ഒരു മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. രാജ്യത്ത് കൊല്ലപ്പെടുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകയല്ല ഗൗരി ലങ്കേഷ്. അവര്‍ക്ക് മാവോയിസ്റ്റുകളുമായി അടുപ്പമുണ്ടായിരുന്നു. മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്കെത്തിക്കാന്‍ ശ്രമിച്ചിരുന്നു. അങ്ങനെ ശ്രമിച്ചതിന്റെ പേരില്‍ ആരെയെങ്കിലും മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയതായി കേട്ടറിവില്ല. സംഘപരിവാര്‍ രാജ്യത്തെ ഇരുണ്ട കാലത്തേക്ക് നയിക്കുന്നുവെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ അധികം നീളമില്ലാത്ത പട്ടികയിലുമുണ്ട് ഗൗരി. ആ പട്ടികയില്‍ നിന്ന് കൊല്ലപ്പെടുന്ന ആദ്യത്തെയാളല്ല ഗൗരി ലങ്കേഷ്.
ആരായിരുന്നു ഗൗരി ലങ്കേഷെന്ന ചോദ്യത്തിനുത്തരം വേണം
ഗൗരി ലങ്കേഷിന്റെ പിതാവ് എല്‍ ലങ്കേഷ് ഒരു കാലഘട്ടത്തിലെ പോരാട്ടവീറിന്റെ പ്രതീകമായിരുന്നു, പ്രത്യേകിച്ചും കര്‍ണാടകയില്‍. ലങ്കേഷിനെയും ഗൗരിയെയും അടുത്തറിയുന്ന സാഹിത്യകാരന്‍ തെര്‍ളി ഓര്‍മിക്കുന്നു.
പുരോഗമനത്തിന്റെ വിശാലാകാശമുളള ലങ്കേഷിന്റെ സ്കൂളില്‍ തന്നെയാണ് ഗൗരിയും പഠിച്ചുവളര്‍ന്നത്. വമ്പന്‍ പരസ്യങ്ങളൊഴിവാക്കി വരിസംഖ്യ കൊണ്ട് മാത്രമാണ് ലങ്കേഷ് പത്രികയും പിന്നീട് ഗൗരി ആരംഭിച്ച ഗൗരിലങ്കേഷ് പത്രികയും പ്രസിദ്ധീകരിച്ചിരുന്നത്. അക്ഷരാര്‍ഥത്തില്‍ നിര്‍ഭയമായിരുന്നു നിലപാടുകള്‍.
ലിബറല്‍ ബുദ്ധിജീവികളെല്ലാം ചേര്‍ന്ന് വിശുദ്ധയാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദു ഐക്യവേദിയുടെ വനിതാനേതാവ് പറഞ്ഞത് പോലെ വലയില്‍ വീണ ഗോളായിരുന്നില്ല ഗൗരി ലങ്കേഷ്. അവര്‍ നിഷ്ഠൂരമായി കൊല്ലപ്പെടുകയായിരുന്നു.
ഒന്നിലേറെ കാരണങ്ങള്‍ ഗൗരിയുടെ കൊലപാതകത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഗൗരി ലങ്കേഷ·ിനെ അറിയുന്നവര്‍ക്ക് പൊലീസ് യഥാര്‍ഥപ്രതികളെ കണ്ടെത്തുന്നതുവരെയെങ്കിലും വിശ്വസനീയമായി തോന്നിയ ചിലതുണ്ട്.
ബി ജെ പി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഖനി കുംഭകോണം അടക്കമുളള വിഷയങ്ങള്‍ ഗൗരിയുടെ പ്രസിദ്ധീകരണം നിരന്തരം പ്രസിദ്ധീകരിച്ചിരുന്നു. അത് മാത്രവുമല്ല, കര്‍ണാടക ദക്ഷിണേന്ത്യയിലെ ഹിന്ദുത്വപരീക്ഷണങ്ങള്‍ക്കുളള പരീക്ഷണശാലയായി മാറുന്നുവെന്ന് അവര്‍ നേരത്തെ, വളരെ നേരത്തെ സംശയിച്ചിരുന്നു, ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു.
തീര്‍ച്ചയായും മാവോയിസ്റ്റുകളുമായി ഗൗരി ലങ്കേഷിന് അടുപ്പമുണ്ടായിരുന്നു. ആ അടുപ്പത്തിനപ്പുറത്തും ഒന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. ഭരണഘടനയെ പോലും അംഗീകരിക്കാത്ത മാവോയിസ്റ്റുകള്‍ പോലും ആക്രമണങ്ങളുടെയും, ഏറ്റുമുട്ടലുകളുടെയും ഉത്തരവാദിത്വം ഏറ്റെടുക്കാറാണ് പതിവ്. വാസ്തവത്തില്‍ ഈ വാദങ്ങള്‍ നിഷ്കളങ്കമല്ലെന്നും തന്ത്രപരമായ ഒഴിഞ്ഞുമാറ്റമാണെന്നും മനസിലാക്കാന്‍ ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാല്‍ മതി.
ഗൗരി ലങ്കേഷിന്റെ മരണശേഷം കൊടിയ വെറുപ്പും വിദ്വേഷവുമാണ് സംഘപരിവാറിനോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ വാരിവിതറിയത്. പ്രത്യേകിച്ചും സമൂഹമാധ്യമങ്ങളില്‍. അവര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയായിരുന്നു. അവര്‍ ചെയ്തതിന്റെ ഫലം അനുഭവിക്കുകയായിരുന്നു എന്നെല്ലാം. ഇതൊക്കെ പോട്ടെ, കര്‍ണാടകയിലെ ഒരു ബി ജെ പി എം എല്‍ എ പരസ്യമായി പ്രസംഗിച്ചു, ബി ജെ പി യെ യും ആര്‍ എസ് എസിനെയും വിമര്‍ശിച്ചിരുന്നില്ലെങ്കില്‍ അവര്‍ക്ക് ഇപ്പോള്‍ മരിക്കേണ്ടി വരില്ലായിരുന്നുവെന്ന്, കൂടുതല്‍ കാലം ജീവിക്കുമായിരുന്നുവെന്ന്. വഴിപോക്കനല്ല, ബി ജെ പിയുടെ എം എല്‍ എയാണ് ഇത് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവര്‍ പോലും വിദ്വേഷത്തിന്റെ വക്താക്കളായി രംഗത്തുവന്നതില്‍ അത്ഭുതപ്പെടാനില്ല. യു ആര്‍ അനന്തമൂര്‍ത്തി മരണപ്പെട്ടപ്പോള്‍മധുരം വിളമ്പി ആഘോഷിച്ച കൂട്ടരാണ്.
കേരളത്തിലേക്ക് നോക്കി ഒന്ന് കൂടി അവര്‍ പറയുന്നുണ്ട്. പേടിപ്പെടുത്തുന്ന താരതമ്യം. കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ഇല്ലാത്ത എന്ത് വേദനയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടാകുന്നതെന്ന്. കണ്ണൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുമ്പോള്‍ കേരളത്തിലെ പൊതുസമൂഹം സന്തോഷിക്കുകയാണെന്ന് പറയുന്നത് എത്രവലിയ നുണയാണ്.
തെളിവെവിടെ തെളിവെവിടെ എന്നചോദ്യമാണ് സംഘപരിവാറിന്റെ ഉച്ചഭാഷിണികളിലെങ്ങും. ഞങ്ങളുമായി ബന്ധമില്ലാത്ത സംഘടനകളെന്ന വാദമാണ് പ്രധാനം. ഗാന്ധിവധത്തിന്റെ ചരിത്രമൊന്നോര്‍മിക്കുന്നത് നല്ലതാണ്
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ ഞങ്ങളല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും ഗൗരി ലങ്കേഷിന് നേരെ ചീറിയ വെടിയുണ്ടകള്‍ എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകരും, എഴുത്തുകാരും, കലാകാരന്‍മാരും മനസിലാക്കേണ്ടതെന്ന കൃത്യമായ മുന്നറിയിപ്പ് അവര്‍ നല്‍കുന്നുണ്ട്. അതിലൊരു സാമ്പിളാണിത്. വാട്ട്്സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ച സന്ദേശമാണ്. മുഴുവന്‍ വായിച്ചാല്‍ ചിരി നിര്‍ത്താന്‍ കഴിയില്ല, അതുകൊണ്ട് പ്രസക്തഭാഗങ്ങള്‍ വായിക്കാം.
മനോരമയിലെ ഷാനിയും പ്രമോദും ഏഷ്യാനെറ്റിലെ വിനു, സിന്ധു, വേണുവും ഉള്‍പെടെയുളള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആര്‍ എസ് എസ് 10 കോടി രൂപ നഷ്ടപരിഹാരക്കേസ് ഫയല്‍ ചെയ്യാന്‍ പോകുന്നു. കോടതിയില്‍ ക്ഷമ പറഞ്ഞ് തലയൂരാം എന്ന് കരുതരുത്, അവര്‍ കരുതിക്കൂട്ടി തന്നെയാണ്. കേസ് നടത്തുന്നത് ആര്‍എസ്എസാണ്. ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട. വെടിയുണ്ടയുടെ ആവശ്യമൊന്നുമില്ല ഇവറ്റകളെ നിലക്ക് നിര്‍ത്താന്‍. ഒരു പെറ്റിക്കേസ് മാത്രം മതി എന്ന പരിഹാസത്തിലാണ് സന്ദേശം അവസാനിക്കുന്നത്.
വാസ്തവത്തില്‍ കേസ് കൊടുക്കുമെന്ന ഭീഷണിയായല്ല ഇതിനെ കാണേണ്ടത്. കേസ് കൊടുക്കുന്നത് ജനാധിപത്യരാജ്യത്തില്‍ തികച്ചും സ്വാഭാവികമാണ്. പക്ഷെ, മാധ്യമപ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ വെടിയുണ്ടകള്‍ വേണ്ടെന്ന് ആശ്വസിക്കുന്നവര്‍, ആര്‍ക്കെതിരെയാണ് തോക്ക് ചൂണ്ടുന്നത്. ട്രിഗറില്‍ വിരല്‍ ചേര്‍ത്ത് പതിയിരിക്കുന്നത് ആരുടെ രാഷ്ട്രീയം സംരക്ഷിക്കാനാണ്.
അടിയന്തരാവസ്ഥയും രാജ്യമിപ്പോള്‍ കടന്നുപോകുന്ന ഘട്ടവും തമ്മിലുളള താരതമ്യം ശരിയല്ലെന്നറിയാം. പക്ഷെ, വര്‍ത്തമാനകാലം അത്തരമൊരു താരതമ്യം ആവശ്യപ്പെടുന്നുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഭരണഘടനയിലൊരു വകുപ്പുണ്ടായിരുന്നു. നിയമവിധേയമായിരുന്നു.
എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ സംജാതമായിക്കൊണ്ടിരിക്കുന്ന സാഹചര്യം ഏതെങ്കിലും നിയമത്തിന്റെ പിന്‍ബലത്തിലല്ല, ഇന്ത്യ എന്ന സങ്കല്‍പത്തിന്റെ സ്പിരിറ്റ് ഒരുതരത്തിലും അവകാശപ്പെടാന്‍ കഴിയാത്തതാണ്.
ഗൗരി ലങ്കേഷിന്റെ മരണശേഷം ബി ജെ പി, ആര്‍ എസ് എസ് കേന്ദ്രങ്ങള്‍ നടത്തിയ പ്രതികരണങ്ങള്‍ പ്രത്യേകം പഠിക്കേണ്ടതുണ്ട്. അവര്‍ കൊല്ലപ്പെട്ടു. അപലപിക്കുന്നു. പിന്നെ, അവര്‍ അത്ര നിഷ്കളങ്കയൊന്നുമായിരുന്നില്ല. അല്ലെങ്കില്‍ തന്നെ അങ്ങനെയെത്രയെത്ര പേര്‍ കൊല്ലപ്പെടുന്നു. ഈ രീതിയിലായിരുന്നു വ്യാഖ്യാനങ്ങള്‍.
ചിന്തിക്കുന്നവരെയും, ചിന്തിക്കുന്നയിടങ്ങളെയും തേടിവരുന്ന പ്രത്യയശാസ്ത്രത്തിന് കൃത്യമായ ഒരു രീതിശാസ്ത്രമുണ്ട്. അത് ഒരു വഴിയില്‍കൂടി ആയിരിക്കില്ല ഒരിക്കലും വരിക. പല വഴികളിലൂടെ, പല രീതിയില്‍ വരും. നുണകള്‍ക്ക് വല്ലാത്തൊരു സ്വീകാര്യതയുണ്ടാക്കിയെടുക്കുന്ന കാലം കൂടിയാണിത്. പൊതുസമൂഹത്തില്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന നുണകള്‍ ഫലം കൊയ്തുതുടങ്ങിയിരിക്കുന്നു.
ഒരു വിഭാഗത്തിന്റെ ശരിയിലേക്ക് മാത്രമായി കാര്യങ്ങള്‍ ചുരുക്കപ്പെടുന്നുണ്ട്. ഒരു വിഭാഗത്തിന്റെ മാത്രം രാജ്യം. അവര്‍ നല്‍കുന്ന ഒൗദാര്യത്തില്‍ മറ്റുളളവരുടെ ഇടങ്ങള്‍ . സംവാദങ്ങള്‍ക്ക് നോ സ്പെയ്സ്. വിരുദ്ധാഭിപ്രായങ്ങള്‍ക്ക് നേരെ ഉന്നം പിടിക്കുന്ന തോക്കുകള്‍.
പ്രധാനമന്ത്രിയുടെ പ്രത്യയശാസ്ത്രത്തിന് നേരെ വിരല്‍ചൂണ്ടിയ ഒരു ആക്ടിവിസ്റ്റ്, മാധ്യമപ്രവര്‍ത്തക, സ്ത്രീ ഇതെല്ലാമാണ് ഇവിടെ കൊലചെയ്യപ്പെട്ടിരിക്കുന്നത്. ഒരു വിശദീകരണം നല്‍കുക, ആശങ്കയറിയിക്കുക... ഇതൊന്നും ഒരനിവാര്യതയായി ഭരണാധികാരിക്കോ, അനുയായികള്‍ക്കോ തോന്നുന്നതേയില്ല. ഭരണത്തിലെ മാറ്റത്തിനൊത്ത് ജുഡീഷ്യറിയും, എക്സിക്ക്യൂട്ടീവും അടങ്ങുന്ന സ്റ്റെയ്റ്റ് അതിന്റെ സ്വാഭാവികമായ സവര്‍ണ, ഏകാധിപത്യരൂപത്തിലേക്ക് അതിവേഗം പരിണമിക്കുന്നു.
ജനാധിപത്യത്തെക്കുറിച്ചുളള ഇതുവരെയുളള ധാരണകള്‍ അട്ടിമറിക്കുന്ന തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കനുസൃതമായി സമൂഹത്തെ അതിവേഗം പരിവര്‍ത്തനം ചെയ്യുന്നുമുണ്ട്. ഫാസിസം അടുക്കളപ്പുറത്ത്, വീട്ടുപടിക്കല്‍ എന്നെല്ലാമുളള പ്രയോഗങ്ങള്‍ പഴഞ്ചനായി. അത് നമ്മുടെ അടുക്കളയിലും കിടപ്പറയിലുമെത്തിക്കഴിഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വ്യത്യസ്താഭിപ്രായങ്ങളും, വിയോജിപ്പുകളും പുതിയ ഇന്ത്യക്ക് ആവശ്യമില്ല എന്ന് ആവര്‍ത്തിച്ചുപ്രഖ്യാപിക്കുകയാണ് ഓരോ സംഭവങ്ങളും.
വിയോജിപ്പുകളാവശ്യമില്ലെന്നും, വിയോജിപ്പുകള്‍ക്ക് സ്വന്തം ജീവനെടുക്കാനുളള കരുത്തുണ്ടെന്നും പലരും തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ക്യാമറക്ക് മുന്നില്‍ ഈ എപ്പിസോഡില്‍ എന്നെ അഭിമുഖീകരിച്ച തെര്‍ളി പേ ശേഖര്‍ അത് തുറന്നുസമ്മതിക്കുകയും ചെയ്തു.
ശുഭപ്രതീക്ഷക്ക് അധികം സാധ്യതകളില്ലാത്തത്ര ഇരുണ്ടകാലമാണിത്. ഭീതിയുടെ ആവരണത്തിന് കട്ടി കൂടിക്കൊണ്ടേയിരിക്കുകയാണ്. രണ്ട് വഴികളാണ് മുന്നോട്ട് വെക്കപ്പെടുന്നത്. ഒന്നുകില്‍ അവര്‍ക്കൊപ്പം നില്‍ക്കുക, അല്ലെങ്കില്‍ നിശബ്ദരാവുക. ഇപ്പോള്‍ കെ പി ശശികല ഒരു വഴി കൂടി പറഞ്ഞുതന്നിരിക്കുന്നു. മൃത്യുഞ്ജയഹോമം നടത്തി രക്ഷപെടുക. ക്ഷമിക്കണം, നിങ്ങള്‍ക്കൊപ്പം നില്‍ക്കാനോ, നിശബ്ദരാകാനോ, മൃത്യുഞ്ജയഹോമം നടത്താനോ ഉദ്ദേശിക്കുന്നില്ല.
ഭീതിവിതച്ച് അധികാരമുറപ്പിച്ച്, അതെല്ലാക്കാലവും നിലനില്‍ക്കുമെന്ന് കരുതിയ ഒരു പ്രത്യയശാസ്ത്രവും അനന്തകാലത്തേക്ക് വിജയിച്ച ചരിത്രം ലോകത്തില്ല. അതാണ് ശുഭപ്രതീക്ഷ.