറന്നും പ്രതികരിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെയടക്കം ആഹ്വാനം. അതുകൊണ്ട് തന്നെ സർക്കാർ നിയന്ത്രണത്തിലെ സപ്ളൈകോ പമ്പെങ്കിലും തുറക്കുമെന്നായിരുന്നു യാത്രക്കാരുടെ പ്രതീക്ഷ.
തിരുവനന്തപുരത്തെ പമ്പിലെത്തിയ യാത്രക്കാർ കൂട്ടത്തോടെ പമ്പ് തുറക്കണമെന്ന് ആവശ്യപ്പെട്ടു. സംരക്ഷണം നൽകാമെന്ന് പൊലീസും അറിയിച്ചെങ്കിലും ജീവനക്കാരില്ലെന്ന പേരിൽ പമ്പ് തുറന്നില്ല. അങ്ങിനെ ഡീസലിനും പെട്രോളിനുമായുള്ള ഹർത്താലിൽ ഡീസലും പെട്രോളും കിട്ടാതെ യാത്രക്കാർ വലഞ്ഞു.