ഏറെ പ്രതീക്ഷകളോടെ ചൈന ആറു വർഷം മുൻപ് ബഹിരാകാശത്തേക്ക് അയച്ച സ്പേസ് സ്റ്റേഷൻ ‘തിരിച്ചടിക്കുന്നു’. പ്രവർത്തനം നിലച്ചതിനെത്തുടർന്ന് ചൈനയുടെ ടിയാൻ ഗോങ് ബഹിരാകാശ നിലയമാണ് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. എന്നാൽ എവിടെയായിരിക്കും വീഴുകയെന്നോ എപ്പോഴാണ് വീഴുകയെന്നോ എത്ര കിലോ അവശിഷ്ടങ്ങൾ വന്നു വീഴുമെന്നോയൊന്നും ഗവേഷകർക്ക് കണക്കുകൂട്ടിയെടുക്കാനാകുന്നില്ല. ഒരുപക്ഷേ ഭൂമിയിലേക്ക് വീഴുന്നതിനും മണിക്കൂറുകൾ മുൻപു മാത്രമായിരിക്കും ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നതു പോലും. ഒക്ടോബർ മുതൽ അടുത്ത വർഷം ഏപ്രിൽ വരെ ഏതു നിമിഷവും ഭൂമിയിലേക്കു പതിക്കാവുന്ന വിധത്തിലാണ് ടിയാൻഗോങ് നിലയത്തിന്റെ ഭ്രമണമെന്നും ജനങ്ങൾ കരുതലോടെയിരിക്കണമെന്നും ചൈന മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
വർഷങ്ങൾക്കു മുൻപ് 1979ൽ അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയം ‘സ്കൈലാബ്’ വീഴാനൊരുങ്ങിയപ്പോഴുണ്ടായ അതേ ആശങ്കയാണ് ഇനി വരാനിരിക്കുന്നത്. 77,111 കിലോഗ്രാം ഭാരമുള്ള സ്കൈലാബ് എവിടെ വീഴുമെന്ന് അവസാന നിമിഷം വരെ ആർക്കും അറിയില്ലായിരുന്നു. ഭൂമിയിലേക്ക് സ്കൈലാബ് പതിക്കാനൊരുങ്ങിയ 1979 ജൂലൈ 11ന് കേരളത്തില്‍ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റും അവധി നൽകി. അടിയന്തര നടപടികളെടുക്കാൻ പൊലീസും അഗ്നിമശമനസേനയും ആശുപത്രികളും ഒരുങ്ങി നിന്നു. ബോംബെയിലാണ് സ്കൈലാബ് പതിക്കുകയെന്ന അഭ്യൂഹം പരന്നതിനെത്തുടർന്ന് ഒട്ടേറെ മലയാളികളാണ് നാട്ടിലേക്കു വണ്ടി കയറിയത്. ഭൂമിയിലെത്തും മുൻപ് കത്തിത്തീരുമെന്ന് കരുതിയെങ്കിലും സ്കൈലാബ് എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു. ഈ ബഹിരാകാശ നിലയത്തിന്റെ 24 ഭാഗങ്ങളെങ്കിലും ഓസ്ട്രേലിയയിലെ പെർത്തിനും പരിസരപ്രദേശങ്ങളിൽ നിന്നും ലഭിച്ചിരുന്നു. കുറേ ഭാഗങ്ങൾ കടലിലും വീണു. ഭൗമോപരിതലത്തിന് വെറും 16 കിലോമീറ്റർ മുകളിൽ വച്ചാണ് സ്കൈലാബിന്റെ ഘടകങ്ങൾവേർപിരിഞ്ഞത്. ഇതും നാസയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയായിരുന്നു.
ബഹിരാകാശ നിലയങ്ങൾ ഭൂമിക്കുണ്ടാക്കുന്ന ഭീഷണിയുടെ ഉത്തമ ഉദാഹരണമായിരുന്നു സ്കൈലാബിന്റെ വരവ്. ഇത്തവണ പക്ഷേ ടിയാൻഗോങ്ങിന് സ്കൈലാബിനെ അപേക്ഷിച്ച് വലുപ്പം കുറവാണ്. പക്ഷേ പകുതിയോളം വരും– ഏകദേശം 8500 കിലോഗ്രാം. മാത്രവുമല്ല 100 കിലോഗ്രാം ഭാരം വീതമുള്ള ഭാഗങ്ങള്‍ ഭൂമിയിലേക്കു വന്നുവീഴാനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദീർഘകാലം ബഹിരാകാശത്ത് നിലനിൽക്കേണ്ടതിനാൽ ചൂടിനെയും റേഡിയേഷനുകളെയുമെല്ലാം പ്രതിരോധിക്കുന്ന തരം വസ്തുക്കൾ കൊണ്ട് നിർമിച്ച ഭാഗങ്ങൾ ഭൂമിയിലേക്കെത്തുമ്പോൾ കത്തിത്തീരില്ലെന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്.
ചൈനയുടെ ‘സ്വർഗീയ കൊട്ടാരം’
രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ(ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻ ഗോങ്. ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു. 2012ൽ ഷെൻഷൂ 10വിൽ ബഹിരാകാശ യാത്രികരും ടിയാൻഗോങ്ങിലെത്തി. പല വർഷങ്ങളെടുക്കുന്ന ഒട്ടേറെ വിക്ഷേപണങ്ങളിലൂടെയാണു ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാർഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.
2018ൽ വിക്ഷേപണങ്ങൾ ആരംഭിച്ചു 2022ൽ നിലയം പ്രവർത്തനസജ്ജമാക്കാനും ചൈന പദ്ധതിയിട്ടു. ഐഎസ്എസിന്റെ വലിപ്പത്തിന്റെ അടുത്തെത്തില്ലെങ്കിലും സോവിയറ്റ് യൂണിയന്റെ പഴയ മിർ സ്റ്റേഷൻ പോലൊന്നു ചൈന യാഥാർഥ്യാമാക്കുമെന്നു ബഹിരാകാശ വിദഗ്ധരും കണക്കുകൂട്ടിയിരുന്നു. ഐഎസ്എസ് പിന്മാറുന്നതോടെ ബഹിരാകാശത്തെ ഏക പരീക്ഷണ കേന്ദ്രം ടിയാൻഗോങ് ആയിമാറുമെന്നും കരുതിയിരുന്നു. അമേരിക്കയോ മറ്റു രാഷ്ട്രങ്ങളേതെങ്കിലുമോ മറ്റൊരു ബഹിരാകാശ നിലയം തയാറാക്കിയില്ലെങ്കിൽ ബഹിരാകാശത്ത് ചൈനയുടെ ഏകാധിപത്യമായിരിക്കുമെന്നും നിഗമനങ്ങളുണ്ടായി. പക്ഷേ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു. മാത്രവുമല്ല വൈകാതെ തന്നെ അത് ഭൂമിയിലേക്കു പതിക്കുമെന്നും.
പതനം ഏതു നിമിഷവും
നിലയത്തിന്റെ ഭൂഭ്രമണപഥത്തിൽ നിന്ന് ഭൂമിയില്‍നിന്നുള്ള അകലം കുറഞ്ഞു വരികയാണ്. നിലവിൽ അത് 300 കി.മീ താഴെയാണെന്നാണു കരുതുന്നത്. ഈ സാഹചര്യത്തിൽ 2017 ഒക്ടോബറിനും 2018 ഏപ്രിലിനും ഇടയിൽ എപ്പോൾ വേണമെങ്കിലും ഭൂമിയിലേക്ക് ഈ കൂറ്റന്‍ ബഹിരാകാശ നിലയം പതിച്ചേക്കാം. 2016 സെപ്റ്റംബറിൽത്തന്നെ ഈ വാർത്ത വന്നിരുന്നെങ്കിലും ബഹിരാകാശ നിലയത്തിന്റെ യാത്ര എങ്ങോട്ടേക്കാണെന്നും എവിടെയാണു വീഴുന്നതെന്ന് മനസിലാകില്ലെന്നുമുള്ള ചൈനയുടെ ഏറ്റുപറച്ചിലാണ് ആശങ്ക കൂട്ടിയിരിക്കുന്നത്. വരും ആഴ്ചകളിൽ ഭൂമിയിലേക്കുള്ള വരവിന്റെ വേഗം കൂടുമെന്നും ഗവേഷകർ കണക്കുകൂട്ടുന്നു. 2017 അവസാനമോ 2018 ആദ്യമോ ടിയാൻഗോങ് ലോകത്തിനു മുന്നിലൊരു പേടിസ്വപ്നമാകുമെന്ന കാര്യത്തിൽ ബഹിരാകാശ ഗവേഷകർക്കും ഒരേസ്വരമാണ്.