കേരളത്തില്‍ ഏതെങ്കിലുമൊരു സാധാരണക്കാരന് വീടിനടുത്തുള്ള കായല്‍ വളച്ചു കെട്ടി, സ്വന്തം ആവശ്യത്തിനായി തിരിച്ചെടുക്കാമോ? ഏതെങ്കിലുമൊരു സാധാരണക്കാരന് അടുത്തുള്ള പുഴയില്‍ സ്വന്തം ആവശ്യത്തിനു തടയണ കെട്ടാമോ? കൃഷിനിലം നികത്തി പാര്‍ക്കിങ് സ്പേസ് ഉണ്ടാക്കാമോ?· കടുത്ത നിയമലംഘനമല്ലേ എന്നാണ് ചോദ്യമെങ്കില്‍ സാധാരണക്കാര്‍ക്ക് അതെ. പക്ഷേ മന്ത്രിയും എം.എല്‍.എയുമാണ് ചെയ്യുന്നതെങ്കില്‍ അത് ഒരു ലംഘനവുമാകില്ല. എന്നു മാത്രമല്ല, ഒരന്വേഷണം പോലുമില്ലാതെ കേരളത്തിന്‍റെ മുഖ്യമന്ത്രി തന്നെ ക്ലീന്‍ചിറ്റ് എഴുതിത്തരും. കണ്ടീഷനുണ്ട് , ജനപ്രതിനിധിയുമാകണം, കോടീശ്വരനുമാകണം. എന്നിട്ട് ഒരു ചോദ്യം കൂടി മുഖ്യമന്ത്രി നമ്മളോട് ചോദിക്കും. ഈ സര്‍ക്കാരോ മന്ത്രിയോ എന്തെങ്കിലും തെറ്റു ചെയ്തോ? അധികാരം ദുര്‍വിനിയോഗിച്ചോ, കേരളത്തിന് നഷ്ടമുണ്ടായോ? ഈ ചോദ്യങ്ങള്‍ എവിടെയോ കേട്ടതു പോലെ തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികമല്ല.
കുട്ടനാട് മുതല്‍ കൂടരഞ്ഞി വരെ കേരളത്തെ കൊള്ളയടിക്കുന്ന മാഫിയാസംഘമാണ് മന്ത്രി തോമസ് ചാണ്ടിയും ഇടതുപക്ഷഎം.എല്‍.എ പി.വി.അന്‍വറുമെന്ന് സഭയില്‍ ഉന്നയിച്ചത് പ്രതിപക്ഷമാണ്.
വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ കൂടി ഉദ്ധരിച്ചാണ് തോമസ് ചാണ്ടിയുടെ കായല് കൈയേറ്റവും പി.വി.അന്‍വറിന്റെ പാര്‍ക്കിന്റെ നിയമലംഘനവും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. എന്താണ് മന്ത്രി തോമസ് ചാണ്ടിക്കു നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍? ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിനോട് ചേര്‍ന്ന് അഞ്ചേക്കര്‍ കായല്‍ വളച്ചുകെട്ടി കയ്യേറി എന്നതാണ് ആരോപണങ്ങളില്‍ പ്രധാനം. ഇതിനെതിരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് DYFI തന്നെ രംഗത്തു വരികയും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തതാണ്. പക്ഷേ ഇനിയൊരു നിര‍്ദേശമുണ്ടാകും വരെ ഫ്ളോട്ടിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതിയുണ്ടെന്നും അതു മാത്രമാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി തോമസ് ചാണ്ടി വിശദീകരിക്കുന്നു. മാര്‌ത്താണ്ഡം കായല്‍ കൈയേറി ഭൂമി നികത്തിയെന്ന ആരോപണം ആലപ്പുഴ കലക്ടര്‍ തന്നെ തള്ളിയിട്ടുണ്ട്. പിന്നീടുള്ളത് റിസോര്‍ട്ടിലേക്കെത്തുന്ന റോഡ് അധികാരദുര്‍വിനിയോഗമാണ് എന്നതാണ്. പ്രദേശത്ത് റോഡില്ലാതിരുന്ന ദുരവസ്ഥ കണ്ട് മുന്‍കൈയെടുക്കുക മാത്രമാണ് ചെയ്തതെന്നും റോഡ് അനുവദിച്ചത് എം.പിമാരായിരുന്ന പി.ജെ.കുര്യനും കെ.ഇ.ഇസ്മയിലുമാണെന്നും തോമസ് ചാണ്ടി വാദിക്കുന്നു. ഒടുവില്‍ ഇപ്പോള്‍ വിവാദമായ റോഡ് ടാറിങിന് 28 ലക്ഷം രൂപ അനുവദിച്ചത് തുറമുഖവകുപ്പില്‍ നിന്ന് കെ.ബാബുവാണെന്നും അതില്‍ താനെവിടെ അധികാരം ദുര്‍വിനിയോഗിച്ചുവെന്നുമാണ് തോമസ് ചാണ്ടിക്ക് മനസിലാകാത്തത്.
സത്യത്തില്‍ മന്ത്രി തോമസ് ചാണ്ടി എന്തു തെറ്റു ചെയ്തുവെന്നാണ്? അദ്ദേഹത്തിന്റെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടിനു സമീപത്തു കൂടി, അദ്ദേഹത്തിന്റെ റിസോര്‍ട്ടില്‍ ഭക്ഷണം കഴിക്കാന്‍ വന്ന ജനപ്രതിനിധികളുടെ കാരുണ്യത്തില്‍ ഒരു റോഡ് അനുവദിക്കപ്പെടുന്നു. അവര്‍
അനുവദിച്ച തുക കൊണ്ട് തുടങ്ങിയ നിര്‍മാണപ്രവര്‍ത്തനം അദ്ദേഹത്തിന്‍റെ റിസോര്‍ട്ടെത്തുന്നതോടെ നിലയ്ക്കുന്നു. ഫലത്തില്‍ നാട്ടുകാരുടെ ദുരിതം മാറ്റാന്‍ കൊണ്ടു വന്ന റോഡ് മന്ത്രിയുടെ റിസോര്‍ട്ടിലേക്കു മാത്രമായി മാറുന്നു. പക്ഷേ അതിലെന്താണ് തെറ്റ്? എത്ര നിഷ്കളങ്കമായ ചോദ്യമാണ് തോമസ് ചാണ്ടി ചോദിക്കുന്നത്·? എത്ര നിഷ്കളങ്കമായാണ് ആ ചോദ്യം മുഖ്യമന്ത്രി ആ ചോദ്യം ഏറ്റു ചോദിക്കുന്നത്?
അതായത് മന്ത്രിയെന്ന നിലയിലോ എം.എല്‍.എ എന്ന നിലയിലോ തോമസ് ചാണ്ടി ഒരു അധികാരദുര്‍വിനിയോഗവും നടത്തിയിട്ടില്ല. കായല്‍ വളച്ചു കെട്ടിയത് ശരിയല്ലെന്ന് സര്‍ക്കാര്‍ പറഞ്ഞാല്‍ ആ നിമിഷം മന്ത്രി ആ ഫ്ളോട്ടിങ് വളച്ചുകെട്ടല്‍ നീക്കം ചെയ്യും. മാര്‍ത്താണ്ഡത്ത് ഭൂമിനികത്തലില്ലെന്ന് കലക്ടര്‍ കണ്ടെത്തിക്കഴിഞ്ഞു. പിന്നെ റോഡിന്റെ കാര്യത്തില്‍ അധികാരം ദുര്‍വിനിയോഗം ചെയ്തിട്ടുണ്ടെങ്കില് അതില്‍ മന്ത്രിക്ക് ഒരു പങ്കുമില്ല. കോണ്‍ഗ്രസുകാരായ പി.ജെ.കുര്യനും കെ.ബാബുവും, സി.പി.ഐക്കാരനായ കെ.ഇ.ഇസ്മയിലുമാണ് അധികാരദുര്‍വിനിയോഗത്തിനു മറുപടി പറയേണ്ടത്. സ്വന്തം അധികാരം മന്ത്രി വിനിയോഗിച്ചിട്ടില്ല എന്നതുറപ്പ്. മറ്റുള്ളവരുടെ അധികാരം, സ്വമേധയാ, വളരെ യാദൃശ്ചികമായി പുന്നമടക്കായലിലൂടെ ഒഴുകി ലേക് പാലസ് റിസോര്‍ട്ടിനു ചുറ്റും വിനിയോഗിക്കപ്പെട്ടതാണ്. ഇക്കാര്യത്തില്‍ മന്ത്രിക്കോ അദ്ദേഹത്തിന്റെ സര്‍ക്കാരിനോ മുന്നണിക്കോ ഒരു ഉത്തരവാദിത്തവുമില്ല.
ഇനി പി.വി.അന്‍വര്‍ എം.എല്‍.എയുടെ കാര്യം. അദ്ദേഹവും നാട്ടുകാരുടെ കഷ്ടപ്പാട് മാറ്റാന്‍ വേണ്ടി മാത്രമായി ഒരു വാട്ടര്‍തീം പാര്‍ക്ക് തുടങ്ങിയതാണ്. നാട്ടുകാര്‍ക്കു വേണ്ടിയായതുകൊണ്ട് ആദ്യം പാര്‍ക്ക് പിന്നീട് അനുമതി എന്നതായിരുന്നു രീതി. നിയമലംഘനമെന്ന് പഞ്ചായത്ത് കണ്ടെത്തുന്നു, പിഴ ചുമത്തുന്നു, ക്രമപ്പെടുത്തുന്നു. വീണ്ടും നിയമം ലംഘിക്കുന്നു. പഞ്ചായത്ത് കണ്ടെത്തുന്നു. പിഴ ചുമത്തുന്നു, ക്രമപ്പെടുത്തുന്നു. അങ്ങനെയല്ലാതെ കേരളത്തില്‍ എങ്ങനെയാണ് ഒരു വാട്ടര്‍തീം പാര്‍ക്ക് കൊണ്ടുവരാനാകുകയെന്ന നിഷ്ക്കളങ്കമായ ചോദ്യമാണ് എം.എല്‍.എയും ഉന്നയിക്കുന്നത്.
പി.വി.അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്ക് കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടം പൊയിലിലാണ്. ആദ്യം നിര്‍മാണം തുടങ്ങിയത് സാധാരണ പാര്‍ക്കിനുള്ള താല്‍ക്കാലിക അനുമതിയുമായാണ്. പത്തോളം നിയമലംഘനങ്ങളെന്ന ആരോപണമാണ് എം.എല്‍.എയുടെ പാര്‍ക്കിനു നേരെ ഉയര്‍ന്നിരിക്കുന്നത്. പാര്‍ക്കിനുള്ള അനുമതി ഉപയോഗിച്ച് വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിച്ചു. വാട്ടര്‍തീം പാര്‍ക്ക് ഏപ്രിലില്‍ പ്രവര്‍ത്തനം തുടങ്ങി, പക്ഷേ അതിനുള്ള ലൈസന്‍സിന് അപേക്ഷിച്ചതു തന്നെ ജൂണിലാണെന്നതിന് രേഖകളുണ്ട്. പഞ്ചായത്ത് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനും പിഴയടപ്പിച്ചതിനും രേഖകളേറെ. എന്നാല്‍ എം.എല്‍.എയ്ക്ക് ഇതിനെല്ലാം ന്യായീകരണങ്ങളുമുണ്ട്
പി.വി.അന്വറിന്റെ പാര്ക്കില് എല്ലാം നടന്നത് നിയമവിരുദ്ധമായാണ്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവര്ത്തനം തുടങ്ങിയതിന്, പിഴ അടച്ചു, പ്രവര്ത്തനം തുടങ്ങി. ആദ്യം പാര്ക്കില് ഒരു പ്രശ്നവുമില്ലെന്നു കണ്ടെത്തിയ മലിനീകരണ നിയന്ത്രണബോര്ഡ് വിവാദങ്ങള് ഉയര്ന്നതോടെ അനുമതി പിന് വലിച്ചു. മാലിന്യട്രീറ്റ്മെന്റ് പ്ലാന്റ് ഇല്ലെന്ന് ആദ്യം അനുമതി നല്കിയപ്പോള് ബോര്ഡ് കണ്ടെത്തിയില്ലെന്നത് വിചിത്രമാണ്. ബോര്‍ഡ് അവിടെ സന്ദര്‍ശനം പോലും നടത്താതെയാണ് ആദ്യഅനുമതി നല്‍കിയതെന്നാണ് ആരോപണം. പക്ഷേ ഒരു കാര്യം മനസിലാക്കാവൂന്നതയേള്ളൂ. ഇടയില്‍ തട്ടിയ നിയമലംഘനങ്ങളെല്ലാം നിയമവിധേയമാക്കാന്‍ എം.എല്‍.എയ്ക്ക് അവസരമുണ്ട്. ട്രീറ്റ്മെന്റ് പ്ലാന്റ് വരുന്നു, അനുമതി വരും. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് ഇടതുപക്ഷഎം.എല്‍എയുടെ പാര്‍ക്കിന്റെ നിയമലംഘനങ്ങള്‍ ക്രമപ്പെടുത്താന്‍ ഉല്‍സാഹിച്ചത് എന്നുകൂടി മനസിലാക്കണം. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡൊരുക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ വരി നിന്നതുപോലെ തന്നെ. പ്രാദേശിക തലത്തിലെത്തിയാല്‍, കോടീശ്വരന്‍മാരായ വ്യവസായികള്‍ക്കു മുന്നില്‍ നിയമങ്ങളെങ്ങനെയും വിധേയമാക്കിക്കൊടുക്കാന്‍ യു.ഡി.എഫിനു നിയമസഭയിലെപ്പോലെ ധാര്‍മികരോഷമൊന്നും തടസമാകില്ല. ആകെ പാളിപ്പോയത് പൊതുഅരുവിയില് തടയണ കെട്ടിയത് മാത്രമാണ്. അത് പൊളിക്കേണ്ടി വരുമെന്ന് ഒടുവില് ജില്ലാകലക്ടര് ഉത്തരവിട്ടിരിക്കുന്നു. സഹായിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ യു.ഡി.എഫിന്റെ പഞ്ചായത്ത് ഭരണസമിതി തന്നെ അതും ക്രമപ്പെടുത്തിക്കൊടുത്തേനെ. എന്തായാലും സഭയില്‍ പാവങ്ങള്‍ക്കു വേണ്ടി തുടങ്ങിയ പാര്‍ക്ക്, നിലമ്പൂരിലെ വാര്‍ത്താസമ്മേളനത്തിലെത്തിയപ്പോഴേക്കും വ്യവസായമായി മാറിയെന്നതു മാത്രമാണ് ആശ്വാസം.
തോമസ് ചാണ്ടി തെറ്റു ചെയ്തോ, പി.വി.അന് വര് കുറ്റം ചെയ്തോ. നിയമവും ചട്ടവും ക്രമപ്പെടുത്താന് സൌകര്യമുള്ളവര്ക്ക് റിസോര്ട്ടിലേക്ക് സ്വന്തമായി റോഡ് പണിയാം. അനുമതിയില്ലാതെ പരിസ്ഥിതി ദുര്ബലമേഖലയില് വാട്ടര്തീം പാര്ക്ക് പണിയാം. അരുവിയില് തടയണ കെട്ടാം. പണവും സ്വാധീനവും ഏതു നിയമത്തെയും വഴിക്കു കൊണ്ടുവരുമെന്ന് നല്ല വ്യവസായികള് കൂടിയായ ജനപ്രതിനിധികള്ക്കു തോന്നിയേക്കാം. പക്ഷേ ആരോപണമുയര്ന്നാല് അന്വേഷണം പോലും ആവശ്യമില്ലെന്നു തീരുമാനിച്ച് അവര്ക്കു നല്കുന്ന ക്ലീന്ചിറ്റ് മുഖ്യമന്ത്രി ആര്ക്കൊപ്പമെന്ന ചോദ്യം ശക്തമാക്കുക തന്നെ ചെയ്യും.
തോമസ് ചാണ്ടിയുടെ റിസോര്ട്ടിലേക്ക് സര്ക്കാരിന്റെ റോഡെത്തിയതെങ്ങനെയെന്ന ചോദ്യത്തിനു മുന്നിലും അന് വറിന്റെ പാര്ക്കിന്റെ നിയമലംഘനങ്ങള് കാണുന്നില്ലേയെന്ന ചോദ്യ്തതിനു മുന്നിലും മുഖ്യമന്ത്രിക്കു പറയാനുള്ളത് ഇതാണ്.
അവര് പറയുന്നതാണ് കാര്യം. മറിച്ചെന്തെങ്കിലുമുണ്ടെന്നു കണ്ടെത്തിയാല്, അത് തെളിഞ്ഞാല് ഏത് ഉന്നതനായാലും സംരക്ഷിക്കില്ലെന്ന ഒരു ഔദാര്യപ്രഖ്യാപനം കൂടിയുണ്ട്. സര്ക്കാര് ആര്ക്കൊപ്പമാണ് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടി ഗംഭീരമായിരുന്നു.
മെഡിക്കല് വിദ്യാഭ്യാസമേഖലയില് സ്വാശ്രയഫീസ് ഏറ്റവും കുത്തനെ ഉയര്ന്നു നില്ക്കുന്ന നേരത്ത് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനമൊക്കെ കേള്ക്കുമ്പോള് വിദ്യാര്ഥികള്ക്കെങ്കിലും പ്രത്യേക ചാരിതാര്ഥ്യം അനുഭവപ്പെടുമെന്ന കാര്യത്തില് സംശയം വേണ്ട. ആര്ക്കൊപ്പമെന്ന ചോദ്യത്തിന് അവസരത്തില് നിന്നു മാറി മുഖ്യമന്ത്രി നാടകീയമായി ഉത്തരം നല്കുമ്പോഴ്, അവസരം ആവശ്യപ്പെടുന്ന സ്വാശ്രയം പോലുള്ള ചോദ്യങ്ങള് വേണ്ടതുപോലെ ചോദിക്കാന് പ്രതിപക്ഷത്തിനുമില്ല ഊര്ജം. അടിയന്തരപ്രമേയാവതരണങ്ങളിലും സഭയിലെ ഇറങ്ങിപ്പോക്കിലും ഒതുങ്ങും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളും അവര്ക്കു തന്നെ അറിയാവുന്ന ഉത്തരങ്ങളും. ഭരണപക്ഷ എം.എല്.എമാരുടെ കൈയേറ്റങ്ങളില് നിഷ്പക്ഷമായ എത്ര ചോദ്യങ്ങള് ചോദിക്കാന് ധാര്മികതയുണ്ട് പ്രതിപക്ഷത്തിന്. പക്ഷേ ഉയരുന്ന ചോദ്യങ്ങളോടു പോലും മുഖ്യമന്ത്രിയും ഭരണപക്ഷവും പുലര്‍ത്ത നിസംഗത ചോദ്യം ചെയ്യാതിരിക്കാനാകില്ല.
ഇങ്ങനെയല്ല മുഖ്യമന്ത്രി, സ്വന്തം മന്ത്രിസഭയിലെ ഒരംഗത്തിനു നേരെ, ഇടതുമുന്നണിയിലെ ഒരു എം.എല്.എയ്ക്കു നേരെ ആരോപണങ്ങള് ഉയരുമ്പോള് താങ്കള് പ്രതികരിക്കേണ്ടത്. അന്വേഷണം നടത്തി, ആരോപണങ്ങളില് ഒരടിസ്ഥാനവുമില്ലെന്ന് തെളിവു സഹിതമാണ് താങ്കള് കേരള്തതിനു മറുപടി നല്കേണ്ടത്. അത് കേരളത്തിന്റെ അവകാശമാണ്. ജനങ്ങള്ക്കെല്ലാം ബാധകമായ നിയമങ്ങള് ഭരണമുന്നണിയിലെ പ്രബലര്ക്കു മുന്നില് വഴി മാറിയതെങ്ങനെയെന്ന ചോദ്യത്തിന് വസ്തുതാപരമായ പ്രതിരോധമുണ്ടെങ്കില് അത് മുന്നോട്ടു വയ്ക്കണം. അവര് പറഞ്ഞത് കേട്ട് അടങ്ങിയിരുന്നോളൂവെന്ന് താങ്കള് കേരളത്തിലെ ജനങ്ങളോട് പറയരുത്. അന്വേഷണം നടത്താതെ ആരോപണവിധേയരെ വിശുദ്ധരാക്കാന് താങ്കള്ക്ക് അവകാശമില്ല എന്നുമാത്രം ഓര്മിപ്പിക്കട്ടെ.
പക്ഷേ ഈ വിവാദത്തിലെ അടിസ്ഥാന ചോദ്യമെന്താണ്. മറ്റാര്‍ക്കുമില്ലെങ്കിലും ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെങ്കിലും വ്യക്തത വേണം.ഭൂമി കൈയേറ്റമാണോയെന്ന് ചോദിച്ചാല്‍ പ്രതിപക്ഷത്തിന് ഉറപ്പില്ല. നിയമലംഘനമാണോ എന്നു ചോദിച്ചാല്‍ അവിടെയും പ്രതിപക്ഷം സംശയിക്കും. പിന്നെ അധികാരദുര്‍വിനിയോഗമാണ് ചോദ്യമെങ്കില്‍ ആരുടെ അധികാരമാണ് ദുര്‍വിനിയോഗം ചെയ്തത്. തോമസ് ചാണ്ടിക്ക് റോഡനുവദിച്ച് യു.ഡി.എഫ് നേതാക്കള്‍. അന്‍വറിന്റെ പാര്‍ക്ക് നിയമവിധേയമാക്കാന്‍ മല്‍സരിക്കുന്നത് യു.ഡി.എഫിന്റെ പഞ്ചായത്ത്. അതുകൊണ്ട് യു.ഡി.എഫിനില്ലെങ്കിലും നമുക്ക് വ്യക്തത വരുത്താം. യഥാര്‍ഥപ്രശ്നം വ്യവസായം പ്രധാന പ്രവര്‍ത്തനമേഖലയായി കാണുന്ന രണ്ടു ജനപ്രതിനിധികള്‍ അധികാരവും സാമ്പത്തികസ്വാധീനവും സ്വന്തം വ്യവസായത്തിനു വേണ്ടി വിനിയോഗിക്കുന്നത് പച്ചയായി വെളിപ്പെടുന്നുവെന്നതാണ്. അതിന് ഒത്താശ ചെയ്യാന്‍ ഇടതുപക്ഷവും പ്രതിപക്ഷവും മല്‍സരിക്കുന്നുവെന്നാണ്. അതുകൊണ്ട് ആത്മാര്‍ഥതയില്ലാത്ത അടിയന്തരപ്രമേയങ്ങളുമായി വരുന്നവരെയും ആ വ്യക്തതയില്ലായ്മയില്‍ പിടിച്ചു കയറി ധാര്‍മികതയെന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന ഇടതുമുന്നണിയെയും ഒരു പോലെ ചോദ്യം ചെയ്യേണ്ടതാണ്.