യൂറോപ്യൻ ലീഗുകളിലെ ഫുട്ബോൾ ആരാധകരുടെ വഴിയിലാണോ ബ്ലാസ്റ്റേഴ്സിന്റെയും ബെംഗളൂരു എഫ്സിയുടെയും ആരാധകസമൂഹം? ഇന്ത്യൻ ഫുട്ബോളിൽ കൊൽക്കത്തയ്ക്കു പുറത്ത് കാര്യമായി പ്രകടമാകാതിരുന്ന അങ്കക്കലി ആദ്യം പ്രകടമായത് കഴിഞ്ഞദിവസം ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ എഎഫ്സി കപ്പ് മൽസരത്തിനിടെ. കളികാണാൻ മുൻ ബെംഗളൂരു താരങ്ങളും ഇപ്പോൾ ബ്ലാസ്റ്റേഴ്സ് അംഗങ്ങളുമായ സി.കെ. വിനീതും റിനോ ആന്റോയും എത്തിയപ്പോൾ അവർക്കു മുൻപിൽ ബ്ലാസ്റ്റേഴ്സിനുമേൽ അസഭ്യം ചൊരിയുന്ന പാട്ടുയർന്നു. ബെംഗളൂരു എഫ്സി കളിക്കുമ്പോഴെല്ലാം ആരാധക സമൂഹം സ്തുതിഗാനങ്ങൾ കൂട്ടത്തോടെ ആലപിക്കാറുണ്ട്. വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്നാണു ബെംഗളൂരു ആരാധകർ അറിയപ്പെടുന്നത്. അവരിൽ പലരും മലയാളികളുമാണ്. റിനോ ആന്റോയെക്കുറിച്ചും മുൻ സീസണുകളിൽ സ്തുതിഗാനങ്ങൾ പാടിയിട്ടുള്ളവരാണു ബ്ലൂസ്. ഇവരിൽ പലരും മുൻ സീസണുകളിൽ കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് കളിക്കുമ്പോൾ ‘ബ്ലാസ്റ്റേഴ്സ് ഫാൻസ്, ബെംഗളൂരു’ എന്ന രീതിയിൽ ബാനറുകളുമായി സ്റ്റേഡിയത്തിലെത്തി ആർത്തുവിളിക്കുന്നവരും ആയിരുന്നു. ഐഎസ്എല്ലിലേക്കു ബെംഗളൂരു എഫ്സി കടന്നുവന്നപ്പോൾ വിനീതും റിനോയും കേരളത്തിലേക്കു മടങ്ങിയതാവാം ആരാധകരിൽ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്.
മുറിപ്പെടുത്തി: റിനോ
‘‘സംഭവം മുറിപ്പെടുത്തി. ബെംഗളൂരു ടീമിന്റെ ആരാധകനും ഇന്ത്യൻ ഫുട്ബോളിന്റെ പിന്തുണക്കാരനുമായാണു ഗ്യാലറിയിലേക്കു കടന്നുചെന്നത്. വെസ്റ്റ് ബ്ലോക്ക് സ്റ്റാൻഡിൽ കാണികളിൽ ഒരാളായി ഇരുന്നു കളി കാണണം എന്നതൊരു ആഗ്രഹമായിരുന്നു. അതു സാധിച്ചു. എനിക്കു കിട്ടിയ സ്വീകരണം വിസ്മയകരായിരുന്നു. പക്ഷേ, ഒരു വിഭാഗം എന്റെ ടീമിനെതിരെ പാടി.’’ -റിനോ ആന്റോ.
ഉൾക്കൊള്ളുന്നു: വിനീത്
‘‘ഇതു പ്രതീക്ഷിച്ചതല്ല, പക്ഷേ, ഞാനതിനെ ഉൾക്കൊള്ളുന്നു, ശരിയായ സ്പിരിറ്റിൽത്തന്നെ. ഫുട്ബോൾ ത്രസിപ്പിക്കുന്ന കളിയാണ്. കളത്തിൽ 90 മിനിറ്റും ആക്‌ഷൻ. തമാശയ്ക്കു കളിയാക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാറുണ്ട് ഗ്യാലറികൾ. മൂന്നരവർഷമായി വെസ്റ്റ് ബ്ലോക്ക് ബ്ലൂസുമായി നല്ല ബന്ധമായിരുന്നു. ഇനി മഞ്ഞക്കുപ്പായത്തിൽ വരുമ്പോഴും അങ്ങനെ തന്നെ ആയിരിക്കും എന്നുറപ്പുണ്ട്.’’ -സി.കെ. വിനീത്
ആരാധകർ പരിധിവിടരുത്: വിജയൻ
‘‘ഇന്ത്യൻ ഫുട്ബോളിനു പേരും പെരുമയുമൊക്കെ കിട്ടിവരുന്ന സമയത്താണു ചില ആരാധക വൃന്ദങ്ങൾ തമ്മിലുള്ള തർക്കം പരിധിവിടുന്നതായി കാണുന്നത്. ആരാധകർ തമ്മിലുള്ള ബഹളം എല്ലാ ഫുട്ബോൾ രാജ്യങ്ങളിലുമുണ്ട്. ചിലപ്പോൾ അതു രക്തച്ചൊരിച്ചിൽവരെ ഉണ്ടാക്കുന്നുതു നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരു ആരാധക സംസ്കാരത്തിലേക്കു ഇന്ത്യ പോകണോ എന്നു ചിന്തിക്കണം. നമ്മുടെ ഫുട്ബോൾ വളർന്നുവരുന്ന സമയത്ത് ഇത്തരത്തിലുള്ള മോശം പ്രവണതകൾ അല്ല ആദ്യം പഠിക്കേണ്ടത്. ഫുട്ബോളാണു വലുത്. ഒരു കളിക്കാരൻ ക്ലബ് മാറിപ്പോകുമ്പോൾ ചീത്തവിളിക്കുകയല്ല വേണ്ടത്. അത്തരത്തിലുള്ള മാറ്റങ്ങൾ ഫുട്ബോളിൽ സർവസാധാരണമാണ്. ബംഗാളിനു വേണ്ടി 1992ൽ സന്തോഷ് ട്രോഫി കളിച്ചപ്പോൾ കോയമ്പത്തൂരിൽ മലയാളികളായ ആരാധകർ എന്നെ കൂക്കുവിളിച്ചു. അന്ന് ചീത്തവിളിച്ചു വീട്ടിലേക്കുവന്ന കത്തുകൾക്കു കണക്കില്ല. അടുത്തവർഷം കേരളത്തിനു വേണ്ടി കളിച്ചപ്പോൾ അതേ ആരാധകർ കയ്യടിയോടെ എതിരേറ്റു. ഇത് ആരാധകരുടെ രണ്ടു തലത്തെയാണു കാണിക്കുന്നത്. നമുക്ക് ഫുട്ബോളിനെ സ്നേഹിക്കാം. വിവേകമുള്ളവരാകാം.’’ -ഐ.എം. വിജയൻ
ബെംഗളൂരു മഞ്ഞക്കടലാക്കും: ആരാധകർ
‘‘ബ്ലാസ്റ്റേഴ്സ് വളർന്നു, കൂടെ മഞ്ഞപ്പടയും. ശത്രുക്കൾ അധികരിച്ചു. ബ്ലാസ്റ്റേഴ്സിനെ ആക്ഷേപിച്ച് അശ്ലീലഗാനം ആലപിച്ചതിനെതിരെ പ്രതികരിക്കണം. ബെംഗളൂരുവിനെതിരെ കളിക്കാൻ കണ്ഠീരവ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് എത്തുമ്പോൾ സ്റ്റേഡിയം മഞ്ഞപുതയ്ക്കണം. ഓരോരുത്തരും മുൻകൈ എടുക്കണം. വിരലിൽ എണ്ണാവുന്ന നീലകൾക്കു മുൻപിൽ മഞ്ഞപ്പട തല ഉയർത്തി നിൽക്കും. പ്രതികരിക്കൂ, കലൂരിൽ അല്ല, ബെംഗളൂരുവിൽ.’’
∙മഞ്ഞപ്പട
ജംഷഡ്പൂർ എഫ്സി കറിവേപ്പിലയോ?
വിക്കിപീഡിയയിൽ ജംഷഡ്പൂർ എഫ്സിയുടെ അപരനാമമെന്ന നിലയ്ക്ക് ‘കേരള ബ്ലാസ്റ്റേഴ്സിന്റെ കറിവേപ്പില’ എന്നു ചേർത്തതാര്? ബ്ലാസ്റ്റേഴ്സ് ആരാധകരെന്നു ജംഷഡ്പൂർ ആരാധകർ. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സ് കളിക്കാരെ മുൻ കോച്ച് സ്റ്റീവ് കൊപ്പൽ ജംഷഡ്പൂർ എഫ്സിയിൽ എടുത്തതിന്റെ പ്രതികരണമാണിതെന്നു വ്യക്തം. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ കറതീർന്ന മഞ്ഞപ്പടക്കാർ ഇങ്ങനെ ചെയ്യില്ലെന്നു വാദിക്കുന്നവരുണ്ട്. കൊപ്പലിനെയും വിട്ടില്ല ചിലർ. കഴിഞ്ഞ സീസണിൽ കളിക്കാരുടെ ബെഞ്ചിന്റെ ഭാഗമായ റഫ്രിജറേറ്ററിനടുത്തു ശാന്തനായി നിന്നു കളികാണുന്ന കൊപ്പലിന്റെ ചിത്രം ‘ഫ്രിജിനടുത്ത് ആശാൻ’ എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിലിട്ടു. മുൻ കളിക്കാരെ വലവീശിപ്പിടിച്ചതു കൊപ്പലാണെന്ന ആക്ഷേപം ചില കേന്ദ്രങ്ങളിൽനിന്നുണ്ടായി. ഇക്കുറി ബ്ലാസ്റ്റേഴ്സ് വിളിക്കാത്ത കളിക്കാരെ ജംഷഡ്പൂർ വിളിച്ചതു വലിയ കുറ്റമാണോ എന്നു ചോദിക്കുന്നവരുമുണ്ട് കളിയാസ്വാദകരിൽ.
ബ്ലാസ്റ്റേഴ്സ് വൃദ്ധസദനമോ?
ജംഷഡ്പൂർ എഫ്സിയെ ബ്ലാസ്റ്റേഴ്സിന്റെ കറിവേപ്പില എന്നു കളിയാക്കിതിനുള്ള മറുപടിയാണു ‘ബ്ലാസ്റ്റേഴ്സ് വൃദ്ധസദനം’ എന്ന ആക്ഷേപം. അതിനു പിന്നിൽ ടാറ്റായുടെ ടീമിന്റെ ആരാധകരാണെന്നു കേരളത്തിന്റെ ആരാധകർ. 35 കടന്ന ബെർബറ്റോവ്, റെച്ചൂക്ക, വെസ് ബ്രൗൺ എന്നിവരെ ടീമിൽ എടുത്തതും ജൂലിയോ ബാപ്റ്റിസ്റ്റയ്ക്കായി ശ്രമം തുടരുന്നതുമാണ് ആക്ഷേപത്തിന് അടിസ്ഥാനമായി പറയുന്നത്. പ്രായമുള്ളവർക്കു സ്വാഭാവികമായും പരിചയസമ്പത്തുണ്ടാകും. അത്തരം കളിക്കാരെ ടീമിലെടുക്കുന്നതു കുറ്റമാണോ എന്ന ചോദ്യവും ഉയരുന്നു.