പറവൂരില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത മുസ്ളിം മതവിശ്വാസികളെ ആദ്യം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ടും വണ്ടിയിലിട്ടും മര്‍ദ്ദിച്ചു. പൊലീസ് സ്റ്റേഷനിലെത്തിച്ച് സ്റ്റേഷന് മുറ്റത്തിട്ടും തല്ലി. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. ലഘുലേഖ പരിശോധിച്ച സ്ഥലത്തെ പൊലീസിന് ആരോപണത്തില്‍ കഴമ്പില്ലെന്ന് ബോധ്യമായെങ്കിലും സ്ഥലത്തെത്തിയ ആലുവ റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശപ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി ജയിലിലാക്കി. ലഘുലേഖ പരിശോധിച്ചവര്‍ക്കാര്‍ക്കും നിയമവിരുദ്ധമായതൊന്നും കണ്ടെത്താനായില്ല. തന്നെയുമല്ല, ലോകമാകെ ഭീതി പടര്‍ത്തിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് സ്റ്റെയ്റ്റ് അനിസ്ളാമികമാണെന്നും ലഘുലേഖ അടിവരയിട്ട് പറയുന്നുണ്ട്. പിന്നെയെന്തിന് അവരെ തല്ലി. കേസെടുത്ത് ജയിലിലാക്കി.
ഇസ്ളാമോഫോബിയ ഒരു രോഗാവസ്ഥയാണ്. മനസിനെയും മനോഭാവത്തെയും ബാധിക്കുന്ന രോഗം. മുസ്ളിം വിരുദ്ധം മാത്രമല്ലത്, ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്. ആ രോഗാവസ്ഥയിലേക്ക് വിശദമായി കടക്കുന്നതിന് മുമ്പ് പറവൂരിലെയും പരിസരപ്രദേശങ്ങളിലെയും ഏതാനും മുസ്ലിം പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ നോക്കാം.
ഇസ്ളാമോഫോബിയയെ ഒരു വാചകത്തില്‍ വിശദീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതൊരു മാനസികാവസ്ഥയാണ്. പടിഞ്ഞാറ് മുസ്ലിങ്ങളോടുളള സമീപനത്തില്‍ പ്രതിലോമകരമായ സൂചനകള്‍ പണ്ടേയുണ്ട്. 2001 ലെ സെപ്റ്റംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രെയ്ഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം അത് മൂര്‍ച്ഛിച്ചു. എപിജെ അബ്ദുള്‍ കലാമിനെ വരെ വിവസ്ത്രനാക്കി പരിശോധിക്കുന്ന സാഹചര്യമുണ്ടായി. അതിങ്ങനെ കൂടിക്കൊണ്ടേയിരിക്കുകയാണ്.
ഇന്ത്യയില്‍ ഇസ്ളാം വിരുദ്ധത പൊതുബോധത്തിലേക്ക് കയറിക്കൂടിയത് പല കാലങ്ങളിലായാണ്. അതിന് വേഗം കൂടിയത് 2014 ലാണ്. 2014 ഇന്ത്യന്‍ രാഷ്ട്രീയപഠനത്തിലും സാമൂഹ്യപഠനത്തിലും നിര്‍ണായകമാണ്. അടല്‍ ബിഹാരി വാജ്പേയിയുടെ ആരോഹണം പോലായിരുന്നില്ല, നരേന്ദ്ര മോദിയുടേത്. രാജ്യത്ത് നിലനിന്ന പൊളിറ്റിക്കല്‍ ബാലന്‍സ് അപ്പാടെ തകര്‍ത്തുകൊണ്ടായിരുന്നു. അതൊരുവശത്തേക്ക് കൂടുതല്‍ കൂടുതല്‍ ചാഞ്ഞുകൊണ്ടേയിരിക്കുന്നു.
ഒറ്റപ്പെട്ട കലാപങ്ങളും കലഹങ്ങളും മാറ്റിനിര്‍ത്തിയാല്‍ മതസൗഹാര്‍ദ്ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കാര്യത്തില്‍ കേരളം മാതൃക തന്നെയായിരുന്നു. ഉളളിന്റെയുളളിലുറങ്ങിക്കിടക്കുന്ന മത, ജാതി മൂരാച്ചികള്‍ വല്ലപ്പോഴും മാത്രമേ പുറത്തേക്ക് വന്നിരുന്നുളളൂ. കഴിഞ്ഞ കുറേയേറെ കാലമായി അതിനും മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. എല്ലാത്തിനും കൃത്യമായ കാരണങ്ങളും കാരണക്കാരും ഉണ്ടായിരുന്നു.
കേരളത്തിനുണ്ട് എന്ന് കരുതിയിരുന്ന, മലയാളികള്‍ പേര്‍ത്തും പേര്‍ത്തും അഭിമാനിച്ചിരുന്ന മതേതര സഹവര്‍ത്തിത്വം വളരെ വേഗം ഇടുങ്ങിയ ചിന്താഗതിക്കും, കാഴ്ചപ്പാടിനും വഴിമാറിക്കൊണ്ടിരിക്കുകയാണ്. മതേതര മനസ് മാറുന്നുവെന്ന് പറഞ്ഞാല്‍ അത് ഏകപക്ഷീയമായ ഒരു മാറ്റമായി വ്യാഖ്യാനിക്കാനേ നിവൃത്തിയുളളൂ. കാരണം സംഘപരിവാറിന്റെ വര്‍ധിക്കുന്ന സ്വാധീനവും ഇപ്പോഴത്തെ മാറ്റവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് വാസ്തവം.
കേരളത്തിലെ പേരുകള്‍ക്ക് കഴിഞ്ഞ കുറച്ചുകാലമായി ചെറുതെങ്കിലും പുരോഗമനപരമായ മാറ്റം വരുന്ന കാലമായിരുന്നു ഇത്. ഒറ്റക്കേള്‍വിക്ക് ആളുടെ മതം തിരിച്ചറിയുക അത്ര എളുപ്പമല്ലാത്ത കാലമാണ്. ഉദാഹരണത്തിന് എന്റെ പേര് അബ്ജോത്. മതമേതെന്ന് ഒറ്റക്കേള്‍വിക്ക് തിരിച്ചറിയാന്‍ കഴിയില്ല. സംശയിക്കേണ്ട വാടകവീടുകള്‍ തേടി നടക്കുന്ന കാലത്ത് ബ്രോക്കര്‍മാരും വീട്ടുടമകളും എന്നോട് മുഴുവന്‍ പേരും ചോദിക്കുമായിരുന്നു. എന്തിനെന്ന് ചോദിച്ചിട്ടുണ്ട്. മുസ്ലിമല്ലെന്ന് ഉറപ്പിക്കാനാണെന്നായിരുന്നു ഉത്തരം>
മുസ്ലിം നാമധാരികള്‍ക്ക് വീട് വാടകക്ക് നല്‍കാന്‍ പോലും ആളുകള്‍ മടിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. അത്ര വ്യാപകമായിട്ടല്ലെങ്കിലും ആ സമീപനമുണ്ടെന്നതിന് സാക്ഷ്യമൊരുപാടുണ്ട്. പേര് മാത്രമല്ല, മുസ്ലിങ്ങളുമായി ഐഡന്റിഫൈ ചെയ്യപ്പെടുന്ന പേരുകള്‍, വേഷം, ഭക്ഷണം ഒക്കെയും ഒക്കെയും പ്രശ്നമാണ്. ഇതൊക്കെ പറഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്തിനെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്.തത്കാലം അത് സമ്മതിച്ചുതരാന്‍ നിവൃത്തിയില്ല. മുസ്ളിം വേഷധാരിയായ മനുഷ്യനെ മറ്റ് സമുദായങ്ങളില്‍ പെട്ടവര്‍ സംശയത്തോടെ നോക്കുന്ന സാഹചര്യത്തെക്കാള്‍ അപകടകരമൊന്നുമല്ല അതിവിടെ ഉണ്ടെന്ന് വിളിച്ചുപറയുന്നത്.
വാസ്തവത്തില്‍ ഇസ്ലാമിനെ അല്ല എതിര്‍ക്കുന്നത് എന്നതാണ് വാസ്തവം. ഇസ്ലാമുമായി ബന്ധപ്പെട്ട ഇമേജുകളെയാണ്. അക്ബറെന്ന് പേരിട്ട ആന തീവ്രവാദിയാകുന്നത് പോലെ ലളിതവും ആഴമില്ലാത്തതുമായ മുസ്ളിം വിരുദ്ധതയാണ് ഈ ഇമേജുകള്‍ സൃഷ്ടിക്കുന്നത്. മതത്തിന്റെ പൊരുളിനോട് ഒരു സംവാദവും നടക്കുന്നില്ല. നടക്കുന്നത് അവന്റെ ബാഹ്യരൂപങ്ങളോടാണ്. അതെന്നും അങ്ങനെതന്നെയായിരുന്നു. ആവര്‍ത്തിച്ചു പ്രയോഗിക്കുന്ന നുണകളിലൂടെ പല വിശ്വാസങ്ങളും ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ലോകത്തെവിടെയെങ്കിലുമൊക്കെ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ തലമുറകളായി ഈ മണ്ണില്‍ ജീവിച്ചുപോരുന്ന മുസ്ലിം സഹോദരങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുകയാണ്.
അസുഖകരമായ ഒരു പരിസരം സൃഷ്ടിക്കപ്പെടുകയാണ്. സംഘപരിവാറും തീവ്രസ്വഭാവമുളള മുസ്ലിം സംഘടനകളുമാണ് ഇസ്ലാമോഫോബിയയുടെ യഥാര്‍ഥഗുണഭോക്താക്കള്‍. ഈ മണ്ണിന്റെ മക്കള്‍ അവരുടെ ദേശസ്നേഹം ഇടക്കിടെ ഇങ്ങനെ പരസ്യപ്പെടുത്തിക്കൊണ്ടിരിക്കണമെന്ന് പറയുന്നതിനോളം ദുഃഖരമായ സാഹചര്യങ്ങള്‍ അധികമുണ്ടാവില്ല.
ആവര്‍ത്തിച്ചുറപ്പിക്കുന്ന നുണകളില്‍ ഏറ്റവും പ്രധാനമാണ് ലവ് ജിഹാദ്. ഒരു മുസ്ലിം ചെറുപ്പക്കാരന്‍റെ പ്രണയം മുസ്ലിങ്ങളിലേക്ക് മാത്രമായി ചുരുക്കപ്പെടുന്നത് എന്ത് തരം മാനവികതയാണ് മുന്നോട്ട് വെക്കുന്നത്. സുന്ദരന്‍മാരായ മുസ്ലിം ചെറുപ്പക്കാരെ മറ്റ് മതങ്ങളില്‍പെട്ട യുവതികള്‍ പ്രണയിക്കുന്നുണ്ടെന്ന് അംഗീകരിക്കാനുളള മടി പൊതുബോധത്തിലുറച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയ തന്നെയാണെന്നതില്‍ സംശയമില്ല.അഖില ഹാദിയയായതില്‍ ഏതെങ്കിലും തീവ്രവാദശക്തികള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതില്‍ ഒരു തെറ്റുമില്ല. പക്ഷെ, മതം മാറാനും സ്വന്തമായി തീരുമാനമെടുക്കാനുമുളള ഹാദിയയുെട ഭരണഘടനാപരമായ അവകാശം അംഗീകരിച്ചുകൊണ്ടുവേണമെന്ന് മാത്രം. അതാണ് ആദ്യം അംഗീകരിക്കപ്പടേണ്ടത്.
ഇസ്ലാമോഫോബിയയില്‍ നിന്നോ, പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന സവര്‍ണ അടിത്തറയില്‍ നിന്നോ കാര്യമായി പുരോഗമിക്കാന്‍ ജുഡീഷ്യറിക്ക് പോലും ബുദ്ധിമുട്ടുണ്ടെന്ന് വേണ്ടേ മനസിലാക്കാന്‍. പറവൂരില്‍ ലഘുലേഖ വിതരണം ചെയ്തവര്‍ക്കെതിരെ 153 എ പ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ച ആലുവ റൂറല്‍ എസ് പിയും ഇസ്ലാമോഫോബിയക്കും സവര്‍ണമനോഭാവത്തിനും വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കുക ഒട്ടും ആയാസകരമല്ല. അതങ്ങനെയേ വരൂ. കേരളത്തിലുളളത് ഇടതുപക്ഷസര്‍ക്കാരായത് കൊണ്ട് ഭരണകൂടം ഇടതുപക്ഷമാകണമെന്നില്ല. ആകില്ല. ആയിട്ടുമില്ല.
മുസ്ലിമിനെ ശത്രുപക്ഷത്തും സംശയമുനയിലും നിര്‍ത്തുന്നതില്‍ ആരും പിന്നിലല്ല. സിനിമയായാലും, നവമാധ്യമങ്ങളായാലും. പറവൂരിലെ സംഭവങ്ങളില്‍ സംഘപരിവാറിന്റെ ഭാഗത്ത് നിന്നുയര്‍ന്ന മറുവാദം തമാശയാണ്. മുസ്ലിങ്ങളെന്തിന് ഞങ്ങളുടെ വീടുകളിലേക്ക് മതം പറയാന്‍ വരുന്നുവെന്ന്. കേരളമിന്നോളമാര്‍ജിച്ചുവെന്ന് അവകാശപ്പെടുന്ന സകല മൂല്യങ്ങളും റദ്ദാവുകയാണ്. അല്ലെങ്കില്‍ അങ്ങനെയൊരു മൂല്യവുമില്ലെന്ന് സംശയിക്കേണ്ടി വരും.
പറവൂരിലെ സംഭവത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണവും ഭീരുത്വം നിറഞ്ഞതാണ്. ആര്‍ എസ് എസിന് മുസ്ലിങ്ങള്‍ മരുന്നുനല്‍കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭരണഘടനക്കനുസൃതമായി പ്രവര്‍ത്തിക്കുമ്പോഴും മുസ്ലിങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭരണഘടനാപദവി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെയാണ് കഴിയുക.
ആവര്‍ത്തിക്കപ്പെടുന്ന നുണകളിലൂടെയും ഇടപെടലുകളിലൂടെയും മുസ്ലിമിനെ സംബന്ധിച്ച് ഒരു ബിംബം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനസില്‍ പതിഞ്ഞുതുടങ്ങിയിരിക്കുന്ന ബിംബങ്ങളെ തകര്‍ക്കുകയാണ് വേണ്ടത്. ആ ബിംബങ്ങള്‍ അങ്ങനെ തന്നെ നിലനിര്‍ത്താനും, ആഴത്തിലാക്കാനും ശ്രമിക്കുന്നതാരാണെന്ന് എല്ലാവര്‍ക്കുമറിയാം. അത് പൊളിക്കണം.
ന്യായം പറയാന്‍ ആരും മടിച്ചോ, പേടിച്ചോ നില്‍ക്കരുത്. മുഖ്യമന്ത്രിയായാലും മുഖ്യധാരാരാഷ്ട്രീയകക്ഷികളായാലും. ഇസ്ലാമോഫോബിയ ബാധിച്ച ഭരണകൂടത്തിനും, സമൂഹത്തിലാകെ അത് പടര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കുമെതിരെ ഉറച്ചുനില്‍ക്കേണ്ട സമയമാണിത്.