വാണിയംകുളം മാന്നനൂർ എയുപി സ്കൂളിൽ ക്ലാസ് മുറിക്കു സമീപം പാമ്പിന്റെ അടയിരിപ്പ്. അഞ്ചാം ക്ലാസിലേക്കു പ്രവേശിക്കുന്ന ഭാഗത്തെ ചവിട്ടുപടിയിലാണ് ഇന്നലെ രാവിലെ പാമ്പിനെയും അഞ്ചു മുട്ടകളെയും കാണപ്പെട്ടത്. സ്കൂളിൽ നേരത്തെ എത്തിയ ബസിലെ സഹായി സേതുവാണ് ആദ്യം പാമ്പിനെ കണ്ടത്. ഇതാേടെ വിദ്യാർഥികളെ ഈ ഭാഗത്തു നിന്നു മാറ്റി നിർത്തി. സേതുവും അധ്യാപകരും ചേർന്നു പമ്പിനെ ഇവിടെ നിന്നു വടികൊണ്ട് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.
മുട്ടകൾക്കു സമീപം ചുരുണ്ടുകിടക്കുകയായിരുന്നു പാമ്പ്. ഇതിനിടെ സ്കൂളിൽ വിദ്യാർഥികളുമായെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർ രാജേഷ് പാമ്പിനു കയറാൻ പാകത്തിൽ സമീപത്തു ചാക്ക് വിരിച്ചുകൊടുത്തു. അൽപ്പസമയത്തിനകം പാമ്പ് ചാക്കിനുള്ളിൽ കയറി. ഇതിനിടെ കുട്ടിയുമായെത്തിയ രക്ഷിതാവ് ബാലഗോപാൽ പാമ്പ് കയറിയ ചാക്ക് സ്കൂളിനു പിറകിൽ ഒഴിഞ്ഞ പ്രദേശത്തേക്കു മാറ്റിയിട്ടതോടെ ആശങ്കയ്ക്കു വിരാമമായി. മുട്ടകളും ചാക്കിൽ നിക്ഷേപിച്ചു. ഇതിനു ശേഷമാണു ക്ലാസ് തുടങ്ങിത്.വിവരമറിഞ്ഞ് ഒറ്റപ്പാലം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസിൽ നിന്നെത്തിയ വനപാലകർ പാമ്പും മുട്ടകളും അടങ്ങിയ ചാക്ക് കൊണ്ടുപോയി. പാമ്പിനെ കാട്ടിലേക്കു തുറന്നുവിടുമെന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.