ആയിരം സിസി എൻജിനുമായി കാർബെറി ബുള്ളറ്റ് ഇന്ത്യൻ വിപണിയില്‍. റോയൽ എൻഫീൽഡിന്റെ രണ്ട് 500 സിസി എൻജിൻ ഉപയോഗിച്ച് നിർമിക്കുന്ന ഈ 1000 ബുള്ളറ്റിന്റെ വില 7.35 ലക്ഷം രൂപയാണ്. ക്ലാസിക്ക് ലുക്കും സൂപ്പർബൈക്കുകളുടെ കരുത്തുമായി എത്തുന്ന ബുള്ളറ്റിന് ഇന്ത്യയിൽ ആരാധകരെ ലഭിക്കും എന്നാണ് നിർമാതാക്കൾ പ്രതീക്ഷിക്കുന്നത്. ഒരു ലക്ഷം രൂപ നല്‍കി ബുക്ക് ചെയ്യുന്നവർക്കായിരിക്കും ആദ്യ ബുള്ളറ്റുകൾ നിർമിച്ചു നൽകുകയെന്നും ഏകദേശം 5 മുതൽ 10 മാസം വരെ അതിനു വേണ്ടി വരുമെന്നും ബുള്ളറ്റ് പുറത്തിറക്കികൊണ്ട് കമ്പനി അറിയിച്ചു.
ഓസ്ട്രേലിയൻ സ്വദേശി പോൾ കാർബെറി സ്പ്രീത് സിങ് എന്ന ഹരിയാന സ്വദേശിയുമായി സഹകരിച്ച് സ്ഥാപിച്ച ഡീം എൻജിൻ ആന്റ് മോഡിഫിക്കേഷൻസ് എന്ന കമ്പനിയിലൂടെയാണ് കാർബെറി ബുള്ളറ്റിന് ഇന്ത്യൻ വിപണിയിലെത്തിയത്. രണ്ട് റോയൽ എൻഫീൽഡ് യുസിഇ എൻജിൻ ഉപയോഗിച്ച് നിർമിക്കുന്ന 1000 സിസി 55 ഡിഗ്രി വി–ട്വിന്‍ എൻജിന് ഡ്യുവൽ കാർബരേറ്ററുമുണ്ട്. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ബൈക്കിൽ. 53 ബിഎച്ച്പി കരുത്തും 82 എൻഎം ടോർക്കുമുണ്ട് എൻജിന്. ഡിസ്ക് ബ്രേക്ക്, എബിഎസ് സാങ്കേതിക വിദ്യയോടെയാണ് ബുള്ളറ്റ് വിപണിയിലെത്തുക.
ഓസ്ട്രേലിയയിൽ നിരവധി ബൈക്കുകൾ നിർമിച്ച് വിറ്റെങ്കിലും 2011ൽ കാർബെറി ബുള്ളറ്റിന്റെ നിർമാണം അവസാനിപ്പിച്ചു. ഇന്ത്യയിൽ ഛത്തീസ്‌ഗഢിലുള്ള ബിലാഹിയിലാണ് കമ്പനിയുടെ നിർമാണ ശാല. എൻജിൻ മാത്രമല്ല ബൈക്കിന്റെ മിക്ക ഭാഗങ്ങളും റോയൽ എൻഫീൽഡിന്റെ ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്.