ചെന്നൈ∙ 2004 ജൂലൈ പതിനാറിനാണു കുംഭകോണത്തെ ശ്രീകൃഷ്ണ സ്കൂളിൽ രാജ്യത്തെ നടുക്കിയ തീവിപത്തു നടന്നത്. 94 കുരുന്നുകളാണു ദുരന്തത്തിൽ വെന്തു മരിച്ചത്. സ്കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുപ്പിൽ നിന്നാണു തീ പടർന്നു പിടിച്ചത്. സംഭവത്തിൽ 18 പേർക്കു പരുക്കേൽക്കുകയും ചെയ്തു. തീകണ്ടു ഭയന്നു ക്ലാസിനു പുറത്തേക്ക് ഓടാൻ ശ്രമിച്ച വിദ്യാർഥികളെ അധ്യാപകർ തടഞ്ഞതാണു വൻ ദുരന്തത്തിനു കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ക്ലാസിൽ അകപ്പെട്ട കുട്ടികളുടെ ദേഹത്തു കത്തിയമർന്ന മേൽക്കൂര പതിച്ചതാണ് ഇത്രയേറെ കുട്ടികൾ മരിക്കാൻ ഇടയാക്കിയത്. പുക തടയാൻ സ്കൂളിലെ ജനലുകൾ അടച്ചിട്ടതുമൂലം ശ്വാസംമുട്ടിയും ചിലർ മരിച്ചിരുന്നു. മുകളിലത്തെ നിലയിൽനിന്നു താഴേക്ക് ഇറങ്ങുന്നതിന് ഇടുങ്ങിയ ഗോവണി മാത്രമാണുണ്ടായിരുന്നത്. ഇതും അപകടത്തിന്റെ വ്യാപ്തി കൂട്ടാൻ ഇടയാക്കി. സ്കൂളുകളുടെ സുരക്ഷ സംബന്ധിച്ചു പ്രത്യേക നിയമം കൊണ്ടുവരാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചതും കുംഭകോണം ദുരന്തത്തിനു ശേഷമാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയമിച്ച ജസ്റ്റിസ് കെ.സമ്പത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും സുരക്ഷാ മാനദണ്ഡങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വീഴ്ചവരുത്തിയതായും സ്കൂളിനു ചട്ടങ്ങൾ മറികടന്ന് അംഗീകാരം ലഭിച്ചതായും കണ്ടെത്തിയിരുന്നു. ആകെ 21 പേരാണു കേസിൽ പ്രതികളായി വിചാരണ നേരിട്ടത്. ഇതിൽ 11 പേരെ കേസ് പരിഗണിച്ച തഞ്ചാവൂർ ജില്ലാ സെഷൻസ് കോടതി നേരത്തെ വെറുതെവിട്ടിരുന്നു.