തിരുവനന്തപുരം∙ മകളുടെ മരണകാരണം കണ്ടെത്താൻ നടപടി സ്വീകരിക്കാതെ അലംഭാവം തുടരുന്ന സർക്കാരിന്റെ കണ്ണു തുറപ്പിക്കാൻ കുരിശു ചുമന്നു പിതാവിന്റെ പ്രതിഷേധം. ചികിത്സാ പിഴവുമൂലം മരണമടഞ്ഞ പിഞ്ചുകുഞ്ഞ് രുദ്രയുടെ പിതാവ് സുരേഷ് ബാബുവിന്റേതാണു വ്യത്യസ്തമായ സമരം. സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച സമരം മാസങ്ങൾ പിന്നിട്ടിട്ടും സർക്കാർ ഇടപെടാത്തതിനെ തുടർന്നാണു രീതിയിൽ മാറ്റം.
ഭാര്യ രമ്യയും കുരിശു സമരത്തിനു അകമ്പടിയായി. ജൂലൈ 21ന് ആണു രുദ്ര മരിച്ചത്. കുഞ്ഞിനു ത്വക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നതെന്നും എസ്എടി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുമ്പോൾ പരിശോധനകളിൽ കുഞ്ഞിനു മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞിരുന്നില്ലെന്നും മാതാപിതാക്കൾ പറയുന്നു.
ഐസിയുവിൽ കുഞ്ഞിനു ത്വക് രോഗത്തിനു മാത്രമാണു ചികിത്സ നൽകിയതെന്നും മറിച്ചുള്ള വിശദീകരണം ചികിത്സാ പിഴവു മറയ്ക്കാനുള്ള ആശുപത്രി അധികൃതരുടെ തന്ത്രമാണെന്നുമാണു രുദ്രയുടെ മാതാപിതാക്കളുടെ ആരോപണം. കുറ്റക്കാർക്കെതിരെ പത്തു ദിവസത്തിനകം നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിരുന്നു.
ഇതു പാലിക്കപ്പെടാതെ വന്നതോടെയാണു മാതാപിതാക്കൾ സമരവുമായി എത്തിയത്. സമരത്തിൽനിന്നു പിന്മാറാനും കേസ് ഒതുക്കി തീർക്കാനും 18 ലക്ഷം രൂപ വരെ ഡോക്ടർ വാഗ്ദാനം ചെയ്തെന്ന ആരോപണവും ഇവർ ഉന്നയിക്കുന്നുണ്ട്. നേരത്തേ പിന്തുണയുമായി എത്തിയ രാഷ്ട്രീയ സംഘടനകളും നേതാക്കളും ആരുംതന്നെ ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ലെന്നും ഇരുവർക്കും പരാതിയുണ്ട്.
Read More: Thiruvananthapuram Local News