ഐഎസ്എല്‍ നാലാം സീസണില്‍ പ്രാദേശിക താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്‍റ്. സ്പെയിനിലായിരിക്കും ഇത്തവണ ടീമിന്‍റെ വിദേശ പരിശീലനം. പരിചയ സമ്പന്നര്‍ക്കൊപ്പം യുവാക്കളെയും ചേര്‍ത്തുളള ടീമിന് ഇക്കുറി കപ്പുയര്‍ത്താനാകുമെന്ന പ്രതീക്ഷയും ടീം മാനേജ്മെന്‍റെ പങ്കുവച്ചു.
ആകെയുളള 25 ടീമംഗങ്ങളില്‍ 8 പേര്‍ മാത്രമാവും വിദേശ താരങ്ങള്‍. ബാക്കി പതിനേഴു പേരും ഇന്ത്യയില്‍ നിന്നുളളവര്‍ തന്നെയാവും. ഇവരില്‍ പ്രാദേശിക താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നാണ് ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെന്‍റിന്‍റെ ഉറപ്പ്. ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്നെയാണോ ഇപ്പോഴും ബ്ലാസ്റ്റേഴ്്സിലെ മുഖ്യ ഓഹരി ഉടമ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തയാറായില്ല.
ടീമിന്‍റെ പരിശീലന ക്യാമ്പ് ഉടന്‍ തുടങ്ങുമെന്നും ലീഗിന് മുമ്പായി വിദേശ താരങ്ങളും ഒപ്പം ചേരുമെന്നും ടീം മാനേജ്മെന്‍റ് അറിയിച്ചു.