സംസ്ഥാന സ്കൂള്‍ കായികമേള പാലായില്‍ ആഘോഷമായി നടന്നു. പുതിയ താരങ്ങളും പുതിയ വേഗങ്ങളും പുതിയ ഉയരങ്ങളും പിറന്നു.
ഇടുക്കി ജില്ലയുടെയും ജില്ലയിലെ സ്കൂളുകളുടെയും പഴയ പ്രതാപം ഇന്നില്ല. എങ്കിലും ഞങ്ങള്‍ പോയത് ഇടുക്കി ജില്ലയിലേക്കാണ്. കട്ടപ്പനയിലേക്ക്. പോയ കാലത്തെ ഏതാനും താരങ്ങളെ കാണാനായിരുന്നു യാത്ര. ചുമ്മാതെ താരങ്ങളെന്ന് പറഞ്ഞാല്‍ പോരാ, പോയ കാലത്തെ മിന്നും താരങ്ങള്‍. വെളളിയാംകുഴിയിലേക്ക് പോകാന്‍ ഒരു കാരണമുണ്ട്. കോരുത്തോട് സി കെ എം എച്ച് എസ് സ്കൂളു പോലെ മറ്റൊരു സ്കൂള്‍ ഇവിടെയുണ്ട്. വെളളിയാംകുഴി സെന്റ് ജെറോം സ്കൂള്‍. അധികമാളിറങ്ങിയില്ലെങ്കിലും ഇറങ്ങുന്നവര്‍ പൊന്നും കൊണ്ട് മൈതാനം വിടുന്ന ചരിത്രമായിരുന്നു ഈ സ്കൂളിന്റേത്. സുവര്‍ണകാലത്ത് ദേശീയ, സംസ്ഥാനതലങ്ങളില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച ഏതാനും താരങ്ങളെ കാണുകയായിരുന്നു ഉദ്ദേശം. പാലായില്‍ കായികമേള പുരോഗമിക്കുമ്പോള്‍ അവരെന്തുചെയ്യുന്നുവെന്ന് പരിശോധിക്കുകയായിരുന്നു ലക്ഷ്യം.
സന്ധ്യ കഴിഞ്ഞിരുന്നു ഞങ്ങളെത്തുമ്പോള്‍. ആദ്യം പോയത് റോബിനെക്കാണാനാണ്. റോബിന്‍ റോസ് മാണി. പരിചിതമാണ് പേര്. റോബിന്‍ തിരക്കിലായിരുന്നു. ഒരിലക്ട്രിക്കല്‍ കടയില്‍ സെയില്‍സ്മാനാണ്. റോബിനെ വെറുതെ പരിചയപ്പെടുത്തിയാല്‍ പോരാ. കായിക കേരളത്തിന് റോബിന്‍ ആരായിരുന്നുവെന്ന് അറിയണം. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ വെളളിയാംകുഴി സ്കൂളില്‍ നിന്ന് റോക്കറ്റ് പോലെ പ്രശസ്തിയിലേക്കുയര്‍ന്ന താരമാണ്. ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നാനൂറ്, എണ്ണൂറ് മീറ്ററുകളില്‍ ഫോബിന് എതിരുണ്ടായിരുന്നില്ല. ജൂണിയര്‍ വിഭാഗത്തില്‍ നാനൂറ് മീറ്ററിലെ സംസ്ഥാന റിക്കാര്‍ഡ് റോബിന്റെ പേരിലായിരുന്നു. പാലായില്‍ നടന്ന കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ അഭിഷേക് മാത്യുവാണ് അത് മറികടന്നത്. ഒരു ദശകത്തിലേറെ നിലനിന്ന റോബിന്റെ റിക്കാര്‍ഡ് അഭിഷേക് മറികടക്കുമ്പോള്‍ റോബിന്‍ കട്ടപ്പനയിലെ കടയില്‍ ഉപഭോക്താക്കളെ സഹായിക്കുന്ന തിരക്കിലായിരുന്നു. ജൂണിയര്‍ വിഭാഗത്തില്‍ എണ്ണൂറ് മീറ്ററിലെ ദേശീയ റിക്കാര്‍ഡ് ഇപ്പോഴും ആരും മറികടന്നിട്ടില്ല.
റോബിനിപ്പോള്‍ കായികരംഗത്തില്ല. ചെറിയൊരു പരിക്ക് പറ്റിയപ്പോള്‍ മാറിനിന്നതാണ്. പിന്നീടാരും റോബിനെ അന്വേഷിച്ചില്ല. പ്ലസ് ടു തലം കഴിഞ്ഞുളള പരിശീലനത്തിനും മറ്റുമുളള ചിലവ് റോബിന് താങ്ങാനാവുന്നതായിരുന്നില്ല.
ജോലിക്ക് വേണ്ടിയാണോ കായിക താരങ്ങള്‍ ട്രാക്കിലിറങ്ങുന്നതെന്ന് ആരും ചോദിക്കരുത്. അവര്‍ക്കും ജീവിക്കണം. ജോലി വേണം. അവര്‍ നേട്ടങ്ങളുണ്ടാക്കുന്നത് അവര്‍ക്ക് വേണ്ടി മാത്രമല്ല. നാടിന് വേണ്ടി കൂടിയാണ്. അവര്‍ക്ക് താങ്ങാകേണ്ടത് നാടാണ്. ദേശീയമീറ്റിലടക്കം റോബിന്‍ മെഡല്‍ നേടിയപ്പോള്‍ അത് കേരളത്തിന്റെ മെഡല്‍ പട്ടികയാണുയര്‍ത്തിയത്. സംസ്ഥാനത്തിന് ഇത്രയേറെ നേട്ടങ്ങളുണ്ടാക്കിയ റോബിന്‍ റോസ് മാണിക്ക് അന്തസുളള ജോലി നല്‍കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയായിരുന്നു. ഇപ്പോഴും ആണ്. കടയടച്ച് മടങ്ങിയ റോബിനെ കാണാന്‍ ഞങ്ങള്‍ പിറ്റേന്ന് രാവിലെ വീട്ടിലേക്ക് പോയി.
സര്‍ട്ടിഫിക്കറ്റുകളും പത്രക്കട്ടിങ്ങുകളും പകര്‍ത്തുന്നതിനിടയിലാണ് റോബിന്റെ അമ്മയെത്തിയത്. അമ്മക്ക് ഞങ്ങളോട് ചിലത് പറയാനുണ്ടായിരുന്നു. അത് വാസ്തവത്തില്‍ കേരളത്തോട് പറയാനുളളതാണ്. നിറപ്പകിട്ടില്ലാത്ത ഒരു ഭാവിക്ക് വേണ്ടിയാണോ കുട്ടികള്‍ അധ്വാനിക്കുന്നതെന്നാണ് അമ്മയുടെ ചോദ്യം. ആ ചോദ്യത്തിന് കേരളം മറുപടി പറയണം.
റോബിന്റെ വീട്ടില്‍ നിന്ന് പോയത് റോബിന്റെ സമകാലീനരായ രണ്ട് പേരെ കാണാനാണ്. കുറേ ദൂരം നടന്നു. വാഹനമെത്തുന്നിടത്ത് നിന്ന് പിന്നെയുമൊരുപാട് നടക്കണം ഷാര്‍ളിന്റെയും ഷമീനയുടെയും വീട്ടിലേക്ക്. വീടെന്ന് പറയാനാവില്ല. കായികരംഗം ശ്രദ്ധിക്കുന്നവര്‍ മറക്കാനിടയില്ലാത്ത പേരുകളാണ്. ഷാര്‍ളിന്‍ ജോസഫും ഷമീന ജബ്ബാറും. ദീര്‍ഘദൂരയിനങ്ങളില്‍ കേരളത്തിന് വലിയ പ്രതീക്ഷ നല്‍കിയവര്‍. 5000 മീറ്ററിലും ക്രോസ് കണ്ട്രിയിലും ട്രാക്കിലുളളിടത്തോളം കാലം ഇരുവര്‍ക്കും എതിരില്ലായിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സംസ്ഥാന, ദേശീയ മീറ്റുകളില്‍ സ്വര്‍ണം. റിക്കാര്‍ഡ്. സ്വന്തം പേരിലുളള റിക്കാര്‍ഡുകള്‍ ഏതെങ്കിലും ബാക്കിയുണ്ടോയെന്ന് ഇപ്പോഴും ഈ മിന്നുംതാരങ്ങള്‍ക്കറിയില്ല.
ട്രാക്കില്‍ ഒരുമിച്ച് നേട്ടങ്ങളിലേക്ക് കുതിച്ച ഇരുവരും പിന്നീട് വിവാഹിതരായി. ഷാര്‍ളിന്‍ മതം മാറി അഷ്കറായെങ്കിലും ആളുകളുടെ ഓര്‍മയില്‍ ഷാര്‍ളിനായത് കൊണ്ട് ഞങ്ങളും ആ പേര് തന്നെ ഉപയോഗിക്കുകയാണ്. ഇപ്പോള്‍ രണ്ട് മക്കള്‍. ഷാര്‍ളിന്‍ തടിപ്പണി പഠിച്ചു. അതാണ് ജീവിതമാര്‍ഗം. പഴയ അയ്യായിരം മീറ്റര്‍ ദേശീയ ചാമ്പ്യന്‍മാരായിരുന്ന ഷാര്‍ളിന്‍റെയും ഷെമീനയുടെയും ജീവിതാവസ്ഥ കേരളത്തിലെ കായികപ്രേമികളെ നാണിപ്പിക്കേണ്ടതാണ്. അവരിപ്പോള്‍ കായികരംഗത്തുണ്ടോയെന്ന ചോദ്യമൊന്നും പ്രസക്തമേയല്ല. അവരുടെ വിയര്‍പ്പ് കേരളത്തിന് അത്രയേറെ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.
സ്കൂളുകള്‍ തമ്മിലുളള പോരാട്ടമായി സ്കൂള്‍ കായികമേളകള്‍ മാറിയിട്ട് കുറെയേറെക്കാലമായി. ആ പോരാട്ടം കേരളത്തിലെ കായികരംഗത്തെ ഏത് ദിശയിലാണ് നയിക്കുന്നതെന്ന് ചര്‍ച്ച ചെയ്യപ്പെടാന്‍ സമയമായി. നേട്ടങ്ങളൊഴിയുമ്പോള്‍, അതുമല്ലെങ്കില്‍ സ്കൂള്‍ തലം വിട്ടാല്‍ നമ്മുടെ കായികതാരങ്ങള്‍ എങ്ങോട്ട് പോകുന്നുവെന്നും ചര്‍ച്ച ചെയ്യപ്പെടണം. പരിശീലനരീതികളും വിലയിരുത്തപ്പെടണം. സ്കൂളുകളുടെ നേട്ടമുയര്‍ത്താന്‍ തുമ്പികളെക്കൊണ്ട് ഭീമന്‍ കല്ലുകളെടുപ്പിക്കുന്നുണ്ടോയെന്നും ചര്‍ച്ച ചെയ്യപ്പെടണം.
സ്ഥലത്തെ മുസ്ലിം പളളി സ്ഥലമില്ലാത്ത പാവപ്പെട്ടവര്‍ക്ക് പത്ത് സെന്റ് സ്ഥലം നല്‍കിയപ്പോഴാണ് ഷെഡ്ഡ് വെക്കാന്‍ കഴിഞ്ഞത്. ചൂണ്ടുവിരല്‍ പരിപാടി ചൊവ്വാഴ്ച രാത്രി ഏഴരക്ക് കാണിക്കുമെന്നും, കാണണമെന്നും ഞാന്‍ ഷാര്‍ളിനോട് പറഞ്ഞു. കറണ്ടില്ലാത്ത വീട്ടിലെങ്ങനെ ടി വി കാണുമെന്ന മറുപടിക്ക് മുന്നില്‍ ഞാന്‍ നിരായുധനായി. തങ്ങളുടെ ദുരവസ്ഥക്ക് ചങ്ങനാശേരിയിലെ പ്രശസ്തമായ ഒരു സ്വകാര്യ കോളജും കാരണക്കാരാണെന്ന് ഷാര്‍ളിനും ഷെമീനയും പറഞ്ഞു. ഷാര്‍ളിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോഴും തടഞ്ഞുവെച്ചിരിക്കുകയാണെന്നും. ആ സര്‍ട്ടിഫിക്കറ്റുകളുണ്ടായിരുന്നെങ്കില്‍ വിദ്യാഭ്യാസം തുടരാനെങ്കിലും കഴിയുമായിരുന്നുവെന്ന്.
മക്കളെ കായികരംഗത്തേക്ക് വിടണമെന്ന് ഷാര്‍ളിനോടും, ഷെമീനയോടും പറയാന്‍ എനിക്ക് തീരെ ധൈര്യം പോരാ. ഈ മുറ്റത്ത് നിന്ന് അങ്ങനെ പറഞ്ഞിട്ടുപോകാന്‍ ആര്‍ക്കും കഴിയുകയുമില്ല.
കട്ടപ്പനയില്‍ നിന്ന് മടങ്ങും മുമ്പ് പിന്നെയുമൊരാളെ കണ്ടു. ഷിന്‍സ്. മറ്റൊരു ദീര്‍ഘദൂരക്കാരനാണ്. ട്രാക്കില്‍ വിജയങ്ങളുടെ കൂട്ടുകാരനായിരുന്ന ഷിന്‍സ് ജീവിതത്തില്‍ വിജയത്തിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ല. കുടുംബം പുലര്‍ത്താന്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്നു. പഴയ കാലം ഇങ്ങനെ ചുമ്മാതോര്‍ത്ത് സങ്കടപ്പെടുകയാണ്.
ഏലത്തോട്ടത്തില്‍ ദിവസക്കൂലിക്ക് പണിയെടുത്ത് മകനെ കായികതാരമാക്കാന്‍ ശ്രമിച്ച ഷിന്‍സിന്റെ അമ്മയെക്കൂടിയാണ് കേരളം പരാജയപ്പെടുത്തിയത്. ഒരു ജോലി അവരും പ്രതീക്ഷിച്ചു. കൊടുത്തില്ല.
ഒരു പേര് പറയാതെ നിവൃത്തിയില്ല. മാര്‍ട്ടിന്‍ പെരുമന. വെളളിയാംകുടി പ്രശസ്തിയിലേക്കുയര്‍ന്നത് മാര്‍ട്ടിന്‍ പെരുമനയെന്ന കായികാധ്യാപകന്റെ കാലത്താണ്. മാര്‍ട്ടിന്റെ മരണത്തോടെ ആ കഥകഴിഞ്ഞു. മാര്‍ട്ടിന് ശേഷം എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഒന്നും സംഭവിച്ചില്ല. തോമസ് മാഷൊഴിഞ്ഞ കോരുത്തോട് സ്കൂളു പോലെ.
ഷിന്‍സിന്റെ വാക്കുകളിലത്രയും നിരാശയായിരുന്നു, സമ്മാനങ്ങളോരോന്നായി നേടി ആവേശത്തോടെ വെളളിയാംകുടിയിലേക്ക് മടങ്ങിയ ഷിന്‍സും ഒരു മുഴുവന്‍ ദിവസം ഓട്ടോയോടിച്ച് വൈകുന്നേരം വീട്ടിലേക്കെത്തുന്ന ഷിന്‍സും തമ്മില്‍ ഭീകരമായ വ്യത്യാസമുണ്ട്.
കട്ടപ്പന ടൗണില്‍ ചായ വില്‍ക്കുന്ന പഴയൊരു ചാമ്പ്യന്‍ കൂടി ഈ നാട്ടിലുണ്ട്. അനൂപ് സത്യന്‍. തിരക്കിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. വെളളിയാംകുടിയില്‍ മാത്രമല്ല, സ്പോര്‍ട്സിന് വേണ്ടി സമയം നീക്കിവെച്ച ഒരുപാട് പേര്‍ ഇതുപോലെയുളള സാഹചര്യങ്ങളില്‍ ജീവിക്കുന്നുണ്ട്. കായികരംഗത്ത് അവര്‍ ഇതുപോലെ തോറ്റവരായിരുന്നില്ല. ചാമ്പ്യന്‍മാരായിരുന്നു. അവരെ തോല്‍പിച്ചത് മാറിമാറി വരുന്ന സര്‍ക്കാരുകളാണ്. ഷിന്‍സും, ഷാര്‍ളിനും, ഷമീനയും, റോബിനുമറിയാം സ്കൂള്‍ കായികമേളയുടെ നേരത്ത് ഞാനടക്കമുളള മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് തങ്ങളെന്ന്. ക്ഷമിക്കണം. അതൊരുപരിധി വരെ ശരിയുമാണ്. എന്നിട്ടും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. സ്കൂള്‍ തലങ്ങളിലും അല്ലാതെയും മികവ് കാട്ടിയ നൂറ്റിയമ്പത് കായികതാരങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ജോലി നല്‍കുമെന്ന ഒരു പ്രസ്താവന ഇവര്‍ കേട്ടിട്ടുണ്ട്.
പരിമിതികളുണ്ടെങ്കിലും പരമാവധി ശ്രമിക്കാമെന്ന് എല്ലാവരോടും പറഞ്ഞു. അതിനപ്പുറം ഒന്നും പറയാന്‍ നിവൃത്തിയില്ല. ഒന്ന് പറയാം. ഇവര്‍ക്ക് ജോലിനല്‍കാതെ തെരുവില്‍ അലയാന്‍ വിടുന്നതിന് അങ്ങേയറ്റം പ്രതിലോമകരമായ ഒരു രാഷ്ട്രീയമുണ്ട്. ഇതുവരെ കണ്ടതെല്ലാം പാവപ്പെട്ട വീടുകളിലെ കുട്ടികളെയാണ്. പഠനത്തിന് രണ്ടാമിടം നല്‍കി പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ ട്രാക്കിലേക്കിറങ്ങണമെങ്കില്‍ അവര്‍ക്കൊരു പ്രതീക്ഷവേണം. ആ പ്രതീക്ഷയാണ് കേരളം, സര്‍ക്കാരെന്നല്ല കേരളം തല്ലിക്കെടുത്തിക്കൊണ്ടിരിക്കുന്നത്.