സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ട്രാൻസ്ജൻഡർ നാവികനെ സേന പുറത്താക്കി. ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയനായ മനീഷ് ഗിരി എന്നയാളെയാണു വിശാഖപട്ടണത്തെ ഓഫിസിൽനിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മനീഷ് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്. മുംബൈയിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി ഇയാൾ അവധിയെടുത്തിരുന്നു. സർവീസ് ചട്ടം ലംഘിച്ചതിനാണ് മനീഷിനെ പുറത്താക്കുന്നതെന്നു നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
സേനയിൽ പ്രവേശിക്കുമ്പോഴത്തെ ലിംഗസ്വത്വത്തിൽനിന്ന് ആരെയും അറിയിക്കാതെ മറ്റൊരു ലിംഗത്തിലേക്കു ശസ്ത്രക്രിയ നടത്തി മാറുന്നത് ചട്ടലംഘനമാണ്. നിലവിലെ നിയമങ്ങളനുസരിച്ച് ലിംഗമാറ്റം വരുത്തിയവർക്കു ജോലിയിൽ തുടരാനാകില്ലെന്നും നാവികസേന ചൂണ്ടിക്കാട്ടി.
മനീഷിൽനിന്ന് സാബിയിലേക്ക്
ഏഴു വർഷം മുൻപാണു മനീഷ് ഗിരി ജോലിയിൽ പ്രവേശിച്ചത്. നാലു വർഷത്തോളം ഐഎൻഎസ് എക്സിലയിൽ സേവനം. തന്റെയുള്ളിലെ സ്ത്രീത്വം തിരിച്ചറിഞ്ഞ അദ്ദേഹം ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. 2016 ഒക്ടോബർ മുതൽ ഇതിനായി പലതവണ അവധിയെടുത്തു. തുടർന്നു സാബി എന്ന പേര് അനൗദ്യോഗികമായി സ്വീകരിച്ചു.
എന്നാൽ പഴയ പേര് തന്നെയായിരുന്നു രേഖകളിൽ. അങ്ങനെയാണ് ഓഫിസിൽ ഇടപെട്ടതും. മുൻപത്തെപോലെ തന്നെ സഹപ്രവർത്തകരോടു പെരുമാറി. എന്നാൽ, മൂത്രത്തിൽ പഴുപ്പ് വന്നതിനെത്തുടർന്നുള്ള ചികിൽസയ്ക്കായി ഇവർക്കു തന്റെ ലിംഗമാറ്റം വെളിപ്പെടുത്തേണ്ടി വന്നു. ഇതോടെയാണ് പുറത്താക്കൽ തീരുമാനമുണ്ടായത്. കുറഞ്ഞത് 15 വർഷത്തെ സേവനം ഇല്ലാത്തതിനാൽ ഇവർക്കു പെൻഷന് അർഹതയുണ്ടാകില്ല.
ഇന്ത്യൻ സേനയിലെ ആദ്യ ട്രാൻസ്ജൻഡർ സംഭവമാണ് മനീഷ് എന്ന സാബിയുടേത്. ലിംഗമാറ്റം പുറത്തറിഞ്ഞതോടെ തന്റെ മേധാവി മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷന്മാരുടെ വാർഡിൽ ആറുമാസത്തോളം നിർബന്ധിച്ച് ചികിൽസിപ്പിച്ചു. ആറു മാസത്തോളം തനിക്കു ജയിൽസമാന അനുഭവമാണു സേനയിലുണ്ടായത്. തന്റെ അവകാശങ്ങളുടെ കടുത്ത ലംഘനമാണ് നടന്നിരിക്കുന്നതെന്നും നീതി കിട്ടും വരെ പോരാടുമെന്നും സാബി പറഞ്ഞു.