കേരളത്തോട് രാഷ്ട്രീയം പറയാന്‍ ബി.ജെ.പി. പേടിക്കുന്നതെന്തുകൊണ്ടാണ്? മലയാളികളോട് രാഷ്ട്രീയമായി സംവദിക്കാന്‍ ബി.ജെ.പി. തയാറാകാത്തത് എന്തുകൊണ്ടാണ്? ബി.ജെ.പിയുടെ ജനരക്ഷായാത്ര ഉയര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം അതു തന്നെയാണ്. പകരം കേരളം ഭീകരതയുടെ കേന്ദ്രമാണെന്ന് മലയാളികള്‍ക്കു മുന്നില്‍ നിന്ന് പച്ചക്കള്ളം പറയാന്‍ എവിടെ നിന്നാണ് ബി.ജെ.പിക്ക് ധൈര്യം കിട്ടുന്നത്? ജനിച്ചു വളര്‍ന്നു, ജീവിക്കുന്ന സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന അപവാദപ്രചാരണത്തിന് നേതൃത്വം നല്‍കുന്ന ബി.ജെ.പിയുടെ കേരളത്തിലെ നേതാക്കളോടും ഉറക്കെച്ചോദിക്കേണ്ടി വരും. കേരളം ഭീകരതയുടെ നാടാണോ? കേരളം ജീവിക്കാന്‍ കൊള്ളരുതാത്ത നാടാണോ? നിങ്ങള്‍ മറുപടി പറയണം, സി.പി.എമ്മിനോടല്ല കേരളത്തോട്, ഈ ജനതയോട്.
സി.പി.എമ്മിനെതിരെ മാത്രമുള്ള മുദ്രാവാക്യമെന്നു പറഞ്ഞ് ഒളിച്ചോടാനാകില്ല ബി.ജെ.പിക്ക്. എല്ലാവര്‍ക്കും ജീവിക്കണം എന്നതാണ് ചുവപ്പ്-ജിഹാദി ഭീകരതയ്ക്കെതിരെ ബി.ജെ.പി. നടത്തുന്ന ജനരക്ഷായാത്രയുടെ മുദ്രാവാക്യം. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ ജിഹാദി ചുവപ്പ് ഭീകരതയ്ക്കെതിരെ കുമ്മനം രാജശേഖരന്‍ നടത്തുന്ന രക്ഷായാത്രയെന്നാണ് ബി.ജെ.പി. വ്യക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തോട് ബി.ജെ.പി. പറയണം. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാണോ കേരളം? അത്തരത്തില്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രഖ്യാപിക്കാന്‍ മാത്രം എന്തു കുറ്റമാണ് , മലയാളികളില്‍ ഏതു വിഭാഗത്തിനു മേലായാലും നിങ്ങള്‍ക്ക് ആരോപിക്കാന്‍ കഴിയുക. ഇവിടെ ജീവിക്കുന്ന ബി.ജെ.പി. നേതാക്കള്‍ പറയണം. എന്താണ് കേരളത്തിലെ ജിഹാദി ഭീകരത?
ബി.ജെ.പിക്ക് ജനരക്ഷായാത്ര നടത്താന്‍ അവകാശമില്ലേ? ബി.ജെ.പിക്ക് രാഷ്ട്രീയപ്രചാരണം നടത്താന്‍ അവകാശമില്ലേ? തീര്‍ച്ചയായുമുണ്ട്. ഏതു ജനാധിപത്യപ്രസ്ഥാനത്തിനും അവര്‍ തിരഞ്ഞെടുക്കുന്ന മുദ്രാവാക്യങ്ങളുമായി ജനങ്ങളെ സമീപിക്കാന്‍ അവകാശമുണ്ട്. പക്ഷേ അസത്യവും അര്‍ധസത്യവും മുദ്രാവാക്യങ്ങളാക്കി, ഒരു ജനതയുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ വന്നാല്‍ വസ്തുതകള്‍ കൊണ്ട് മറുപടി പറയാതിരിക്കാനാകില്ല. ഉന്നം വയ്ക്കുന്നത് സി.പി.എമ്മിനെയാണെന്നും വളച്ചൊടിക്കരുതെന്നും വിശദീകരിക്കാന്‍ പാടുപെടുന്നു ബി.ജെ.പി. മറുചോദ്യം ഇത്രയേയുള്ളൂ, ചുവപ്പ് ഭീകരതയെന്നു സി.പി.എമ്മിനെ നിങ്ങള്‍ വിളിച്ചാല്‍ ചുവപ്പിനൊപ്പം തന്നെ കൊന്നു തീര്‍ത്ത കാവിഭീകരതയെ ഞങ്ങള്‍ മലയാളികള്‍ എവിടെ ചേര്‍ത്തു വിളിക്കണം?
സത്യം പറയുന്നില്ലെന്നു മാത്രമല്ല, ബി.ജെ.പി. മുദ്രാവാക്യത്തിന്റെ അപകടം. അത് കൊലപാതകരാഷ്ട്രീയത്തില്‍ ഒരുപോലെ മറുപടി പറയേണ്ട സി.പി.എമ്മിനും രക്ഷപ്പെടാന്‍ അവസരമൊരുക്കലാണ്. ബി.ജെ.പി. പറയുന്നത്് കള്ളമാണ് എന്നതു മാത്രം മതി സി.പി.എമ്മിനിപ്പോള്‍ പ്രതിരോധത്തിന്. ബി.ജെ.പിയോട് പറയാതെ വയ്യ. നിങ്ങള്‍ക്ക് രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ പൊലിഞ്ഞ ജീവനുകളോടു മാത്രമല്ല കേരളത്തോടോ ഇവിടത്തെ മനുഷ്യരോടോ നെല്ലിട ആത്മാര്‍ഥത പോലുമില്ലെന്ന തുറന്നുകാട്ടലാണിത്.
ഇതുവരെയുള്ള രക്തച്ചൊരിച്ചില്‍ തിരുത്താനാകില്ല. പക്ഷേ ഞങ്ങള്‍ ഇനി കൊല്ലില്ല, ഞങ്ങളെയും കൊല്ലരുത് എന്നു പറഞ്ഞാവാമായിരുന്നു യാത്ര. അതും പറയാന്‍ കഴിയാത്തതത് നിങ്ങള്‍ കൊന്നതുകൊണ്ടു മാത്രമല്ല, കൊല്ലാതിരിക്കാന്‍ ഇനിയും ഉദ്ദേശമില്ലാത്തതുകൊണ്ടു തന്നെയാണ്. അതുകൊണ്ട് തിരിച്ചുകുത്തുന്ന മുദ്രാവാക്യങ്ങള്‍ ഇനിയെങ്കിലും ഉപേക്ഷിക്കണം. ജിഹാദി ഭീകരതയെന്നു പറഞ്ഞ് കേരളത്തെ പേടിപ്പിക്കാന്‍ വന്നവര്‍ സ്വയം ഒരു രാഷ്ട്രീയതമാശയായി മാറരുത്.
ജിഹാദി ഭീകരത, സി.പി.എമ്മിനോട് എന്നാണയിട്ട് ബി.ജെ.പി. അവതരിപ്പിക്കുന്ന മുദ്രാവാക്യത്തിന്റെ രണ്ടാം ഭാഗം. മതതീവ്രവാദികളുമായി സന്ധി ചെയ്ത സര്‍ക്കാരാണിെതന്ന് മേമ്പൊടിക്കു പറഞ്ഞുവയ്ക്കുന്നവര്‍ ഉന്നം വയ്ക്കുന്നത് കേരളത്തില്‍ സ്വസ്ഥമായി ജീവിക്കുന്ന 28% വരുന്ന ന്യൂനപക്ഷ സമുദായത്തെയാകെയാണെന്ന് എന്തിന് ഒളിച്ചുവയ്ക്കണം? കേരളത്തോട് ഇവിടെ ജിഹാദി ഭീകരതയെന്നൊരു മുദ്രാവാക്യം വിളിക്കാന്‍ എന്തുമാത്രം ദുഷ്ടബുദ്ധിയുണ്ടായിരിക്കണം ഒരു രാഷ്ട്രീയപാര്‍ട്ടിക്ക്. ആവര്‍ത്തിച്ചു ചോദിച്ചാല്‍ കേരളത്തിലുണ്ടായ ചില സംഭവങ്ങളുടെ പട്ടിക നിരത്തും ബി.ജെ.പി. വര്‍ഷങ്ങള്‍ക്കു മുന്‍പ് കശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ചവര്‍ മുതല്‍ ഏറ്റവുമൊടുവില്‍ ഐ.എസില്‍ ചേര‍്‍ന്നവരുടെ പട്ടിക വരെ. പാനായിക്കുളം മുതല്‍ കനകമല വരെ. കേരളം തീവ്രവാദബന്ധമുള്ളവരോട് കണ്ണടച്ചുവെന്ന ആരോപണം വസ്തുതാപരമായി ശരിയാണോ? അല്ലെന്ന് വസ്തുതകള്‍ സാക്ഷ്യപ്പെടുത്തും. പാനായിക്കുളത്ത് രാജ്യത്തിനെതിരായി ഗൂഢാലോചന നടത്തിയെന്നു കണ്ടെത്തിയ സിമി പ്രവര്‍ത്തകരില്‍ 5 പേരെ കോടതി ശിക്ഷിച്ചുവെന്നതാണ് സത്യം. ആദ്യം സംസ്ഥാന പൊലീസ് അന്വേഷിച്ച് പിന്നീട് എന്‍.ഐ.എ ഏറ്റെടുത്ത് ഫലപ്രദമായി ശിക്ഷാവിധിയിലെത്തിച്ച കേസാണ് കേരളത്തിലെ ജിഹാദി ഭീകരതയ്ക്ക് തെളിവായി ജനരക്ഷായാത്ര സമര്‍ഥിക്കുന്നത്. ഏറ്റവുമൊടുവില്‍ ഹാദിയ കേസില്‍ ഹൈക്കോടതിക്കു മുന്നില്‍ നടന്ന പ്രകടനത്തിനു നേരെ സര്‍ക്കാര്‍ ഉറക്കം നടിച്ചുവെന്ന് എഴുതിവച്ചു ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്. വസ്തുതയോ , 11 SDPI പ്രവര്‍ത്തകര്‍ കേസില്‍ ഗുരുതരമായ വകുപ്പുകള്‍ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടവരാണ്. കൈവെട്ടുകേസില്‍ ഒറ്റക്കെട്ടായി ഭീകരതയെ ചെറുത്തുനിന്ന, തീവ്രവാദബന്ധമുള്ള കേസുകളെല്ലാം എന്‍.ഐ.യ്ക്കു കൈമാറാന്‍ ധൃതി കൂട്ടുവെന്ന ആരോണം നേരിടുന്ന സര്‍ക്കാരിനോട് ജിഹാദി ഭീകരതയെന്നു പറയുമ്പോള്‍ അത് ആരെയുദ്ദേശിച്ചാണെന്നും, എന്തുദ്ദേശിച്ചാണെന്നും മനസിലാക്കാനുള്ള വളര്‍ച്ച കേരളത്തിനുണ്ടായിട്ടുണ്ട് എന്നു പോലും ബി.ജെ.പി. തിരിച്ചറിയാത്തതെന്താണ്? ഒറ്റപ്പെട്ട സംഭവങ്ങളില്‍ ബോധമില്ലാത്ത ചില യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതുകൊണ്ട് കേരളത്തെ നിങ്ങളെങ്ങനെ ജിഹാദി ഭീകരതയെന്നു വിളിക്കും. മൂന്നരക്കോടി ജനങ്ങളില്‍ മതം മാറിയ വിരലിലെണ്ണാവുന്ന ചില സ്ത്രീകളെ ചൂണ്ടിയാണോ നിങ്ങള്‍ കേരളത്തിലെ ലവ്‍ജിഹാദെന്നു വിളിക്കുന്നത്?
ട്രോളുകളുടെയും രക്ഷായാത്രയാണ് നടക്കുന്നത്. യു.പിയെ കണ്ടു പഠിക്കൂവെന്നു കേരളത്തില്‍ വന്നു പറയാന്‍ ധൈര്യം കാണിച്ച യോഗി ആദിത്യനാഥ് തന്നെ ഒരു തമാശയായി മാറി. യാത്രയുടെ നിര്‍ണായകദിവസം, പിണറായിയിലൂടെയുള്ള രക്ഷായാത്രയില്‍ നിന്ന് അമിത് ഷാ രക്ഷപ്പെട്ടതെന്തിനാണെന്നു വിശദീകരിക്കാന്‍ ബി.ജെ.പി. പാടു പെടുകയാണ്. പക്ഷേ യഥാര്‍ഥ ചോദ്യം ഇതിനൊക്കെ അപ്പുറം, വലിയ ഉത്തരങ്ങള്‍ തേടി വലുപ്പുമാര്‍ജിക്കുകയാണ്. എന്തുകൊണ്ടാണ് ബി.ജെ.പിക്ക് കേരളത്തോട് രാഷ്ട്രീയം പറയാന്‍ ധൈര്യമുണ്ടാകാത്തത്? കേരളത്തിന്റെ രാഷ്ട്രീയഭൂപടത്തില്‍ 16 ശതമാനം വോട്ടു വരെയെത്തിയ പാര്‍ട്ടി, രാഷ്ട്രീയം പറയാതെ ഒളിച്ചോടുന്നതിന്റെ യഥാര്‍ഥ കാരണമെന്താണ്? എന്തു രാഷ്ട്രീയമാണ് ഇവിടെ വന്നു പറയുകയെന്ന വേവലാതി കേരളത്തിനു മുന്നില്‍ ചെറുതായിപ്പോകുന്ന ബി.ജെ.പിയെത്തന്നെയാണോ തുറന്നു കാണിക്കുന്നത്?
ഒരു നിര്‍ണായക രാഷ്ട്രീയസാഹചര്യത്തില്‍ ബി.ജെ.പി. കേരളത്തോടു പറയേണ്ടതെന്താണ്? എന്തുകൊണ്ട് ബി.ജെ.പി. കേരളത്തില് ഒരു അവസരം അര്‍ഹിക്കുന്നുവെന്നല്ലേ? കേരളത്തെ മുന്നോട്ടു നയിക്കാന്‍ എന്തുകൊണ്ട് ബി.ജെ.പിയെ തിരഞ്ഞെടുക്കണം എന്നാണ് ആ പാര്‍ട്ടി നമ്മളോടു പറയേണ്ടത്. എന്തുകൊണ്ടാണ് ആ നേരിട്ടുള്ള ചോദ്യമെത്തുമ്പോള്‍ ബി.ജെ.പി. പതറുന്നത്, ഒഴിഞ്ഞു മാറുന്നത്. കേരളമെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാവുന്ന ഉത്തരമാണതിന്. കേരളം നമ്മുടെ രാജ്യത്തിലെ 29 സംസ്ഥാനങ്ങളില്‍ വളര്‍ച്ചാസൂചികകളില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. ബി.ജെ.പി. ഭരിക്കുന്ന ഒരു സംസ്ഥാനവുമായും താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത നേട്ടമാണ് മനുഷ്യത്വവികസനത്തില്‍ കേരളത്തിന്റേത്. കേരളത്തിനു മുന്നില്‍ വന്ന് വികസനം പറയാന്‍ നിവൃത്തിയുണ്ടോ ബി.ജെ.പിക്ക്? അഴിമതിക്കെതിരായ ജനവികാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചത്. പക്ഷേ ഒരു വര്‍ഷത്തിനിടെ കേരളം ചര്‍ച്ച ചെയ്ത ഏറ്റവും പ്രധാനപ്പെട്ട അഴിമതിക്കേസ് ബി.ജെ.പി.നേതാക്കളുെട മെഡിക്കല്‍കോളജ് വിവാദമാണെന്നിരിക്കേ, കേരളത്തില്‍ വന്ന് അഴിമതിയെന്ന് ഇപ്പോള്‍ പറയാനാകുമോ ബി.ജെ.പിക്ക്. ഹിന്ദുത്വഅജന്‍ഡകള്‍ ഒളിച്ചു കടത്തുന്നുവെന്നല്ലാതെ നിവര്‍ന്നു നിന്ന് ഗോവധനിരോധനം പോലും മിണ്ടാനാകാത്ത രാഷ്ട്രീയസാമൂഹ്യസാഹചര്യത്തില്‍ കേരളത്തെ എങ്ങനെ സമീപിക്കണമെന്ന ആശയക്കുഴപ്പം മാത്രമാണ് ജനരക്ഷായാത്രയിലെ തുടക്കത്തിലേ പൊളിഞ്ഞു പോകുന്ന മുദ്രാവാക്യങ്ങളിലും പ്രതിഫലിക്കുന്നത്?
അതുകൊണ്ട് പറഞ്ഞുനിര്‍ത്താന്‍ ഒന്നേയുള്ളൂ ബി.െജ.പിയോട്. നിങ്ങള്‍ ആദ്യം കേരളത്തോട് സത്യം പറഞ്ഞു ശീലിക്കണം . കേരളം എന്താണെന്നും എവിടെ നില്‍ക്കുന്നുവെന്നും സത്യസന്ധമായി അംഗീകരിച്ചുകൊണ്ടേ നിങ്ങള്‍ക്കു മുന്നോട്ടു പോകാനാകൂ. പുതിയ രാഷ്ട്രീയമെന്തെങ്കിലും നിങ്ങള്‍ക്കു മുന്നോട്ടു വയ്ക്കാനുണ്ടെങ്കില്‍ ആര്‍ജവത്തോടെ മുന്നോട്ടു വരൂ. അതല്ലാതെ ഇത്തരം മുദ്രാവാക്യങ്ങള്‍ കൊണ്ട് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും. വോട്ടുശതമാനം ഉയര്‍ത്താനും, കൂടുതല്‍ സീറ്റുകള്‍ നേടാനും കഴിഞ്ഞേക്കാം . പക്ഷേ കേരളത്തിന്റെ പുരോഗമന-മതേതരമണ്ണില്‍ വിഭാഗീയത വേരുപിടിക്കില്ല. അല്ലെങ്കില്‍ നമ്മുടെ നാട് ഇന്നുവരെ മുന്നോട്ടു നടന്ന വഴിയിലെല്ലാം പിന്നോട്ടു പോകണം. കേരളം തോറ്റു പോകണം. കേരളത്തെ തോല്‍പിക്കുകയാണോ നിങ്ങള്‍ക്കു വേണ്ടതെന്നു ചോദിച്ചാല്‍ ബി.ജെ.പി. എന്തുത്തരമാണ് പറയുക? ബി.ജെ.പിക്ക് എന്നാണ് േകരളത്തെ മനസിലാക്കാന്‍ കഴിയുക?
ജനരക്ഷായാത്ര പരാജയമാണെന്നേയല്ല പറഞ്ഞുവയ്ക്കുന്നത്. ബി.ജെ.പിയുടെ സംഘടനാസംവിധാനത്തിനാകെ ഉണര്‍വേകാന്‍ ഈ യാത്രയ്ക്കു കഴിയും. അമിത് ഷാ കൈവിട്ടാലും 17ാം തീയതി യാത്ര ഉജ്വലമായി സമീപിക്കും. അസംബന്ധ മുദ്രാവാക്യങ്ങളെന്ന് ആരു വിളിച്ചു കൂവിയാലും കുമ്മനം രാജശേഖരനും കൂട്ടരും കൂസലില്ലാതെ മുന്നോട്ടു പോകും. അരക്ഷിതരാഷ്ട്രീയബോധമുള്ളവരില്‍ ചഞ്ചല മനസുള്ളവരില്‍ നിന്ന് മോശമല്ലാത്ത ഒരു ശതമാനം മനസുകൊണ്ട് ബി.ജെ.പിക്കൊപ്പം നടക്കാന്‍ തീരുമാനമെടുത്തേക്കും. ബി.ജെ.പിക്ക് അതൊക്കെത്തന്നെ ധാരാളമാണ്. ജനരക്ഷായാത്ര കേരളത്തിന്റെ ജനതയ്ക്കു മേല്‍ പരുക്കേല്‍പ്പിക്കാതെ നോക്കാനുള്ള ഉത്തരവാദിത്തം നമുക്കു തന്നെയുള്ളതാണ്. ഈ യാത്രയിലൂടെ കൂടുതല്‍ രാഷ്ട്രീയനേട്ടമുണ്ടായത് പക്ഷേ സി.പി.എമ്മിനു തന്നെയാണ്. അഞ്ചു പൈസ ചെലവില്ലാതെ, ഒരു അധ്വാനവുമില്ലാതെ പാര്‍ട്ടിക്ക് ദേശീയതലത്തിലാകെ പ്രചാരണമായി.. കേരളത്തിന്റെ നേട്ടങ്ങള്‍, വളര്‍ച്ചാസൂചികകളിലെ നേട്ടം രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തു. അതൊന്നും സി.പി.എം ഒറ്റയ്ക്കു നേടിയെടുത്തതൊന്നുമല്ല. മാറിമാറി വന്ന മുന്നണി ഭരണം കൊണ്ട് കേരളം നേടിയെടുത്ത നേട്ടങ്ങളൊന്നാകെ സി.പി.എമ്മിന് ചാര്‍ത്തിക്കൊടുത്തുവെന്ന് ചാരിതാര്‍ഥ്യപ്പെടാം ബി.ജെ.പിക്ക്. സി.പി.എം അര്‍ഹിക്കുന്നതിലും കൂടുതല്‍ പരിവേഷം ആ പാര്‍ട്ടിയില്‍ ഏല്‍പിക്കുകയാണ് ബി.ജെ.പി. കേരളം ഒറ്റക്കെട്ടായി നില്‍ക്കുകയെന്നാല്‍ സി.പിഎമ്മിനൊപ്പം നില്‍ക്കുകയെന്നാണെന്നെന്ന് വളരെയെളുപ്പത്തില്‍ സ്ഥാപിച്ചെടുക്കാന്‍ സി.പി.എമ്മിന് അവസരമുണ്ടാക്കിക്കൊടുത്തു ബി.ജെ.പി.
ഇന്ത്യയാകെ പ്രതിപക്ഷമായി സി.പി.എമ്മിനെ കാണുന്നുവെന്ന പ്രതീതി നല്‍കി, കേരളത്തെയാകെ പ്രതിപക്ഷത്തെത്തിക്കുന്ന തന്ത്രമായിപ്പോയി ബി.ജെ.പിയുടേത്. ജനരക്ഷായാത്രയുണ്ടാക്കുന്ന തുടര്‍ചലനങ്ങളുടെ രാഷ്ട്രീയകണക്കെടുപ്പിന് ഇനിയും കാത്തിരിക്കേണ്ടി വരും. പക്ഷേ ഒന്നുറപ്പാണ്. വെല്ലുവിളിക്കുന്ന രാഷ്ട്രീയത്തോട് ആത്മാഭിമാനമുള്ള ഒരു ജനത എങ്ങനെ പ്രതികരിക്കുമെന്ന്, എത്രയെളുപ്പം അവര്‍ ഒരൊറ്റ ജനതയായി തന്നെ മാറുമെന്ന് ഈ യാത്ര കാണിച്ചു തരുന്നുണ്ട്. ഏതു പരിമിതികള്‍ക്കുമിടയിലാണെങ്കിലും കേരളത്തില്‍ ജീവിക്കുന്നുവെന്നതില്‍ അഭിമാനം കൊള്ളാന്‍ ഓരോ കേരളീയനും അവസരമൊരുക്കിയെന്നതില്‍ ബി.ജെ.പിക്കും അഭിമാനിക്കാം.