തളിപ്പറമ്പ് ∙ കാട് തെളിച്ചുകൊണ്ടിരുന്നയാൾ കണ്ടെത്തിയ ‘രാജവെമ്പാല’ നാടിനെ മണിക്കൂറുകളോളം വിറപ്പിച്ചു. തലശ്ശേരി പന്ന്യന്നൂർ പൂക്കോട്ട്താഴെ പ്രദേശമാണ് കഴിഞ്ഞദിവസം ഉച്ചമുതൽ വൈകിട്ടു വരെ മുൾമുനയിൽ കഴിഞ്ഞത്. വനം വകുപ്പും പൊലീസും ഇടപെട്ട് 60 കിലോമീറ്ററോളം ദൂരെ തളിപ്പറമ്പിൽ നിന്നു വനം വകുപ്പിന്റെ ദ്രുതകർമസേനാംഗമെത്തി കസ്റ്റഡിയിലെടുത്ത രാജവെമ്പാലയെ കണ്ട് നാടൊട്ടാകെ ചിരിപടര്‍ന്നു.
ആരോ ഉപേക്ഷിച്ചുപോയ കറുപ്പും വെളുപ്പും നിറമുള്ള പഴയൊരു പ്ലാസ്റ്റിക് സഞ്ചിയായിരുന്നു നാടിനെ വിറപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ പൂക്കോട്ടുതാഴെ ഒരു വീട്ടുപറമ്പിൽ യന്ത്രം ഉപയോഗിച്ച് കാട് തെളിച്ചുകൊണ്ടിരിക്കുന്നയാളാണ് രാജവെമ്പാല ചുരുണ്ടു കിടക്കുന്നതു കണ്ടത്. രണ്ടാമതൊന്നു നോക്കാൻ പോലും നിൽക്കാതെ ഇദ്ദേഹം ഓടിരക്ഷപ്പെട്ടു.
ഓടുന്നവഴിയിൽ വീട്ടുകാർക്കും അപകട മുന്നറിയിപ്പു നൽകി. ഭീതിയിലായ വീട്ടുകാരും സമീപത്തേക്ക് പോകാതെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനം വകുപ്പ് അധികൃതർ രാജവെമ്പാല ഉൾപ്പെടെയുള്ള പാമ്പുകളുടെ തോഴനും വനംവകുപ്പിന്റെ ആർആർടി സ്ക്വാഡ് അംഗവുമായ എം.പി.ചന്ദ്രനു വിവരം നൽകി.
തളിപ്പറമ്പിൽ നിന്ന് അൽപം ദൂരെ മൊറാഴയിൽ ഒരു സ്ഥാപനത്തിൽ ജോലിയിലായിരുന്ന ചന്ദ്രൻ വീട്ടുകാരുടെ ഫോൺ നമ്പർ വാങ്ങി അവരുമായി ബന്ധപ്പെട്ടു. വിവരങ്ങൾ ചോദിച്ചപ്പോൾ ഭയങ്കര പാമ്പാണെന്നും ഇപ്പോഴും അവിടെ കിടക്കുന്നുണ്ടെന്നും വീട്ടുകാർ പറഞ്ഞു. പന്ന്യന്നൂർ പോലെയുള്ള സ്ഥലത്ത് രാജവെമ്പാലയുണ്ടാവില്ലെന്നും ഉണ്ടെങ്കിൽ തന്നെ മനുഷ്യനെ കണ്ടാൽ അതു സ്ഥലംവിടുമെന്നും പെരുമ്പാമ്പാകാനാണ് സാധ്യതയെന്നും ചന്ദ്രൻ പറഞ്ഞു.
അതിനെ ശല്യപ്പെടുത്താതിരുന്നാൽ അതിന്റെ വഴിക്കു പോകുമെന്നും നിർദേശം നൽകി. എന്നാൽ മിനിറ്റുകൾക്കുള്ളിൽ പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നായി അടുത്ത വിളി. ജനവാസമേറിയ സ്ഥലമാണെന്നും ഉടൻ എത്തി രാജവെമ്പാലയെ പിടികൂടണമെന്നുമായിരുന്നു നിർദേശം.
തുടർന്നു ജോലി നിർത്തി 10 കിലോമീറ്ററോളം ദൂരെയുള്ള കുറ്റിക്കോലിലെ വീട്ടിലെത്തി വസ്ത്രം മാറി തളിപ്പറമ്പ് – കണ്ണൂർ വഴി തലശ്ശേരിയിലും അവിടെ നിന്നു വൈകിട്ടോടെ പൂക്കോട്ട്താഴെയും എത്തിയപ്പോൾ പാമ്പ് അതേപോലെ തന്നെ കിടക്കുന്നു.
അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ഏതോ തുണിക്കടയുടെ കറുപ്പും വെളുപ്പും നിറമുള്ള സഞ്ചി ചുരുണ്ടു കിടന്നതാണെന്നു മനസ്സിലായത്. സഞ്ചി പുറത്തെടുത്തപ്പോൾ നാടിന്റെ ഭീതി ചിരിക്കു വഴിമാറി. വനം വകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ച് ചന്ദ്രൻ തിരിച്ചു വീട്ടിലെത്തിയപ്പോൾ രാത്രിയായിരുന്നു.