മധ്യകേരളത്തില്‍ യുഡിഎഫ് ഹര്‍ത്താലില്‍ മൂന്നിടത്ത് പൊലീസ് ലാത്തിചാര്‍ജ്. പതിവ് ഹര്‍ത്താല്‍ ദിനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസിയും കാര്യമായി നിരത്തിലിറങ്ങി. എന്നാല്‍ സ്വകാര്യ ബസ് സര്‍വീസ് ഇല്ലാതിരുന്നതും കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നതും ജനത്തെ വലച്ചു.
ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവും,ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നെങ്കിലും നിരത്തിലിറങ്ങിയ സാധാരണക്കാരിലേറെയും ഇതുപോലെ വലഞ്ഞു. മധ്യകേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലുണ്ടായിരുന്നു. കൊച്ചി മെട്രോയും മുടങ്ങിയില്ല. എന്നാല്‍ സ്വകാര്യബസുകള്‍ പൂര്‍ണമായും സര്‍വീസ് നിര്‍ത്തിയത് ജനത്തെ വലച്ചു.
കൊച്ചി പാലാരിവട്ടത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ബസ് തടയാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ സംഘര്‍ഷമായി. മുണ്ടൂരില്‍ പൊലീസ് ലാത്തിചാര്‍ജില്‍ ഏഴു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
ആലപ്പുഴ കായംകുളത്തും,അമ്പലപ്പുഴയും ഹര്‍ത്താലനുകൂലികള്‍ക്കു നേരെ പൊലീസ് ലാത്തിവീശി. ആലപ്പുഴ നഗരത്തില്‍ ഹര്‍ത്താലനുകൂലികള്‍ കടയുടമയെ പൂട്ടിയിട്ടതും സംഘര്‍ഷത്തിന് വഴിവച്ചു. പട്ടണക്കാട് റോഡ് തടഞ്ഞ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.
കോട്ടയം കുമരകത്തും,ഇടുക്കി മൂന്നാറിലും ടൂറിസം മേഖലയെയും ഹര്‍ത്താല്‍ കാര്യമായി ബാധിച്ചു.