നരേന്ദ്രമോദിയും ബിജെപിയും എന്തുപറഞ്ഞാണ് വോട്ടുചോദിച്ചത്? അഴിമതി, കള്ളപ്പണം, വിലക്കയറ്റം വിഷയങ്ങളെല്ലാം നമ്മുടെ അകത്തുനിന്നും അടുക്കളയില്‍ നിന്നുമായിരുന്നു. അപ്പോള്‍ അതെല്ലാം ഒന്ന് ഒതുക്കിതീര്‍ത്തിട്ടാണെങ്കില്‍ തീര്‍ച്ചയായും മോദിയും കൂട്ടരും തുറന്നുവച്ച ആറാംക്ലാസ് ചരിത്രപുസ്തകത്തിനരികില്‍ വന്നിരിക്കാമായിരുന്നു. താജ്മഹലിനെച്ചൊല്ലി തമ്മില്‍ തര്‍ക്കിക്കുന്നതിന് വിരോധമേതുമില്ലായിരുന്നു. എന്നാല്‍ ഒരു ഭാഗത്ത് നിന്ന് ഈ രാജ്യത്തിന്റെ കഴുക്കോലുവലിച്ചൂരി അത് കാണാതിരിക്കാന്‍ കണ്ണുകെട്ടാനായെത്തുമ്പോള്‍ കൈയുംകെട്ടിയിരിക്കാനാകില്ല. വര്‍ത്തമാനകാലത്തിന്റെ കെടുതികളെക്കുറിച്ച് നാം മറക്കുന്നതിന് വേണ്ടികൂടിയാണ് അവര്‍ ചരിത്രകാലത്തെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുന്നത്.
നമുക്ക് സംസാരിക്കാന്‍ എന്തെല്ലാം വിഷയങ്ങളുണ്ട്. നോട്ടുനിരോധനവിളംബരത്തിന് വയസൊന്നാകാന്‍ ദിനങ്ങള്‍ മാത്രമെന്നിരിക്കേ അതിന്റെ ഗുണദോഷവശങ്ങളില്‍ തുറന്നൊരുചര്‍ച്ചയായിക്കൂടേ. കള്ളപ്പണവേട്ടയില്‍ നാം എത്രമുന്നോട്ട് പോയെന്നെതില്‍ ഒരു വലിയ ചര്‍ച്ചക്ക് സാധ്യതയില്ലേ. അതല്ലെങ്കില്‍ ദേശീയസാമ്പത്തിക വളര്‍ച്ചാനിരക്കുയര്‍ത്തുമെന്ന വീരവാദം അലിഞ്ഞില്ലാതായത് എവിടെവച്ചെന്ന് അന്വേഷിച്ചുപോയാലോ? അതുമല്ലെങ്കില്‍ കര്‍ഷക ആത്മഹത്യക്ക് എന്തുകൊണ്ട് അറുതിവരുന്നില്ലെന്നൊരു അന്വേഷണം നടത്തി അപഗ്രഥിച്ചുകൂടേ. തീരുന്നില്ല ഓടിച്ചാടി കൊണ്ടുവന്ന ഒറ്റനികുതിയില്‍ ഒത്തിരി ഒത്തിരി ആശങ്കകളില്ലേ സംസാരിക്കാന്‍. വല്ലാതെ വലയ്ക്കുന്ന വിലക്കയറ്റമായാലോ വിഷയം ? 56 ഇഞ്ചിന്റെ ബലത്തില്‍ ഇതാ ഏറ്റവുംശക്തമായ ഇന്ത്യയെ കാട്ടിത്തരാമെന്ന് ഉറക്കെപ്പറഞ്ഞ് മുന്നിലേക്ക് കയറി വന്ന ഒരു ഭരണാധികാരിക്കും കൂടെയുള്ളവര്‍ക്കും കുഞ്ഞുകുരുന്നുകളുടെ ആരോഗ്യംപോലും ഉറപ്പാക്കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടെന്നതും ഒരു തീരാതര്‍ക്കവിഷയമല്ലേ? ഇങ്ങനെ നമ്മുടെ ജീവിതത്തെ നേരിട്ടുതൊട്ട എന്തെല്ലാം ഉണ്ട് നമുക്ക് കൂടിയിരുന്ന് ഇന്ന് വിലയിരുത്താന്‍?
അതെ എന്തെല്ലാമാണോ പ്രകടനപത്രികയില്‍ എഴുതിവച്ചത് അതെല്ലാം പാളിയമട്ടാണ്. പ്രകടനപത്രികയില്‍ ഇല്ലാത്ത പ്രകടനങ്ങളും പച്ചതൊട്ടേയില്ല. ഫോട്ടോഷോപ്പ് വികസനം വേവില്ലെന്നും നല്ലബോധ്യം വന്നു. പതിനഞ്ച് ലക്ഷം പോയി പതിനഞ്ച് രൂപ പോലും അക്കൗണ്ടിലേക്ക് വേണ്ട വിയര്‍പ്പിന്റെ ഉപ്പുവരെ ഊറ്റികൊണ്ടുപോകാതിരുന്നാല്‍ മതിയെന്ന് ജനം പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അപ്പോള്‍ എളുപ്പം താജ്മഹലിനേയും ഒരു തര്‍ക്കമന്ദിരമാക്കുന്നത് തന്നെയാണ്. അപ്പോള്‍ എളുപ്പം എന്തുംപറഞ്ഞ് ഭിന്നിപ്പിക്കുന്നത് തന്നെയാണ്. പാളയത്തിലെ പരിവാരങ്ങളില്‍ ഏറിയ പങ്കും സംഗീത് സോമും വിനയ് കത്യാറുമെല്ലാമാണെന്നിരിക്കേ കയറൊന്ന് പതുക്കെ അഴിച്ചുവിട്ടാല്‍ മാത്രം മതി.
സംഗീത് സോമും വിനയ് കത്യാറും താജ്മഹലിനെ ഇങ്ങനെ അപമാനിക്കുന്നതിന് മുന്‍പേ ഈ അജന്‍ഡ നടപ്പായി തുടങ്ങിയിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ മാസം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ആദ്യം താജ്മഹല്‍ പുറത്തുപോകുന്നത്. ഓര്‍ക്കണം സംസ്ഥാനത്തെ 32 കേന്ദ്രങ്ങളുടെ പട്ടികയിലാണ് സപ്താല്‍ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഇടംപിടിക്കാതെ പോയത്. വിനോദസഞ്ചാരികള്‍ക്ക് താജ്മഹലിന്റെ മാതൃക നല്‍കുന്നത് അവസാനിപ്പിക്കണമെന്നാഹ്വാനം ചെയ്ത മുഖ്യമന്ത്രിയുടെ നാട്ടില്‍ ഇത്തരമൊരുപട്ടിക പ്രതീക്ഷിക്കാവുന്നതുമാണ്. അയോധ്യയും വാരാണാസിയും എന്തിന് ഗൊരഖ്പൂരുംവരെ പുണ്യപരിപാലനകേന്ദ്രങ്ങളാകുന്ന കാലത്താണ് അനശ്വര പ്രണയ സ്മാരകത്തോടുള്ള ഈ അധിക്ഷേപം. മുഗള്‍ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഹിന്ദുരാജാക്കന്‍മാരുടെ പക്കലില്‍ നിന്ന് തട്ടിയെടുത്ത ഭൂമിയിലാണ് ഈ മിനാരമെന്ന വാദവുമായി സുബ്രഹ്മണ്യന്‍സ്വാമിമാരും വിളവെടുപ്പിന് ഒപ്പം കൂടുന്നുണ്ട്. എല്ലാത്തിനുമപ്പുറം ചരിത്രത്തിന് ഒന്നുംസംഭാവനചെയ്യാത്ത ഒരു കൂട്ടര്‍ തങ്ങളുടെ അജന്‍ഡകള്‍ക്കനുസരിച്ച് അതിനെ വളച്ചൊടിച്ചും പൊളിച്ചടുക്കിയും നീങ്ങുന്നത് അതിലൂന്നി വിദ്വേഷപ്രചാരണം നടത്തുന്നത് ലജ്ജാവഹവും ആപല്‍ക്കരവുമാണ്. ഇങ്ങനെ കള്ളങ്ങള്‍ കൊണ്ട് കാവിഭാരതം കെട്ടിപ്പൊക്കുന്നവര്‍ കാണേണ്ട വിഷയങ്ങളില്‍ നിന്ന് കണ്ണകറ്റുകകൂടിയാണ് ചെയ്യുന്നത്. എന്നാല്‍ അധികാര കാലയളവിന്റെ അവസാനലാപ്പിലോടുന്ന ഒരു ഭരണകൂടം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പരാജയപ്പെട്ടിരിക്കുന്ന അവസ്ഥയിലും പുതിയ കോപ്രായങ്ങളുടെ കൊട്ടിയിറക്കത്തിലാണെന്നതിനോട് ജനം പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. മോദിയുടെ നാട്ടിലെയൊരുക്കങ്ങളെ മാത്രം കണ്ടാല്‍ താജ്മഹലില്‍ കയറി ഒളിച്ചിരിക്കുന്നവര്‍ക്ക് അത് മനസിലാകും.
തീരുന്നില്ല തിരുവിളയാട്ടങ്ങള്‍. നല്ല ഒന്നാന്തരം കച്ചവടച്ചേരുവകളില്‍ മുക്കിയെടുത്ത വിജയ്ചിത്രത്തിന് പിന്നാലെയാണ് മദം പൊട്ടിയുള്ള പുതിയ പാച്ചില്‍. ജി.എസ്.ടിയെക്കുറിച്ച് രണ്ടക്ഷരം പറഞ്ഞതിനാണ് മോദിഭക്തരുടെ പുകില്. വിജയ് ക്രിസ്ത്യാനിയാണെന്ന അത്യന്തം അപകടകരമായ വാദമുയര്‍ത്താനും ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ മേല്‍വിലാസം കൂട്ടെത്തുന്നു. ഇതേ സര്‍ക്കാരിന്റെ ആശ്രിതവല്‍സരായ സെന്‍സര്‍ ബോര്‍ഡ് കണ്ട് കയ്യൊപ്പിട്ട് അനുമതി നല്‍കിയ സിനിമയോടുള്ള ഈ കയ്യേറ്റം ശുദ്ധ തെമ്മാടിത്തമാണ്. തീയറ്ററുകളില്‍ ദേശസ്നേഹത്തിന്റെ വാറോലക്ക് ഒത്താശ പാടിയവര്‍, ഇനി നമ്മള്‍ എന്തുകാണണമെന്നും തീരുമാനിക്കുമ്പോള്‍ മിണ്ടാതിരിക്കുക വയ്യ.
വിജയ് എന്ന തമിഴ്സൂപ്പര്‍ താരത്തിന്റെ ഒരു ശരാശരി മാസ് മസാല ചിത്രമായ മെര്‍സലിനോടാണ് ബി.ജെ.പിയുടെ ഏറ്റവും പുതിയ യുദ്ധം. ദീപാവലിക്ക് റിലീസായ ചിത്രത്തിലെ രണ്ടേ രണ്ടു രംഗങ്ങളാണ് ബിജെപിയെ പ്രകോപിതരാക്കുന്നത്. ആ രണ്ടു രംഗങ്ങളേതെന്നു കേട്ടാല് ബി.ജെ.പിയെ പരിഹസിച്ചു ചിരിക്കാന് പോലും കഴിയാതെ നമ്മള് നിസംഗരായിപ്പോകും. ചിത്രത്തിന്റെ തുടക്കത്തില്‍ വടുവേലു തന്റെ കാലിയായ പേഴ്‌സ് തുറന്നുകാട്ടി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് നന്ദി പറയുന്ന രംഗമാണ് ഒന്ന്. വിജയ് അവതരിപ്പിക്കുന്ന നായകകഥാപാത്രം ഇന്ത്യയിലെയും സിംഗപ്പൂരിലെയും ജിഎസ്ടി താരതമ്യം ചെയ്യുന്നതാണ് രണ്ടാമത്തെ രംഗം. ഉയര്ന്ന ജി.എസ്.ടിയുള്ള ഇന്ത്യയില് ഏഴ് ശതമാനം മാത്രം ജിഎസ്ടിയുള്ള സിംഗപ്പൂരില് ലഭിക്കുന്ന അവകാശങ്ങള് പോലും ജനത്തിനു കിട്ടുന്നില്ലെന്നാണ് പരാമര്ശം. സംഗപ്പൂരില് കുറഞ്ഞ ചെലവില്‍ വൈദ്യസഹായം ലഭിക്കുമെന്നും എന്നാല്‍ 28 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമുള്ള സംഭാഷണമാണ് ഇത്. ക്ഷേത്രങ്ങള്ക്കു പകരം പള്ളികള് നിര്മിക്കണമെന്ന സംഭാഷണം വരെ ബി.ജെ.പിയെ പ്രകോപ്പിച്ചിരിക്കുന്നുവെന്നു കൂടി കേട്ടാലേ ഇന്നത്തെ ഇന്ത്യയില് ബി.ജെ.പി തിരഞ്ഞെടുക്കുന്ന വിഷയങ്ങളും അതിനു പിന്നിലെ ഉ്ദദേശവും വ്യക്തമാകൂ.
ഈ പരാമര്ശങ്ങള് വിജയ് യുടെ ബി.ജെ.പി. വിരുദ്ധരാഷ്ട്രീയമാണെന്നാരോപിച്ച് ആദ്യമെത്തിയത് പാര്ട്ടിയുടെ തമിഴ്നാട് അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ തന്നെയാണ്. പിന്നാലെ വര്ഗീയ പരാമര്ശങ്ങള്ക്കു പോലും മടിക്കാതെ കൂടുതല് ബി.ജെ.പി. നേതാക്കള് രംഗത്തെത്തി. ജോസഫ് വിജയ് എന്ന് വിജയ് യെ അഭിസംബോധന ചെയ്താണ് ബി.ജെ.പി. നേതാവ് രാജ വര്ഗീയാധിക്ഷേപത്തിനു മുതിര്ന്നത്. മോദി സര്‍ക്കാരിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് കാരണം വിജയുടെ മതവിശ്വാസമാണെന്നാണ് രാജയുടെ മുഖ്യ ആരോപണം. ക്ഷേത്രങ്ങള്‍ക്ക് പകരം ആശുപത്രികള്‍ നിര്‍മ്മിക്കണമെന്ന സംഭാഷണം പള്ളികളെക്കുറിച്ച് അദ്ദേഹം പറയുമോയെന്നും രാജ ചോദിച്ചു. ചിത്രത്തിനെതിരെ സംഘടിതമായ പ്രചാരണം നടത്തിയ ബി.ജെ.പി. പ്രതിഷേധത്തെത്തുടര്ന്ന് വിവാദ രംഗങ്ങള്‍ നീക്കം ചെയ്യാമെന്നു വരെ നിര്‍മ്മാതാവിനു സമ്മതിക്കേണ്ിട വന്നു. എന്നാല് തമിഴകമൊന്നാകെ മെര്സലിനു പിന്തുണയുമായി എത്തിയതോടെ ചിത്രം കീഴ്മേല് മറിഞ്ഞു. സിനിമയാണ്, കലയാണ്, കഥയാണ്. അതില് പരോക്ഷമായ ഒരു രാഷ്ട്രീയവിമര്ശനം പോലും സഹിക്കില്ലെന്ന ബി.ജെ.പി അജണ്ട രാജ്യമൊന്നാകെ ചര്ച്ചയിലെത്തിച്ചു മെര്സല്
ഒരര്‍ത്ഥത്തില്‍ എല്ലാം നല്ലതിനാണ്. താജ്മഹല്‍ പോലും വെട്ടി ഗോരഖ്പൂരിലെ ആശ്രമം വരെ തിരുകിക്കയറ്റി വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടിക അടിച്ചിറക്കുന്നുവരുടെ കയ്യിലാണല്ലോ ഭരണം കൊടുത്തതെന്ന് ജനം ചിന്തിച്ചുതുടങ്ങും. അല്ല അങ്ങനെ തുടങ്ങിയതുകൊണ്ടുതന്നെയാണ് രണ്ടുലക്ഷംഭൂരിപക്ഷത്തില്‍ സിറ്റിങ്ങ് സീറ്റെല്ലാം പ്രതിയോഗികളുടെ പാളയത്തിലെത്തുന്നത്. നിങ്ങള്‍ വച്ച 56 ഇഞ്ചുള്ള ആ ഒറ്റഫ്രെയിമെല്ലാം മടുക്കുന്നുണ്ട് ജനത്തിന്.