ആൺശരീരത്തിൽ െപൺമനസ്സുകളുമായും പെൺശരീരത്തിൽ ആൺമനസ്സുകളുമായും ജീവിക്കുന്നവർ നമുക്കു ചുറ്റും ധാരാളമുണ്ട്. അവരെ തിരിച്ചറിയാതെ അവർക്കു നേരെ പുച്ഛത്തിന്റെയും പരിഹാസത്തിന്റെയുമൊക്കെ നോട്ടങ്ങൾ എയ്യുന്നവർ കോറി മെയ്സൺ എന്ന ആൺകുട്ടിയുടെയും 'അവളുടെ' അമ്മയുടെയും കഥ അറിയണം. പതിനൊന്നു വർഷക്കാലം വളർത്തി വലുതാക്കിയ മകൻ ഒരു സുപ്രഭാതത്തിൽ ഇനി തനിക്കു പെണ്ണായി മാറണമെന്നു പറഞ്ഞാൽ എത്ര അച്ഛനമ്മമാർ അതിെന സ്വീകരിക്കാൻ തയാറാകും? അതാണ് കോറിയുടെയും അവളുടെ അമ്മയുടെയും ജീവിതത്തിൽ സംഭവിച്ചത്. മകനെ ഇഷ്ടത്തിനു വിടുക മാത്രമല്ല അവൻ തെളിച്ച പാതയിലൂടെ തന്നെ അമ്മയും പോവുകയാണു ചെയ്തത്.
പതിനൊന്നു വയസ്സു പ്രായമുള്ളപ്പോഴാണ് തന്റെയുള്ളിലുള്ളത് പെൺമനസ്സാണെന്ന് കോറി തിരിച്ചറിയുന്നത്. ആദ്യമൊക്കെ വീട്ടുകാരുടെ പ്രതികരണം എത്തരത്തിലായിരിക്കും എന്നോർത്തു ഭയപ്പെട്ടിരുന്നുവെങ്കിലും അവളെപ്പോലും ഞെട്ടിച്ചുകൊണ്ട് അമ്മയും അച്ഛനും ഒരുപോലെ സമ്മതം മൂളുകയായിരുന്നു. അമ്മയും അച്ഛനും എന്നും തന്നെയോർത്ത് അഭിമാനിക്കണമെന്നും എന്നാൽ ഇക്കാര്യം പറഞ്ഞാൽ അവർ തന്നെ വെറുക്കുമോയെന്നും കോറി ഭയന്നിരുന്നു.
പക്ഷേ കോറി സംഗതി അറിയിച്ചതോടെ ഏറ്റവും വലിയ ട്വിസ്റ്റ് ഉണ്ടായത് അമ്മ എറികാ മെയ്സണിലായിരുന്നു. എന്തെന്നാൽ എറികയും കോറിയെപ്പോലെയായിരുന്നു, കോറി പെണ്ണായി അറിയപ്പെടാനായിരുന്നു ആഗ്രഹിച്ചതെങ്കിൽ അമ്മ ആണായി അറിയപ്പെടാൻ ആഗ്രഹിച്ചവളായിരുന്നു. ഒടുവിൽ മകനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട അവർ കഴിഞ്ഞ വർഷം പുരുഷനായി മാറുകയും ചെയ്തു. എറികാ മെയ്സൺ ഇന്ന് എറിക് മെയ്സൺ എന്നാണ് അറിയപ്പെടുന്നത്.
താൻ സ്ത്രീയെപ്പോലെ ജീവിക്കുന്നതും ഗർഭിണിയാകുന്നതുമൊക്കെ എന്നും വെറുത്തിരുന്നുവെന്നു പറയുന്നു എറിക്. ചെറുപ്പത്തിലെ കാൻസർ വന്നിരുന്നെങ്കിൽ സ്തനങ്ങൾ നീക്കം ചെയ്യാമെന്നു വരെ ആഗ്രഹിച്ചിരുന്നു. പിന്നീട് മകൻ മകളായി മാറിയപ്പോഴാണ് എറിക്കിൽ വീണ്ടും ആ പഴയ ചിന്തകൾ ഉദിച്ചു വന്നത്. പിന്നീടൊന്നും നോക്കിയില്ല ഭർത്താവിന്റെ കൂടെ പിന്തുണ കിട്ടിയതോടെ പുരുഷനായി മാറാൻ തന്നെ തീരുമാനിച്ചു.
മകനും ഭാര്യയും ഇത്തരത്തില്‍ ഒരു മാറ്റം തിരഞ്ഞെടുത്തിട്ടും ഭർത്താവ് ലെസ് ബ്രൗൺ യാതൊരു വിധത്തിലും എതിർത്തിരുന്നില്ല. ഈ ഒരു കാര്യം കൊണ്ട് താൻ എറിക്കിനെ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറയുന്നു. താൻ സ്നേഹിച്ചത് എറിക് എന്ന വ്യക്തിയെയാണ്. അവൾ തന്റെ രൂപത്തിൽ എത്രത്തോളം സന്തുഷ്ടയാണോ എന്നതു മാത്രമാണ് തന്നെ ബാധിക്കുന്ന കാര്യമെന്നും ബ്രൗൺ പറയുന്നു. ഇരു സ്തനങ്ങളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത എറിക്കിന്റെ ഇപ്പോഴത്തെ ഏകസങ്കടം തനിക്കീ തോന്നൽ നേരത്തെ ഉണ്ടായില്ലല്ലോ എന്നതാണ്.
കോറിയാകട്ടെ താൻ പെണ്ണായി ജീവിക്കാൻ തുടങ്ങുന്നതിനു മുമ്പുള്ള ചിത്രങ്ങള്‍ കാണുന്നതുപോലും ഇന്നിഷ്ടപ്പെടുന്നില്ല. പഴയ തന്നെ തിരിച്ചറിയാൻ പോലും കഴിയുന്നില്ലെന്നും ഇന്നു കണ്ണാടിയിൽ തെളിയുന്ന രൂപത്തിനു േവണ്ടിയാണ് എന്നും ആഗ്രഹിച്ചതെന്നും കോറി പറയുന്നു. ഒരു പെട്ടിക്കുള്ളിൽ അടച്ചു പൂട്ടപ്പെട്ട പോലെ കഴിഞ്ഞിരുന്ന താനിന്ന് പൂർണമായും സ്വതന്ത്രയായിരിക്കുകയാണെന്നാണ് കോറി പറയുന്നത്.
നിങ്ങൾ ഏതു ലിംഗക്കാരനായി പിറന്നുവെന്നതിലല്ല കാര്യം മറിച്ച് പിന്നീടുള്ള ജീവിതത്തിൽ ഏതു ജെൻഡറിൽ അറിയപ്പെടണം എന്നു തീരുമാനിക്കുന്നതിലാണ്. സമൂഹമോ കുടുംബമോ ഒക്കെ ഒറ്റപ്പെടുത്തിയാലും അവഗണിച്ചാലും ജീവിക്കേണ്ടത് നിങ്ങളാണെന്ന തോന്നലുണ്ടാകുമ്പോൾ ഒരു ശരീരവും മറ്റൊരു മനസ്സുമെന്ന രീതിയിൽ ജീവിക്കേണ്ടി വരില്ലെന്നു വ്യക്തമാക്കുകയാണ് കോറിയുടെയും എറിക്കിന്റെയും ജീവിതം.