ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത ഒരു വിഷയത്തെക്കുറിച്ചാണ് പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള ക്ഷേത്രങ്ങളില്‍ പുതിയ ശാന്തിക്കാരെ നിയമിച്ചു. അതില്‍ പിന്നോക്കവിഭാഗങ്ങളുള്‍പെട്ടു. ഏതാനും ദലിതരും. വളരെ നല്ലത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അഭിനന്ദനങ്ങള്‍. നിയമിച്ച സര്‍ക്കാരിനും അഭിനന്ദനങ്ങള്‍. നിയമനത്തിന് പിന്നാലെ കേരളത്തില്‍ നടന്ന ആഅഘോഷത്തെക്കുറിച്ചാണ് പറയാനുളളത്. ആഘോഷിക്കാന്‍ എന്താണുളളത് എന്നാണ് ചര്‍ച്ച ചെയ്യാനുളളത്. അതാഘോഷിച്ച മലയാളിയുടെ മനസിനെക്കുറിച്ചാണ് ആശങ്കയുളളത്. അത് പറയുന്നത് ബ്രാഹ്മണ സമൂഹത്തോട് എന്തെങ്കിലും വിയോജിപ്പ് രേഖപ്പെടുത്താനല്ല. വിയോജിപ്പില്ല താനും. ബ്രാഹ്മണിസത്തോട് പക്ഷെ, വിയോജിക്കാതെ തരമില്ല.
കേരളത്തിലെവിടെ നിന്ന് വേണമെങ്കിലും ഇത് പറയാമായിരുന്നു. പക്ഷെ, അരുവിപ്പുറത്ത് നിന്ന് പറയണമെന്ന് തീരുമാനിക്കുകയായിരുന്നു. അരുവിപ്പുറത്തിന് നമ്മുടെ നാടിന്റെ ചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. നിലവിലുളള വിശ്വാസങ്ങളും ക്ഷേത്രാചാരങ്ങളും ബ്രാഹ്മണ്യത്തിന്റെ സംരക്ഷണകവചമെന്ന് തിരിച്ചറിയുകയും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തയാളാണ് ശ്രീനാരായണ ഗുരു. അതുകൊണ്ടാണ് അദ്ദേഹം അതിനെതിരെ പോരാട്ടത്തിനിറങ്ങിയത്. അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു തുടങ്ങിയിടത്ത് നിന്ന് കേരളം മുന്നോട്ടാണോ പിറകോട്ടാണോ പോയതെന്നാണ് അന്വേഷിക്കുന്നത്.
ഈഴവശിവനെ പ്രതിഷ്ഠിച്ച നാരായണ ഗുരു ചരിത്രത്തെ അതിന്റെ വഴിക്കുവിടുകയായിരുന്നില്ല. ചരിത്രത്തില്‍ ഇടപെടുകയായിരുന്നു. നിലവിലുളള രീതികളെ അട്ടിമറിക്കാനാണ് അദ്ദേഹം പുഴയില്‍ നിന്ന് കല്ലെടുത്ത് ശിവനെ സൃഷ്ടിച്ചത്. പൂണൂലിടാതെയാണ് പ്രതിഷ്ഠ നടത്തിയത്.പ്രതിഷ്ഠക്ക് തന്ത്രിയുണ്ടായിരുന്നില്ല. നിലവിലുണ്ടായിരുന്ന പതിവുകളോ, ആചാരങ്ങളോ അദ്ദേഹം പാലിച്ചില്ല. അദ്ദേഹത്തിന്റെ ഇടപെടല്‍ ഈ നാട്ടിലുണ്ടാക്കേണ്ടിയിരുന്ന മാറ്റം വളരെ വലുതാണ്.
നാരായണഗുരു മാത്രമല്ല അയ്യങ്കാളി അടക്കമുളള നവോത്ഥാനനായകര്‍ കേരളത്തിന്റെ സാമൂഹ്യഘടനയില്‍ ഇടപെടാന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ആ ഇടപെടലുകളെല്ലാം നിരാകരിക്കപ്പെട്ടു പോവുകയായിരുന്നു വാസ്തവത്തില്‍ ദലിതരെ ശാന്തിക്കാരായി നിയോഗിച്ചതിനെ കേരളം കൊണ്ടാടിയപ്പോള്‍.
കേരളത്തിന്റെ പൊതുബോധം ദലിതരെ ഇപ്പോഴും ഉള്‍ക്കൊളളുന്നില്ല എന്ന് കൂടിയാണ് ദലിതന്‍ ശാന്തിക്കാരനാകുമ്പോഴത്തെ ആഘോഷങ്ങള്‍ തെളിയിക്കുന്നത്. പൊതുബോധം സവര്‍ണബോധമാണെന്നുറപ്പിക്കുകയാണ് ദലിതന്‍ ശാന്തിക്കാരനാകുമ്പോഴത്തെ സമൂഹത്തിന്റെ അത്ഭുതം തെളിയിക്കുന്നത്.
ദലിതരെ ശാന്തിക്കാരാക്കിയിരിക്കുന്നു, കേരളം ആകപ്പാടെ മാറിപ്പോയെന്ന് ആഘോ·ഷിച്ചവരില്‍ കുറേപ്പേര്‍ നിഷ്കളങ്കരാണ്. മനസില്ലാമനസോടെയാണെങ്കിലും എതിരില്ലെന്ന് പറഞ്ഞവരുണ്ട് കുറേയധികം. അവര്‍ ഒരു പ്രയോഗം ആവര്‍ത്തിച്ചുപറഞ്ഞുറപ്പിച്ചു.
അതെ. ദലിതനെ ദലിതനായല്ല ശാന്തിക്കാരനാക്കുന്നത്. അവനെ ബ്രാഹ്മണനാക്കിയാണ് ശാന്തിക്കാരനാക്കുന്നത്. അതായത് ദലിതന്‍ ശാന്തിക്കാരനാകാന്‍ യോഗ്യനല്ലെന്നാണ് പറഞ്ഞുവെക്കുന്നത്. ആവര്‍ത്തിച്ചുറപ്പിക്കുന്നത്. ജന്‍മം കൊണ്ടോ കര്‍മം കൊണ്ടോ ബ്രാഹ്മണനാവുകയാണ് മനുഷ്യജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്നാണ് നിഗൂഢമായി സ്ഥാപിക്കപ്പെടുന്നത്.
ബ്രാഹ്മണിസത്തിന് ഉണ്ടെന്ന് സ്ഥാ്പിക്കാന്‍ ശ്രമിക്കുന്ന മാഹാത്മ്യം അരക്കിട്ടുറപ്പിക്കാന്‍കൂടി ഇപ്പോഴത്തെ ശാന്തി നിയമനം പരോക്ഷമായെങ്കിലും കാരണമായിട്ടുണ്ട്. പ്രത്യേകിച്ചും ദലിത് സ്വത്വബോധം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്. ബ്രാഹ്മണനാകാന്‍ കഴിയാതെ പോയത് മഹാദൗര്‍ഭാഗ്യമായി വീണ്ടും വീണ്ടും പൊതുബോധത്തിലേക്ക് കുത്തിവെക്കാനാണ് ശ്രമം.
പണ്ടും അങ്ങനെയായിരുന്നു. ക്ഷേത്രപ്രവേശന വിളംബരം പോലെ നമ്മള്‍ വിപ്ലവകരമെന്ന് കരുതുന്ന പലതും പുനര്‍വായന ആവശ്യപ്പെടുന്നുണ്ട്. അവര്‍ണര്‍ക്ക് സ്വന്തമായി ക്ഷേത്രങ്ങളുണ്ടായാല്‍ സവര്‍ണാധിപത്യം നിലനില്‍ക്കില്ലെന്ന ബോധ്യം ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിന് പ്രേരണയായോ എന്ന് പരിശോധിക്കപ്പെടണം.
പിന്നോക്കക്കാര്‍ക്കും ദലിതര്‍ക്കും തങ്ങളെന്തോ ഔദാര്യം നല്‍കുന്ന തരത്തിലാണ് സാമൂഹ്യനീതിയുറപ്പാക്കിയ പല കാര്യങ്ങളും ചരിത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴത്തെ ശാന്തി നിയമനത്തിലും അത്തരമൊരു സൂചന പരോക്ഷമായെങ്കിലുമുണ്ട്.
നമ്പൂതിരിയെ മനുഷ്യനാക്കാന്‍ ശ്രമിച്ച വി ടി ഭട്ടതിരിപ്പാടിന്റെ നാട്ടിലാണ് ദലിതനെ പൂണൂലിട്ട് ബ്രാഹ്മണനാക്കാനാണ് ശ്രമിക്കുന്നത്. അത് നാരായണഗുരുവിനെയും നവോത്ഥാനത്തെയും നിരാകരിക്കലാണ്.
തൊട്ടുകൂടായ്മയുടെ സിംബലുകള്‍ അതേപടി തുടരുന്നുമുണ്ട്. അകത്തും പുറത്തും.
ദലിതരെ ശാന്തിക്കാരാക്കി സാമൂഹ്യനീതി ഉറപ്പാക്കിയെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും അവകാശവാദം. അങ്ങനെയെങ്കില്‍ ശബരിമലയില്‍ ദലിതനെ ശാന്തിക്കാരനാക്കുക കൂടി വേണ്ടേ. ഗുരുവായൂര് വേണ്ടേ. അതിന് തടസമെന്താണെന്നും, ആരാണ് തടസമെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം.
ദലിതരെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരാക്കിയത് ആഘോഷിക്കുന്നവര്‍ ഉത്തരം പറയേണ്ട മറ്റ് പല ചോദ്യങ്ങളുമുണ്ട്. ദൈനംദിന ജീവിതത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന പലതുമുണ്ട്. വര്‍ഷമിത്ര കഴിഞ്ഞിട്ടും ദലിതരോടുളള സമീപനത്തില്‍ വരാത്ത മാറ്റങ്ങളെക്കുറിച്ച്.
ചരിത്രത്തെ പാഠ്യപദ്ധതിയിലെ ഒരു വിഷയമായി ചുരുക്കരുത്. ജാതിയുടെ ചരിത്രം പ്രത്യേകിച്ചോര്‍ക്കണം. കേരളത്തിന്റെ സാമൂഹ്യഘടനയെ ചൂഴ്ന്നുനില്‍ക്കുന്ന ജാതിബോധം ഭീകരമാണ്. ഭയാനകമാണ്. അത്തരം യാഥാര്‍ഥ്യങ്ങളെ മറന്നുകൊണ്ടുളള ആഘോഷങ്ങള്‍ ദലിതരുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കില്ല.
ഇത്രകാലം ദലിതരെ ക്ഷേത്രങ്ങളില്‍ ശാന്തിക്കാരാക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണുയരേണ്ടത്. അത്തരം ചോദ്യങ്ങളുയരാതിരിക്കാനാണ് ഇപ്പോഴത്തെ ആഘോഷങ്ങള്‍.
ദലിതരെ ശാന്തിക്കാരാക്കിയത് തെറ്റാണെന്നല്ല പറഞ്ഞുവരുന്നത്. ദലിതരെ ശാന്തിക്കാരാക്കിയത് ആഘോഷിക്കുന്ന സമൂഹത്തിന്റെ മനസ് ജാതിബോധത്തെ ശരിവെക്കുകയാണെന്നാണ് പറഞ്ഞുവരുന്നത്.
ഈ ആഘോഷങ്ങള്ക്കിടയില്‍ ദലിത് രാഷ്ട്രീയത്തില്‍ അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ റദ്ദാക്കപ്പെടുകയാണെന്നാണ് പറഞ്ഞുവരുന്നത്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് ദളിതരെ നിയോഗിക്കാതിരുന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്. മഹാക്ഷേത്രങ്ങളില്‍ ഇപ്പോഴും ദലിതരെ പുറത്തുനിര്‍ത്തിയിരിക്കുന്നതിനെ ക്കുറിച്ചാണ് ചര്‍ച്ച ചെയ്യേണ്ടത്.
ആചാരത്തിന്റെ അടവ് പുറത്തെടുക്കരുത്. അവരൊന്നോര്‍ക്കണം. അയിത്തവും ഒരു വിഭാഗം സംരക്ഷിച്ചുനിര്‍ത്താന്‍ ശ്രമിച്ച ഒരാചാരമായിരുന്നു.