ഇന്ത്യയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ വിഷത്തിന്‍റെ കാര്യത്തില്‍ രാജവെമ്പാലയ്ക്കു തൊട്ടു പിന്നിലാണ് ശംഖുവരയന്‍ അഥവാ വെള്ളിക്കെട്ടന്‍ എന്ന പാമ്പിന്‍റെ സ്ഥാനം. വിഷത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല മറ്റു പാമ്പുകളെ ഭക്ഷണമാക്കുന്ന കാര്യത്തിലും രാജവെമ്പാലയ്ക്ക് പിന്നിൽ ശംഖുവരയന്‍ പാമ്പുകളുണ്ട്. നീര്‍ക്കോലി വിഭാഗത്തില്‍ പെട്ട പാമ്പിനെ ശംഖുവരയന്‍ വിഴുങ്ങുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഇന്ത്യയില്‍ നിന്നു പകര്‍ത്തിയ ഈ ദൃശ്യം ഇപ്പോള്‍ രാജ്യാന്തര ഓൺലൈൻ മാധ്യമങ്ങളിലും ചർച്ചയാവുകയാണ്. ഇന്ത്യയില്‍ എവിടെനിന്നാണ് ഈ ദൃശ്യം ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഒരു വീടിനു സമീപത്തു വച്ച് നീര്‍ക്കോലിയെ വിഴുങ്ങുന്ന വെള്ളിക്കെട്ടനാണ് ദൃശ്യങ്ങളിലുള്ളത്. നീര്‍ക്കോലിയെ പാമ്പ് പൂര്‍ണ്ണമായും അകത്താക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
പാമ്പുകളെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പു ജീവനക്കാരാണ് ഈ ദൃശ്യം പകര്‍ത്തിയത്. നീര്‍ക്കോലിയെ പൂര്‍ണ്ണമായും വിഴുങ്ങിയ ശേഷമാണ് വനം വകുപ്പ് വെള്ളിക്കെട്ടനെ പിടികൂടി സഞ്ചിയിലാക്കിയത്. പിറ്റേന്നു രാവിലെ പാമ്പിനെ കാട്ടിലേക്കു തുറന്നുവിടുകയും ചെയ്തു.
ഇന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന വിഷപ്പാമ്പാണ് വെള്ളിക്കെട്ടന്‍. രാത്രികാലങ്ങളില്‍ ഇര തേടിയിറങ്ങുന്ന ഇവ പ്രകോപിപ്പിച്ചാല്‍ മാത്രം ആക്രമിക്കുന്നവയാണ്. രണ്ടര മീറ്റര്‍ വരെ നീളം വയ്ക്കുന്ന പാമ്പുകളാണ് ഇവ. ഈ ഗണത്തിൽ പെട്ട പാമ്പുകൾ കടിക്കുമ്പോൾ ശരീരത്തിലേൽപ്പിക്കുന്ന വിഷത്തിന്റെ അളവ് വളരെ കൂടുതലായതിനാല്‍ കടിയേല്‍ക്കുന്ന ആള്‍ക്ക് മണിക്കൂറുകൾക്കകം തന്നെ മരണം സംഭവിക്കാം.