മൂർഖനെ പേടിച്ചു രാത്രി മുഴുവൻ ഉറങ്ങാതെ ഒരു കുടുംബം. മൂർഖന്റെ സാന്നിധ്യം അറിയിച്ചു കുടുംബത്തെ രക്ഷിച്ചതു വീട്ടിലെ കിങ്ങിണിപ്പൂച്ച. കുമരകം പള്ളിച്ചിറയ്ക്കു സമീപം പുതുപ്പറമ്പിൽ സുകുമാരനെയും കുടുംബത്തെയുമാണു രാത്രി ഉറക്കാതെ മൂർഖൻ മുൾമുനയിൽ നിർത്തിയത്. മൂർഖൻ പടം പൊഴിച്ചത് പൂച്ച കൊണ്ടുവന്നില്ലായിരുന്നെങ്കിൽ വീടിനുള്ളിൽ മൂർഖനുള്ള വിവരം അറിയാതെ കുടുംബം ഉറങ്ങാൻ കിടക്കുമായിരുന്നു. ഞായറാഴ്ച രാത്രി ഒൻപതിനു വീട്ടിലെ കിങ്ങിണി എന്ന പേരുള്ള പൂച്ച പാതകത്തിനടിയിൽ നിന്നു മൂർഖൻ പടം വലിച്ചു വീട്ടുകാരുടെ മുന്നിലിട്ടതോടെയാണു സംഭവങ്ങൾക്കു തുടക്കം.
അന്വേഷണത്തിൽ മൂർഖൻ അടുക്കളയിൽ തന്നെയുണ്ടെന്നു കണ്ടെത്തി. അപ്പോൾ തന്നെ വീട്ടുകാർ വാവാ സുരേഷിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. ഇതിനോടകം മൂർഖൻ പാതകത്തിനടിയിലെ പൊത്തിൽ ഒളിച്ചിരുന്നു തിങ്കളാഴ്ച പുലർച്ചെയോടെ വാവാ സുരേഷ് വീട്ടിലെത്തി പാതകത്തിനടി ഭാഗം പൊളിച്ചെങ്കിലും മൂർഖനെ കണ്ടെത്താനായില്ല. ഈ സമയത്താണു കുമരകത്തു തന്നെയുള്ള വടക്കത്തുശേരി റോണി ഏബ്രഹാമിന്റെ വീടിന്റെ വിറകുപുരയിൽ മൂർഖൻ ഉണ്ടെന്നു വാവാ സുരേഷിനു ഫോൺ സന്ദേശം വന്നത്.
ഇതെത്തുടർന്നു അവിടെ പോയി അഞ്ചു വയസ്സുള്ള ആറടി നീളമുള്ള മൂർഖനെ പിടികൂടി. പള്ളിച്ചിറയിലെ വീട്ടിലെത്തി പാതകത്തിനടിയിൽ നിന്നു പിന്നീടു മൂർഖനെ പിടികൂടുകയും ചെയ്തു. എട്ടുമാസം പ്രായമുള്ള ഈ മൂർഖനു രണ്ടടി നീളമുണ്ടായിരുന്നു. രണ്ടു മൂർഖൻ പാമ്പുകളെയും തിരുവല്ലയിലെ വനംവകുപ്പിനു കൈമാറി. പിടികൂടിയ മൂർഖൻ അവശനിലയിലായതിനാൽ ഇതിനെ ചികിൽസയ്ക്കായി തിരുവനന്തപുരത്തിനു കൊണ്ടുപോയി.
പിന്നെയും പാമ്പ്
ആർപ്പൂക്കര കോലേട്ടമ്പലത്തിനു സമീപം അർജുൻ നിവാസ് ഭവനിലെ സുരേഷ് ബാബുവിന്റെ മതിലിനിടയിൽ ഒളിച്ച മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടി. ആറടി നീളമുള്ള പാമ്പിന് എട്ടു വയസ്സുണ്ട്.