രാജ്യത്തെയാകെ അമ്പരപ്പിക്കുകയും അന്ധാളിപ്പിക്കുകയും ചെയ്ത് രാജസ്ഥാനില്‍ നിന്ന് പുറപ്പെട്ട ഒരു വാര്‍ത്തയില്‍ തുടങ്ങണം. അഴിമതിയടക്കം ഏത് കൊള്ളരുതായ്മക്കും കുടപിടിക്കുന്ന അപൂര്‍വ ബില്‍ രാജസ്ഥാന്‍ നിയമസഭയില്‍ അവതരിച്ച അത്യപൂര്‍വ സന്ദര്‍ഭത്തിന് രാജ്യം സാക്ഷിയായി. ബില്‍ നിയമസഭയിലെത്തിച്ചത് വസുന്ധരെ രാജെ സിന്ധ്യ എന്ന ബിജെപി മുഖ്യമന്ത്രി. സ്വന്തം കൂടാരത്തിന്റെ രാജസ്ഥാന്‍ ശാഖയിലെ സതീര്‍ഥ്യരുടെ ഈ അദ്ഭുത പ്രവൃത്തി അഴിമതി- കള്ളപ്പണ വിരുദ്ധ നീക്കങ്ങളുടെ ചാംപ്യന്‍പട്ടം സ്വയമണിഞ്ഞവര്‍ അറിഞ്ഞഭാവമേ നടിച്ചില്ല. ഈ രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും അപായഘട്ടത്തിലാണ് എന്നതിന്റെ പ്രകടമായ പല സൂചനകളില്‍ ഒന്ന്. ഗുജറാത്തില്‍ തിരഞ്ഞെടുപ്പിന് കാഹളമുയരുമ്പോള്‍ ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി അതിന്റെ അധികാരമിടുക്കില്‍ ചെയ്തുകൂട്ടുന്ന ഒട്ടനവധി കാര്യങ്ങളെക്കുറിച്ച് പറയാന്‍ ആമുഖമായി ഈ രാജസ്ഥാന്‍ കഥ ധാരാളം.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്ലുയര്‍ത്തിയ ആശങ്കകള്‍ താല്‍കാലികമായെങ്കിലും ഒഴിഞ്ഞു. ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അന്വേഷണം പ്രഖ്യാപിക്കണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണം എന്നതായിരുന്നു ബില്‍. ഇവരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ ഈ ആരോപണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അനുമതിയില്ല എന്നും അകടബില്ലില്‍ വ്യവസ്ഥവെച്ചു രാജസ്ഥാന്‍ സര്‍ക്കാര്‍. ഭരണഘടനയുടെ നില്‍പുതന്നെ അപകടത്തിലാക്കിയുള്ള ചുവടായിരുന്നുവെന്ന് വ്യക്തം. രാജ്യത്തിന്റെ വിശാലതയിലേക്ക് രാജസ്ഥാന്‍ എന്ന പിന്‍വാതില്‍ വഴി ലക്ഷ്യമിട്ട നീക്കം ഏതുനേരവും ഏതുരൂപത്തിലും രാജ്യമാകെ പുനരവതരിച്ചേക്കാം. ഭരണകൂടത്തിന്റെ മൗനവും നിസംഗതയും വ്യക്തമാക്കുന്നത് അതുതന്നെയാണ്.
ഭീതിയിലായ ജനാധിപത്യത്തിന് രാജസ്ഥാനിലെ ഈ കുടില നീക്കത്തിന് മുന്‍പും പിന്‍പും പുതിയ ഇന്ത്യയില്‍ ഉദാഹരണങ്ങള്‍ പലതുണ്ട്. ജനവിധി എതിരായിട്ടും അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളുടെ എണ്ണം പാര്‍ട്ടിയുടെ മികവും നേട്ടവുമായി എണ്ണുന്നതാണ് ബിജെപിയുടേയും അമിത് ഷായുടെയും ജനാധിപത്യം. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പണിയെടുത്ത് കോട്ട പൊക്കുന്നത് തുടരുമ്പോള്‍, ഗുജറാത്തില്‍ നിന്നും അശുഭവാര്‍ത്തകളുടെ വേലിയേറ്റമുണ്ട്. ഈസി വാക്കോവര്‍ പ്രതീക്ഷിച്ച് വിത്തെറിഞ്ഞ സംസ്ഥാനത്ത് ബിജെപിയുടെ നെഞ്ചിടിക്കുന്നത് രാജ്യമാകെ കേള്‍ക്കാം.
രാജ്യമാകെ ഗുജറാത്തിലേക്ക് നോക്കി വീര്‍പ്പടക്കി നിന്ന ആ രാത്രി കഴിഞ്ഞിട്ട് അധികം നാളായിട്ടില്ല. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ രാഷ്ട്രീയ കുതിരക്കച്ചവടം അതിന്റെ എല്ലാ പരിധികളും ലംഘിച്ചു. ആഴ്ചകള്‍ നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ അഹമ്മദ് പട്ടേല്‍ ജയം കണ്ടെങ്കിലും രാജ്യശരീരത്തിന് അതൊരു മുറിവ് തന്നെയായിരുന്നു. കളികള്‍ അവിടെ തീര്‍ന്നെന്ന് കരുതിയവര്‍ക്കാണ് തെറ്റിയത്. പട്ടേല്‍ സമുദായത്തിന്റെ രോഷത്തിലും കര്‍ഷക പ്രക്ഷോഭങ്ങളിലും അടിപതറിയ പാര്‍ട്ടിക്കും ഗുജറാത്ത് സര്‍ക്കാരിനും ആത്മവിശ്വാസം ചോര്‍ന്നെന്ന് ഉറക്കെ വിളിച്ചുപറയുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. നൂറ്റിയമ്പത് സീറ്റുറപ്പിച്ച് കളത്തിലിറങ്ങിയ അമിത് ഷായും നേതൃത്വവുമാണ് വെപ്രാളപ്പെട്ട് ഈ കാട്ടിക്കൂട്ടുന്നത് എന്നുകൂടി ഓര്‍ക്കുക.
തിരഞ്ഞെടുപ്പ് കമ്മിഷനെ ചൊല്‍പ്പടിയില്‍ നിര്‍ത്തി പ്രധാനമന്ത്രി മൂന്നുനാള്‍ സംസ്ഥാനത്തെത്തി. ആ റാലി കമ്മിഷന്റെ ഔദാര്യത്തിലാണെന്ന ആരോപണം തള്ളിയ ബിജെപിയെ മുഖവിലയ്ക്കെടുത്താലും പ്രധാനമന്ത്രി മറുപടി പറയേണ്ട ചോദ്യങ്ങള്‍ വേറെയുണ്ട്. വാരിക്കോരി ഗുജറാത്തിനായി പ്രഖ്യാപനങ്ങള്‍ നടത്തി ഗുജറാത്തിന്റെ സ്വന്തം നരേന്ദ്രമോദി. അതുംവിടാം. പക്ഷേ അത്യന്തം അപകടകരമായ മറ്റൊരു ഭീഷണി ഉയര്‍ത്തി അദ്ദേഹം. കേന്ദ്രസര്‍ക്കാരിനെയും വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന മുന്നറിയിപ്പ്. ഈ പ്രധാനമന്ത്രി എന്നാണ് ഒരു ജനതയുടെ മുഴുവന്‍ പ്രധാനമന്ത്രിയായി ഉയരുക..?
മുന്നറിയിപ്പായും ഭീഷണിയായും ഒക്കെ കാണാവുന്ന വാക്കുകള്‍. തിരഞ്ഞെടുപ്പ് കമ്മിഷനെ മുന്‍ നിര്‍ത്തി ഉയര്‍ന്ന കോണ്‍ഗ്രസിന്രെ അടക്കം വിമര്‍ശനങ്ങളോടാണ് പ്രധാനമന്ത്രിയുടെ രോഷപ്രകടനം. രാജ്യത്തിന്റെ പ്രധാനമന്ത്രി കേന്ദ്രനയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് ഫണ്ടുകള്‍ അനുവദിക്കില്ലെന്ന് പറയുന്നത് എന്ത് സൂചനയാണ് രാജ്യത്തിനും ജനങ്ങള്‍ക്കും നല്‍കുക..? ഏത് ന്യായം കൊണ്ടാണ് ബിജെപി ഈ വാക്കുകളെ പ്രതിരോധിക്കുക എന്നുമറിയാന്‍ കൗതുകമുണ്ട്. തിരഞ്ഞെടുപ്പ് നീട്ടിയത് സംബന്ധിച്ചുയര്‍ന്ന ആരോപണങ്ങളെല്ലാം സാധൂകരിക്കുന്നതായിരുന്നു വഡോദര റാലിയിലെ പ്രഖ്യാപനങ്ങള്‍. തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് കമ്മിഷനും കാര്യം തെളിച്ചുപറഞ്ഞു, ആരോപണം ആവര്‍ത്തിച്ച് നിഷേധിച്ചെങ്കിലും.
ഇനി തിരഞ്ഞെടുപ്പ് കളത്തിലേക്കു നോക്കാം, അവിടെയും ആത്മവിശ്വാസം പോയ പാര്‍ട്ടിയുടെ വെപ്രാള പ്രകടനങ്ങള്‍ ആവോളം കാണാം. പണമെറിഞ്ഞ് ആളെപ്പിടിക്കുന്ന ജനാധിപത്യ നിഷേധങ്ങള്‍ കാണാം. അധികാരത്തിന്റെ ഹുങ്കുപയോഗിച്ചുള്ള കരുനീക്കങ്ങളും സജീവം. ഹാര്‍ദിക് പട്ടേലുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ ഹോട്ടഹാരേലില്‍ നടന്ന റെയ്ഡും അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തതും അതിന്റെ ഏറ്റവും പച്ചയായ ഉദാഹരണം.
ഇരുപത്തിരണ്ട് വര്‍ഷമായി കയ്യിലുള്ള ഗുജറാത്ത് കൈപ്പിടിയില്‍ നിന്ന് പോകാതെ കാക്കണം. ഒന്നര പതിറ്റാണ്ടോളം നരേന്ദ്രമോദി എന്ന മുഖ്യമന്ത്രി വാണ നാട്ടിലെ തിരഞ്ഞെടുപ്പും. അതിനായാണ് സര്‍വസന്നാഹങ്ങളുമായുള്ള പടപ്പുറപ്പാട്. എല്ലാ തിരഞ്ഞെടുപ്പുകാലത്തും നിശബ്ദരാകുന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്നു ഗുജറാത്ത് രാഷ്ട്രീയത്തില്‍ ബിജെപിയുടെ ബലമെന്ന് ഇന്ദ്രപ്രസ്ഥത്തിന്റെ ഉപശാലകവില്‍ കേട്ടുപഴകിയ ഒകു കഥയുണ്ട്. വോട്ടെടുപ്പ് അടുക്കുമ്പോള്‍ പണമെറിഞ്ഞ് എല്ലാ നേതാക്കളെയും നിശബ്ദരാക്കുന്ന തന്ത്രം പക്ഷേ ഇക്കുറി ആവര്‍ത്തിക്കില്ലെന്ന് രാഷട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എതിരാളിയുണ്ടെന്ന തോന്നല്‍ നല്‍കാന്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ നാടകീയതകളില്‍ തന്നെ കോണ്‍ഗ്രസിന് കഴിഞ്ഞു. അതിനൊപ്പമാണ് പട്ടേല്‍ സമുദായത്തിന്റെ രോഷവും ഉനയിലേതടക്കം ദലിത് പീഡനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധവും ബിജെപിയുടെ അവസരവാദ രാഷ്ട്രീയത്തിന് വിലങ്ങുതടിയായത്. ജി.എസ്.ടി നടപ്പാക്കിയതോടെ പാര്‍ട്ടിയുടെ നട്ടെല്ലായിരുന്ന വ്യാപാരസമൂഹം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി.
ഈ രോഷങ്ങളത്രയും ശമിപ്പിക്കാനുള്ള രാഷ്ട്രീയവും സാമൂഹ്യവുമായ വഴികള്‍ തേടാതെ കുറുക്കുവഴികള്‍ തിരയുന്നതാണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്നത്. കര്‍ഷകരുടെയും ദലിതുകളുടെയും നിരന്തര ആവശ്യങ്ങള്‍ക്ക് മുന്നില്‍ വിജയ് രുപാനി സര്‍ക്കാര്‍ കുറ്റകരമായ നിഷേധഭാവമാണ് പുലര്‍ത്തിയത്. ജിഗ്നേഷ് മേവാനിയുടെയും ഹാര്‍ദിക് പട്ടേലിന്റെയും ഒപ്പമുള്ള നേതാക്കളെ ചാക്കിട്ടുപിടിക്കാനുള്ള തിരക്കഥയാണ് പകരം ബിജെപി ക്യാംപില്‍ രചിക്കപ്പെട്ടത്. പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി തനിക്ക് ഒരു കോടി വാഗ്ദാനം ചെയ്തെന്ന പാട്ടീദാര്‍ പ്രക്ഷോഭ സമിതി നേതാവ് നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ അമിതാ ഷായ്ക്കും സംഘത്തിനുമെതിരായ എല്ലാ ആരോപണങ്ങളെയും വെളിച്ചത്താക്കി.
ഗുജറാത്തില്‍ കളികള്‍ തുടങ്ങിയിട്ടേയുള്ളൂ എന്നുവേണം കരുതാന്‍. സാമുദായിക ശക്തികളെ ഉപയോഗിച്ചുള്ള വിശാല സഖ്യത്തിനുള്ള കോണ്‍ഗ്രസ് നീക്കവും അത് പൊളിക്കാനുള്ള ബിജെപി ദൗത്യവും വരുംദിവസങ്ങളില്‍ ഗാന്ധിജിയുടെ നാട്ടില്‍ രാഷട്രീയത്തിനപ്പുറമുള്ള കളികള്‍ക്ക് വഴിമരുന്നിടും എന്നുറപ്പ്. ഗുജറാത്തികളെ പാട്ടിലാക്കാന്‍ വാഗ്ദാനങ്ങള്‍ നിരത്തി ഈ മാസം തന്നെ മൂന്നാമതും വന്നുപോയ പ്രധാനമന്ത്രി ഇനിയും വരും. 2019ലും ഗുജറാത്തിന്റെ മണ്ണില്‍ ചവിട്ടി തന്നെ ഡല്‍ഹി പിടിക്കാനുള്ള പടപ്പുറപ്പാടാണിത്. ഡിസംബര്‍ പതിനെട്ടിന് ഗുജറാത്ത് തരുന്ന ഉത്തരം അത്രമേല്‍ പ്രധാനമാണ് എന്നര്‍ഥം. ചരിത്രം മറയ്ക്കാന്‍ വല്ലഭായി പട്ടേലിനെ അടക്കം പരിചയാക്കുന്നവര്‍ ഓര്‍ക്കുമോ എല്ലാം അരഹ്ങേറുന്നത് ഗാന്ധിജിയുടെ സ്വന്തം നാട്ടിലാണെന്ന്..? കാത്തിരിക്കാം.